ഹൃദയം നിറയേ യൗവനം
Mail This Article
ജീവിച്ചിരിക്കുമ്പോൾ തന്നെ പുനർജന്മം! ആയുർവേദം ഇതിനെ കായകല്പം അഥവാ കുടിപ്രാവേശിക എന്നുപറയുന്നു. വളരെ സങ്കീർണവും അപകടംപിടിച്ചതും പിഴച്ചാൽ മരണം സംഭവിക്കുന്നതുമായ ഈ പുരാതന ചികിത്സാസമ്പ്രദായം അഷ്ടവൈദ്യന്മാർക്കേ അറിയൂ. മൂന്ന് അറകളുള്ള ത്രിഗർഭകുടിയിൽ 280 ദിവസം നീണ്ടു നിൽക്കുന്ന രസായനചികിത്സ പൂർത്തിയാവുമ്പോൾ ചികിത്സയ്ക്കു വിധേയനാകുന്ന വ്യക്തി പരിപൂർണമായും യുവാവായിമാറും എന്നാണു സങ്കല്പം.
ഇതിനെപ്പറ്റി എനിക്കുള്ള പ്രാഥമിക അറിവുകൾ വൈദ്യമഠം ബ്രഹ്മദത്തനിൽനിന്നു ലഭിച്ചിട്ടുള്ളതാണ്. അതിലേക്കു പിന്നെയും കൂട്ടിച്ചേർത്തു, മോഹൻലാൽ. 'ഇതൊരു വെറുതേ മരുന്നു കഴിക്കൽ മാത്രമല്ല, ശരീരസ്രോതസുകളെയെല്ലാം ശുദ്ധമാക്കണം. പ്രാർഥനയുണ്ട്, വ്രതമുണ്ട്. അങ്ങനെ പ്രോസസ് കുറേയുണ്ട്. ഒരു വൈദ്യനല്ല, കുറേപ്പേർ ചേർന്നാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു കുഞ്ഞു ജനിച്ചുവരുന്നതുപോലെയാണ്. വളരെ കെയർ കൊടുക്കണം.
ലാൽ കായകൽപ ചികിത്സയുടെ വിശദശാംശങ്ങളിലേക്കു കടന്നപ്പോൾ മനസ്സിൽ ഒരു സംശയം കിടന്നു പിടച്ചു. എവിടെയോ വായിച്ചിരുന്നു, ലാൽ കായകല്പചികിത്സ എടുക്കാൻ എപ്പോഴോ ശ്രമിച്ചിട്ടുണ്ട്. തുറന്നു ചോദിക്കാൻ മടിയുണ്ടായി. ഇപ്പോൾത്തന്നെ ഒരുപാടു സ്വാതന്ത്ര്യം തരുന്നുണ്ട്. എന്റെ മനസു വായിച്ചിട്ടോ എന്തോ അപ്പോൾ ലാൽ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു, 'കൂടുതൽ കാലം, ജരാനരകളില്ലാതെ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നത് നല്ലതാണ്, അതിന്റെ പ്രയോജനം കുറച്ചൊക്കെ മറ്റുള്ളവർക്കുകൂടി കിട്ടുമെങ്കിൽ. അതല്ലാതെ നമുക്കുവേണ്ട ി മാത്രമായിട്ടാണ് ജീവിക്കുന്നതെങ്കിൽ അനുവദിച്ചു കിട്ടിയ ആയുസ്സിൽ നിർത്താം, എക്സ്ടെൻഷനു പോകണ്ട !' ലാൽ അറുപതിൽ പ്രവേശിക്കുന്ന ഇൗ വേളയിൽ അദ്ദേഹം എന്നോടു പറഞ്ഞിട്ടുള്ളവയിലെ ഏറ്റവും സൗന്ദര്യമുള്ള ഒന്നായി ഇൗ വാക്യത്തെ ഞാൻ കരുതുന്നു. അതിൽ വിരിയുന്ന നിർമലതയെ കൊറോണക്കാലത്തും മലയാളികൾ കണ്ടു.
