ADVERTISEMENT

സൂര്യ നായകനായ തമിഴ് ചിത്രം ജയ്ഭീമിനെതിരയുള്ള പരാതിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. സിനിമയുടെ നിർമാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. തമിഴ്‌നാട്ടിലെ ജാതി-പൊലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ സൂര്യയും ജ്യോതികയും കോടതിയില്‍ ഹാജരായിരുന്നില്ല.

 

നേരത്തെ സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നൈ ഹൈക്കോടതിയുടെ നടപടി. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതി നല്‍കിയത്. ജയ് ഭീമിന്റെ റിലീസ് സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണം, ജയ് ഭീം ടീം മാപ്പ് പറയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വണ്ണിയാര്‍ സംഘം സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു.

 

സിനിമയില്‍ ഇരകളാക്കപ്പെടുന്നവരെ മര്‍ദ്ദിക്കുന്ന ഇന്‍സ്‌പെക്ടറുടെ പേര് ഗുരുമൂര്‍ത്തി എന്നാണ്. വണ്ണിയാര്‍ സമുദായ നേതാവിന്റെ പേരും ഗുരുമൂര്‍ത്തി എന്നാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വമാണ് ഈ പേര് ഉപയോഗിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ക്രൂരനായ പൊലീസുകാരന്‍ യഥാർഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.

 

സൂര്യയും ജ്യോതികയും നയിക്കുന്ന 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ജയ് ഭീം നിര്‍മിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമുദായ നേതാക്കളുടെ ആവശ്യം. ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നല്‍കുകയും ചെയ്യാനാണ് സിനിമ ഒരുക്കിയതെന്ന്  സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രതികരിക്കുകയും ചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com