‘വാരിസ്’ കേരളത്തിൽ നിന്നും വാരിയത് 4 കോടി; ‘തുനിവ്’ vs ‘വാരിസ്’ ബോക്സ് ഓഫിസ് റിപ്പോർട്ട്
Mail This Article
ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു വാരിയെന്നാണു വിലയിരുത്തൽ.
കേരളത്തിൽ നിന്നും നാല് കോടിയാണ് വാരിസ് ആദ്യ ദിനം വാരിയത്. കർണാടകയിൽ നിന്നാകട്ടെ 5.65 കോടിയും. അജിത് ചിത്രം തുനിവിന്റെ കേരള കലക്‌ഷൻ പുറത്തുവന്നിട്ടില്ല. അതേസമയം തമിഴ്നാട്ടിൽ നിന്നും ഇരു ചിത്രങ്ങളും ആദ്യ ദിനം 20 കോടിക്കു മുകളിൽ കലക്ട് ചെയ്തിട്ടുണ്ടെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
നീണ്ട 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ‘തല’ അജിത്തിന്റെയും ‘ദളപതി’ വിജയിന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. ഒടുവിൽ ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തതു 2014 ൽ; വിജയിന്റെ ‘ജില്ല’, അജിത്തിന്റെ ‘വീരം.’ തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവ അവധിക്കാലം മുന്നിൽക്കണ്ടാണ് ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്തത്. കേരളത്തിൽപ്പോലും പുലർച്ചെ ഒന്നു മുതൽ പ്രത്യേക ഫാൻസ് ഷോകൾ അരങ്ങേറി. കേരളത്തിൽ വാരിസ് 400 സ്ക്രീനുകളിലാണു റിലീസ് ചെയ്തത്; തുനിവ് 250 സ്ക്രീനുകളിലും.
ഇരു ചിത്രങ്ങളും ചേർന്ന് 8 കോടിയിലേറെ രൂപ ആദ്യ ദിന കലക്‌ഷൻ നേടിയെന്നാണു വിലയിരുത്തൽ. മുംബൈയിൽ പുലർച്ചെ 3 നു വാരിസ് ഫാൻസ് ഷോ അരങ്ങേറി. ദക്ഷിണേന്ത്യൻ സിനിമകൾക്കു വടക്കേ ഇന്ത്യയിലും ആരാധകർ ഏറുന്നതിന്റെ മറ്റൊരു സാക്ഷ്യം. 13 –ാം വട്ടമാണ് അജിത്–വിജയ് ചിത്രങ്ങൾ നേർക്കു നേർ ഏറ്റുമുട്ടുന്നത്.
1996 ലായിരുന്നു ആദ്യ പോര്. വിജയിന്റെ കോയമ്പത്തൂർ മാപ്പിളൈയും അജിത്തിന്റെ വാൻമതിയും. രജനി – കമൽ യുഗത്തിനു ശേഷം തമിഴകത്തെ താര ദ്വയമായി ഇവർ മാറിയതു പിൽക്കാല ചരിത്രം. വംശിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിജയിന്റെ 66–ാമത്തെ ചിത്രം. നായിക രശ്മിക മന്ദാന. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ സിനിമകൾക്കു ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ. അഞ്ച് ഭാഷകളിലാണു റിലീസ്. മഞ്ജു വാരിയരാണു നായിക.