ചെറുപ്പമായിരിക്കുന്നതിനെപ്പറ്റി ലാൽ പലതവണ സംസാരിച്ചിട്ടുണ്ട്. അതിനെ ശാരീരികാവസ്ഥയായിട്ടല്ല ഒാരോ പ്രവൃത്തിയിലും ഉണ്ടായിരിക്കേണ്ട ഗുണമായി അദ്ദേഹം മനസ്സിലാക്കി. സൗഹൃദങ്ങളിലും കർമമണ്ഡലത്തിലും ഇൗ യൗവനാവസ്ഥയെ നിലനിർത്തി. അതിനാൽ അറുപതാം ജന്മദിനം ആഘോഷിക്കുന്ന സന്ദർഭത്തിലും കുട്ടികൾപോലും അദ്ദേഹത്തെ 'ലാലേട്ടാ' എന്നുതന്നെ വിളിക്കുന്നു. ലാലിനോടുള്ള സംബോധന 'ഏട്ടൻ' എന്നതിനപ്പുറത്തേക്കുനീട്ടുന്ന കാര്യം മലയാളി ഇതുവരെ ചിന്തിച്ചിട്ടില്ല.
അങ്ങനെ ചിന്തിക്കാനുള്ള സാധ്യത അടുത്തകാലത്തൊന്നും കാണുന്നുമില്ല. കലണ്ട റിലെ വർഷക്കണക്കുകളെ അപ്രസക്തമാക്കുന്ന ഇൗ മാജിക് വളരെ അപൂർവമായി മാത്രമേ സിനിമാലോകം കണ്ട ിട്ടുള്ളൂ. ദോഹയിൽ നടന്ന, ഞാനും സാക്ഷിയായ ഒരു മെഗാഷോ സവിശേഷമായി ഒാർക്കട്ടെ. സ്റ്റേജിൽ താരങ്ങൾ ഒരു ഹാസ്യപരിപാടി അവതരിപ്പിക്കുന്നു. പക്ഷേ ഉദ്ദേശിച്ച പഞ്ച് കിട്ടുന്നില്ല. അതിൽ മുകേഷ് ശകലം അസ്വസ്ഥനായി. സ്റ്റേജിൽ ലാലിന്റെ എൻട്രി വന്നു. ചെവി പൊളിക്കുന്ന കരഘോഷം. അപ്പോൾ ലാലിനെ നോക്കി മുകേഷിന്റെ ഒരു ഡയലോഗ്, 'ഇപ്പഴും സ്ട്രോങ്ങാണല്ലേ ?' സദസ്സിൽ വീണ്ടും വെടിക്കെട്ട്.
ലാൽ കൂടെക്കൂടെ ആവർത്തിക്കുന്ന ഒരു കാര്യമുണ്ട ്, 'ഒരു നടനായിരിക്കുമ്പോൾ മറ്റുള്ളവർക്കില്ലാത്ത ചില ഭാഗ്യങ്ങൾ കിട്ടും. പേരും പ്രശസ്തിയൊന്നുമല്ല. അതു നേടാൻ സിനിമാനടൻ ആകണമെന്നില്ല. രാഷ്ട്രീയത്തിലും മ്യൂസിക്കിലുമൊക്കെ എത്രയോ പേരുണ്ട്, ആക്ടേഴ്സിനേക്കാൾ പോപ്പുലാരിറ്റിയുള്ളവർ ! നടനുള്ള ഭാഗ്യം, അയാൾക്ക് ഒരു ജീവിതത്തിൽത്തന്നെ ഒരു പാടുപേരുടെ ജീവിതം അനുഭവിക്കാൻ അവസരം കിട്ടുന്നു.' ലാൽപറഞ്ഞ വരിയിലെ ഒരു പ്രത്യേക വാക്കിൽ എന്റെ ശ്രദ്ധ തടഞ്ഞു, 'ജീവിതം അനുഭവിക്കുക'. നടനെന്ന നിലയിൽ ലാലിനെ കൊടുമുടിയിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കുന്ന സിദ്ധി. ഇക്കാര്യം വിശദീകരിക്കേണ്ട തില്ല. അറിയാത്തതായി ആരുമില്ല.
