‘കടവി’ലെ നായിക ഇന്ന് ഡോക്ടർ
Mail This Article
കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രമായ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട എം.ടി.വാസുദേവൻനായർക്ക് നവതി ആശംസകൾ നേരുകയാണ് ഓർമകളിലെ ഒരു പെൺകുട്ടി. ‘കടവ്’ സിനിമയിൽ നായികയായ ബാലതാരമായെത്തിയ ആ പെൺകുട്ടി. ‘കടവ്’ സിനിമ പുറത്തിറങ്ങിയിട്ട് നീണ്ട മുപ്പത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഭാഗ്യരൂപയെന്ന ആ പെൺകുട്ടി ഇതാ ഇന്ന് ഈ നഗരത്തിലുണ്ട്. അന്നത്തെ ബാലതാരമായ ഭാഗ്യരൂപ ഇന്ന് ഡോക്ടറാണ്. ബീച്ച് ജനറൽ ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫിസറാണ് (ആർഎംഒ) ഇന്ന് ഡോ. കെ.ഭാഗ്യരൂപ.
സെന്റ്ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് ഭാഗ്യരൂപ. ഗുജറാത്തി സ്ട്രീറ്റിൽ താമസിച്ചിരുന്ന കൊടപ്പള്ളിൽ ശിവദാസന്റെയും പത്മിനിയുടെയും മകൾ. നൃത്തത്തിൽ മിടുക്കി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ശിഷ്യയായി ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവുമൊക്കെ ഭാഗ്യരൂപ പഠിക്കുന്നുണ്ടായിരുന്നു. സ്കൂളിലെ കലോത്സവങ്ങളിലും മത്സരങ്ങളിലുമൊക്കെ നൃത്തത്തിൽ താരമായിരുന്നു ഭാഗ്യരൂപ. അക്കാലത്താണ് കലാമണ്ഡലം സരസ്വതി തന്റെ നൃത്തവിദ്യാലയമായ നൃത്താലയ ചാലപ്പുറത്തെ പുതിയൊരു മന്ദിരത്തിലേക്ക് മാറ്റിയത്. നൃത്താലയയുടെ ഉദ്ഘാടനത്തിന് ഭാഗ്യരൂപയും നൃത്തം ചെയ്തിരുന്നു.
ചടങ്ങിൽ പങ്കെടുത്ത എംടി ‘ ഏതാണ് ആ പെൺകുട്ടി’ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മനസ്സിൽ കടവിലെ കേന്ദ്രകഥാപാത്രമായ പെൺകുട്ടിയുടെ രൂപസാദൃശ്യമുള്ളതു കൊണ്ടാവാം തന്നെ അദ്ദേഹം ശ്രദ്ധിച്ചതെന്ന് ഭാഗ്യരൂപ പറഞ്ഞു. എംടി ആവശ്യപ്പെട്ടതു പ്രകാരം അച്ഛനുമമ്മയ്ക്കുമൊപ്പം ഭാഗ്യരൂപ അദ്ദേഹത്തെ കാണാൻ ചെന്നു. അങ്ങനെ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നിത്യരോഗിയായ അമ്മയുമായി കടവു കടന്ന് എന്നും ഡോക്ടറെ കാണാൻപോവുന്ന പെൺകുട്ടിയുടെ വേഷമാണ് ഭാഗ്യരൂപ ചെയ്തത്. അമ്മയുടെ മരണശേഷം കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് താമസം മാറുന്ന പെൺകുട്ടിയെ അന്വേഷിച്ച് അവളുടെ പാദസരവുമായി രാജുവെന്ന കടത്തുകാരൻ പയ്യൻ വരുന്നതാണ് കടവിന്റെ കഥ. തനിക്ക് അവനെ അറിയില്ലെന്ന് മുഖമടച്ച് ആ പെൺകുട്ടി പറയുന്നിടത്താണ് സിനിമ തീരുന്നത്. എംടിയുടെ നാടായ കൂടല്ലൂരിൽ വച്ചായിരുന്നു ചിത്രീകരണമെന്ന് ഭാഗ്യരൂപ പറഞ്ഞു.
സിനിമ പുറത്തുവന്നത് 1991ലാണ്. അപ്പോഴേക്ക് പത്താംക്ലാസിന്റെ പഠനത്തിരക്കിലായി. ഏറെ സിനിമകളിലേക്ക് വിളി വന്നെങ്കിലും ഭാഗ്യരൂപ പോയില്ല. പിന്നീട് ഒന്നുരണ്ടു തവണ എംടിയെ നേരിട്ടുകണ്ടുവെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും ഭാഗ്യരൂപ പറഞ്ഞു.
നാടൊട്ടുക്ക് എംടിയുടെ നവതി ആഘോഷങ്ങൾ നടന്നത് ജൂലൈ രണ്ടാംവാരത്തിലാണ്. ജൂലൈ 17നാണ് ആർഎംഒ ആയി സ്ഥലംമാറ്റവുമായി ഭാഗ്യരൂപ ബീച്ച് ജനറൽ ആശുപത്രിയിലേക്കെത്തിയത്.