ADVERTISEMENT

ഒരു നഗരത്തിന്റെ സ്വഭാവത്തെ മാറ്റിയെഴുതുക കൂടിയാണ് രാജ്യാന്തര ചലച്ചിത്രമേള. ഒരാഴ്ചക്കാലം മറ്റ് എവിടെയും ലഭിക്കാത്ത സ്വാതന്ത്ര്യം അനുഭവിക്കാൻ കൂടിയാണ് ചെറുപ്പക്കാർ ഇന്ന് ചലച്ചിത്രമേളയിലേക്ക് എത്തുന്നത്. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് സ്റ്റുഡൻ്റ് പാസ്സ് കൈപ്പറ്റിയത്. ഇന്നത്തെ യുവത്വം സിനിമ കാണുന്നതും സിനിമ എടുക്കുന്നതും എങ്ങനെയാണ് എന്ന് അറിയാൻ കൂടിയുള്ള വേദിയാണ് ചലച്ചിത്രമേള. 

മലയാള സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച പല സിനിമകളും യുവാക്കളുടെതാണ്. അവർ എങ്ങനെയൊക്കെ കാലത്തിനോട് കലഹിക്കുന്നു എന്ന് അവരുടെ സിനിമകളിൽ നിന്നും വ്യക്തവും. ആ സിനിമകളെ ഉൾപ്പെടുത്താനുള്ള ജൂറിയുടെ തീരുമാനം അഭിനന്ദിക്കാതെ വയ്യ. അതിൻറെ ചലച്ചിത്ര ഭാഷയിൽ ചിലപ്പോൾ ചില പോരായ്മകൾ കണ്ടേക്കാം. പക്ഷേ അതിനുമപ്പുറം അവരുടെ കലഹങ്ങൾ, അവരുടെ ശ്രമങ്ങൾ...അതിന് ഇവിടെയല്ലാതെ മറ്റ് എവിടെയാണ് നാം വേദിയൊരുക്കേണ്ടത്. സിനിമ കാണാൻ എത്തുന്നവരുടെ സ്വാതന്ത്ര്യ ബോധത്തെ വിദ്യാഭ്യാസം ചെയ്യുക കൂടിയാണ് ഇത്തരം മേളകൾ. 

iffk-32

വിരലിൽ എണ്ണാവുന്ന സിനിമകൾക്ക് മാത്രമായി വലിയ ക്യൂ ഇല്ല. എല്ലാവരും സിനിമ കാണുന്നു. എല്ലാ തീയറ്ററിലും തിരക്ക്. സിനിമ കണ്ടിറങ്ങുമ്പോൾ എല്ലാവരും സംതൃപ്തർ. ഇരുപത്തിയെട്ടാമത് രാജ്യാന്തര മേളയിലെ ജനപങ്കാളിത്തം ഇത്തവണ അല്പം കൂടി വ്യത്യസ്തമാണ്. പോയ വർഷങ്ങളിൽ നിന്നും വിഭിന്നമായി കൂടുതൽ നിലവാരമുള്ള സിനിമകൾ ആണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ഫീമെയിൽ ഗേസ്, മാസ്റ്റേഴ്സ് മൈൻഡ്, ഡി കോളനൈസിങ് മൈൻഡ്, എന്നിങ്ങനെ നിരവധി പാക്കേജുകളാണ് ഇത്തവണ ഉള്ളത്.

കഴിഞ്ഞവർഷത്തേത് പോലെ ടാഗോറിലെ  തിരക്കുകൾ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. എല്ലാവർക്കും സമാധാനമായി സിനിമ കാണാം. നൈറ്റ് ലൈഫ് ആസ്വദിക്കാൻ എത്തുന്നവർക്ക് മാനവീയത്തിൽ പോകാം. ഇത്തവണത്തെ സാംസ്കാരിക പരിപാടികൾ എല്ലാം തന്നെ മാനവീയത്തിൽ ആയിരുന്നു ഒരുക്കിയിരുന്നത്. കേരളീയം മുതൽ തന്നെ മാനവീയത്തിലേക്ക് കൂടുതൽ കാഴ്ചക്കാരെ ക്ഷണിക്കുകയുണ്ടായി. 

iffk-45

ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ലോക സിനിമാ വിഭാഗം വളരെയധികം പ്രശംസ നേടിയിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾക്ക് മാത്രം വലിയ തിക്കും തിരക്കും ഉണ്ടായിരുന്ന മുൻ വർഷങ്ങളിലെ ചലച്ചിത്രമേളയിൽ നിന്നും ഇത്തവണത്തെ മേള വ്യത്യസ്തമാകുന്നത് അവിടെയാണ്. എല്ലാ തിയേറ്ററുകളും നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശിപ്പിച്ചു.. ഇത്തവണ സിനിമ കാണാൻ കഴിയാതെ പോയതിൽ പരാതി പറഞ്ഞത് അപൂർവമായി മാത്രം.

ടാഗോറിൽ വെറുതെ നടന്നിരുന്ന ചലച്ചിത്ര പ്രേമികളെ കാണാനുമില്ല.പാട്ട് പാടണം എന്ന് തോന്നിയാൽ അവർ എവിടെയെങ്കിലും ഒപ്പം ഇരുന്ന് പാടും. കേൾക്കണമെന്ന് തോന്നിയാൽ മാനവീയത്തിൽ പോകും. അതും കഴിഞ്ഞ് രാത്രി മാത്രം ഉണരുന്ന  നിശാഗന്ധിയിലെത്തും. അവിടെ നിറഞ്ഞ സദസ്സിൽ സിനിമകൾ കാണും. ചിലപ്പോൾ പുൽത്തകിടിയിൽ കിടന്ന് ആകാശത്തേക്ക് നോക്കി സിനിമ സ്വപ്നം കാണും. സദാചാര വാദികളെയോ പിന്തിരിപ്പന്മാരെയോ കാണാനില്ല. നിരത്തുകളിൽ ഇറങ്ങി ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും. ചിലപ്പോൾ കയ്യിൽ പിടിച്ചിരിക്കും ചിലപ്പോൾ ചേർന്ന് നടക്കുന്ന കമിതാക്കളും ഉണ്ടാകും.

രാത്രിയെ ഭയമില്ല... നോട്ടങ്ങളെ ഭയമില്ല...ഈ ഒരാഴ്ചക്കാലം സ്വതന്ത്രമായി തലസ്ഥാന നഗരിയിൽ അവർ നടക്കും. അപ്പോളവർ അന്നേദിവസം കണ്ടു പോയ ഏതെങ്കിലും ഒരു സിനിമയുടെ ഏതെങ്കിലും ഒരു വരിയിൽ പെട്ടു പോയിരുന്നിരിക്കും. അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു കാഴ്ചയിൽ നിന്നും കണ്ണെടുക്കാനാവാതെ തിയേറ്ററിനുള്ളിലെ ആ കസേരയിൽ തന്നെ മനസ്സിനെ ഇരിപ്പിച്ചിട്ടുണ്ടാവും. 

English Summary:

IFFK Celebration Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com