കഴിഞ്ഞ ദിവസം എത്രയോ വർഷങ്ങൾകൂടി വീണ്ടും കണ്ട 'ഉയരങ്ങളി'ലെ പി.കെ.ജയരാജന്റെ കണ്ണുകളുടെ ചെറിയ ചലനങ്ങളിൽ പതുങ്ങിയിരിക്കുന്ന കൊടും ക്രൂരനായ മനുഷ്യൻ അക്കാര്യം ഒാർമിപ്പിക്കുകയും ചെയ്തു. അവിടെനിന്നു റഷീദിലേക്ക്, ഹരിദാസിലേക്ക്, മാതുപ്പണ്ട ാരത്തിലേക്ക്, രവിമേനോനിലേക്ക്, ബാലനിലേക്ക്, വിനോദിലേക്ക്, സത്യനാഥനിലേക്ക്. ജയകൃഷ്ണനിലേക്ക്, സേതുമാധവിനിലേക്ക്.
ഇടവും നേരവും അപ്രസക്തമാകുന്ന നിത്യവിസ്മയങ്ങളിലൂടെ ഇൗ ഒഴിവുദിനങ്ങളിൽ ഒരിക്കൽ കൂടി സഞ്ചരിക്കുമ്പോൾ ലാൽ, ഭരത് ഗോപിയെ ചേർത്തുപിടിച്ചുകൊണ്ട് പിന്നെയും പറയുന്നു, 'അനുഭവങ്ങൾ നടനിലൂടെ ഒരു പ്രത്യേക സന്ദർഭത്തിൽ പുറത്തുവരുന്നതാണ്. അതിനെപ്പറ്റി അയാൾക്ക് എപ്പോഴും ബോധ്യം ഉണ്ട ായിരിക്കണം എന്നില്ല.' ഇതിന്റെ തെളിവായി പറയാം, ഒ.വി. വിജയൻ ഇരുന്നുറ്റി മുപ്പത്തെട്ടു പേജുകളിലായി എഴുതിവച്ച ഇതിഹാസകഥയിലെ ഒരു കഥാപാത്രത്തെ, മനോരമയുടെ 'കഥയാട്ട'ത്തിനുവേണ്ടി ലാൽ എട്ടരമിനിട്ടിൽ സമ്പൂർണനാക്കിയപ്പോൾ, ഖസാക്കിലെ നായകൻ രവിയല്ലാതാവുകയും ആ സ്ഥാനം അള്ളാപ്പിച്ചാ മൊല്ലാക്ക കൊണ്ട ുപോകുകയും ചെയ്തു!
ലാൽ 'പ്രണയ'ത്തിലെ ഫിലോസഫി പ്രൊഫസർ മാത്യുസായി മാറിയ ദിവസങ്ങളിൽ മിക്കവാറും ഞാനും സെറ്റിലുണ്ടായിരുന്നു. ആ വയസ്സൻ വേഷത്തിനു മുന്നിൽനിന്നുകൊണ്ട് ഞാൻ ചോദിച്ചു, ഇപ്പോൾ മനസ്സിൽ എത്ര പ്രായമുണ്ട ്? 'ഒരു ഇരുപത്തിരണ്ട ് -ഇരുപത്തിമൂന്ന്.' ഉടൻ മറുപടി. ബ്ലെസ്സി അതുകേട്ടു, 'അവിടെ നിൽക്കട്ടെ! അതിലും മുകളിലോട്ടു പോകണ്ട . എന്നാലേ പ്രേമത്തിൽ ഒരു ഫയർ ഉള്ളൂ.' പക്ഷേ എഴുപതുകളിലും അണയാതെ തിരിതെളിഞ്ഞു നിൽക്കുന്ന പ്രണയമാണ് അവർ രണ്ട ുപേരുംചേർന്ന് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ലാലിൽ കാണുന്ന, ഒരു മാത്രപോലും സാന്ദ്രത കുറയാത്ത യൗവനത്തിനു പിന്നിലെ രഹസ്യവും ഇതേ പ്രണയഭാവമാണ്. ലാൽ പറയും,"നമുക്ക് ഇഷ്ടമുള്ളതിനോടെല്ലാം തോന്നുന്ന ആകർഷണമാണ് പ്രണയം. എന്തിനോടുമാകാം. ഒരു ഉദാഹരണം പറഞ്ഞാൽ..' ലാൽ ആലോചിക്കാൻ അധികനേരമൊന്നും എടുത്തില്ല. അദ്ദേഹം അപ്പോൾ കേട്ടുകൊണ്ട ിരുന്ന, എം.ജി.ശ്രീകുമാർ അയച്ചുകൊടുത്ത, ബാലമുരളീകൃഷ്ണ പാടിയ രാഗേശ്രീ രാഗത്തിൽ എത്തി. "കുറച്ചു ദിവസമായി ഞാൻ ഇൗ രാഗേശ്വരിയുമായി കടുത്ത പ്രണയത്തിലാണ്.' ലാലിന്റെ കണ്ണിറുക്കലിനെ വ്യാഖ്യാനിക്കാൻ ഞാനും പോയില്ല.
അറുപത്തിലേക്കുള്ള പ്രവേശനം മോഹൻലാലിലെ കലാകാരനിൽ ഒരു വ്യതാസവും ഉണ്ട ാക്കുന്നില്ല. ഇരുപത്തിരണ്ടാം വയസ്സിൽ 'ശേഷം കാഴ്ച'യിൽ സബ് ഇൻസ്പെക്ടർ മോഹനായി അഭിനയിച്ചപ്പോൾ ആ പ്രായത്തിൽ കേരളത്തിൽ ഒരു ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല, ഇന്നും ഇല്ല. മണ്ണിനോടു മല്ലിടുന്ന എഴുപത്തഞ്ചുകാരൻ ശൂരനാട് കുഞ്ഞായി വേഷമിട്ടപ്പോൾ ലാലിനു നാല്പത്തഞ്ചു തികഞ്ഞിട്ടില്ല. ഇതിനു തുടർച്ചയായി ഇനിയും എത്ര കഥാപാത്രങ്ങളെ വേണമെങ്കിലും ചൂണ്ട ിക്കാണിക്കാം. ഭാവിയിൽ ലാൽ അവതരിപ്പിക്കാനിരിക്കുന്ന കഥാപാത്രങ്ങളിലും നിറയേ ഉദാഹരണങ്ങൾ ഉണ്ടാകും.
സത്യത്തിൽ പ്രായത്തിന്റെ പരിധിക്കപ്പുറം ഏതു പ്രായക്കാർക്കും സ്വന്തം അനുഭവത്തോടു ഘടിപ്പിക്കാവുന്നതരത്തിൽ വേഷങ്ങൾ ചെയ്യുന്നുവെന്നതാണ് ലാലിനെ പ്രിയങ്കരനാക്കുന്ന രഹസ്യം. ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടുകൊണ്ട് കേവലം ഒരു നടനപ്പുറമുള്ള പച്ചയായ ജീവിതവും അദ്ദേഹം ജീവിക്കുന്നു. അതിൽ സ്വാഭാവികമായും വ്യക്തിപരങ്ങളായ കാഴ്ചപ്പാടുകൾ കടന്നുവരുന്നുണ്ട്. വളരെ സെൻസിറ്റീവായ കേരളസമൂഹം ചിലതിനോടൊക്കെ രൂക്ഷമായി പ്രതികരിക്കുന്നു. ചിലതിനെ ആഘോഷപൂർവം സ്വീകരിക്കുന്നു. രണ്ടിനോടും ലാലിനുള്ള മനോഭാവം വ്യത്യസ്ഥമായിരിക്കില്ല. അത്രയും ഉറപ്പിച്ചെഴുതാൻ ലാലുമായുള്ള നേർത്തതെങ്കിലും ദ്യഢതയുള്ള ഹൃദയബന്ധം എനിക്കു ധൈര്യം തരുന്നു.
അറുപതാം പിറന്നാൾ അഥവാ ഷഷ്ട്യബ്ദപൂർത്തി ലാലിൽ ഒരു ചലനവും ഉണ്ടാക്കാതെ കടന്നുപോകും. അന്നേ ദിവസം ജീവിതത്തെപ്പറ്റി ദാർശനികഭംഗിയുള്ള ചില വാക്കുകൾ അദ്ദേഹം നിശ്ചയമായും പറയും, എഴുതും. അതിനു പ്രായവുമായി പ്രത്യേക ബന്ധം ഉണ്ട ാവുകയില്ല എന്നുള്ളതാണ് സത്യം. അടുത്തു നിൽക്കുന്നവർക്കു തീർച്ചയായും അതു തിരിച്ചറിയാൻ കഴിയും. കാരണം ലാലിന്റെ സിനിമാജീവിതത്തിലെ രണ്ടു പ്രധാന ചരിത്രസംഭവങ്ങൾ ഇനിയും തുടക്കം കുറിക്കാനിരിക്കുകയല്ലേ- അദ്ദേഹം സംവിധാനം ചെയ്യുന്ന 'ബറോസ് ', പിന്നെ എം.ടി.യുടെ 'രണ്ടാമൂഴം'. ഇവ രണ്ടും ലാലിന്റെ പ്രായത്തെ പിന്നെയും പുറകിലേക്കു കൊണ്ടുപോകുകയേയുള്ളൂ. ഇതെഴുതുമ്പോൾ മറ്റൊരു സ്മൃതികൂടി മനസിലേക്കു വരുന്നു.
ചേർത്തലയിൽ 'ബിഗ് ബ്രദറി'ന്റെ ഷൂട്ടിങ് കഴിഞ്ഞശേഷം ഞങ്ങൾ തിരിച്ചുവരികയാണ്. അമ്മയെ കാണാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം എളമക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. അമ്മയെ കണ്ടു, നമസ്കരിച്ചു. ലാലിനു മറ്റു തിരക്കുകൾ കുറവായതിനാൽ അല്പനേരം മുറിയിലിരുന്നു സംസാരിക്കാൻ സാധിച്ചു. സിനിമകളുടെ ഓളത്തിരയിൽവ്യക്തിപരങ്ങളായ പാഷനുകൾക്കുവേണ്ട സമയം നഷ്ടപ്പെടുന്നതായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു.
പക്ഷേ എനിക്കപ്പോൾ തോന്നിയതു മറിച്ചായിരുന്നു. ഏത് ആൾത്തിരക്കിനിടയിലും ഏകാന്തതയുടെ തുരുത്തു നിർമിക്കാൻ ലാലിനു കഴിയുന്നുണ്ട്. ഏത് ശബ്ദസ്ഫോടനത്തിനു നടവിലും ഒരു ധ്യാനബിന്ദു കണ്ടെടുക്കാൻ കഴിവുണ്ട്. ഏത് അവ്യവസ്ഥകൾക്കുള്ളിലും ഒരു ലയം പിടിച്ചെടുക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഇക്കാര്യം ഞാൻ അപ്പോൾ ലാലിനോടു പറഞ്ഞില്ല, പക്ഷേ ഇപ്പോൾ പറയുന്നു, പ്രിയ സ്നേഹിതന് അറുപതിന്റെ നിറവുകൾ പ്രാർഥനാപൂർവം ആശംസിച്ചുകൊണ്ട്.