ഗജിനിയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നു: നയൻതാര
Mail This Article
സൂപ്പർ ഹിറ്റ് ചിത്രമായ ഗജിനിയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഗജിനിയിൽ അഭിനയിക്കാനുള്ള തീരുമാനം ഒരു വലിയ മണ്ടത്തരമായിരുന്നുവെന്ന് സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം തുറന്ന് പറഞ്ഞു. നായികയായ അസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാകും തന്റേതെന്നാണ് കരുതിയതെന്നും ചിത്രം കണ്ടപ്പോഴാണ് സത്യം മനസിലായതെന്നും നയൻതാര പറയുന്നു.
മെഡിക്കൽ വിദ്യാർഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്ക്കൊപ്പം താരം എത്തിയത്. എ.ആർ മുരുഗദോസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
ഈ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. എ.ആർ. മുരുഗദോസ് തന്നെ സംവിധാനം ചെയ്യുന്ന ദർബാറാണ് നയൻസിന്റെ റിലീസാകാനുള്ള ചിത്രമെന്നത് ഈ അഭിമുഖത്തിന് ശേഷം വലിയ ചർച്ച ആയിട്ടുണ്ട്. സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, ശ്രിയ സരൺ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജനുവരി 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക.