ADVERTISEMENT

സെറ്റിലെ ചീത്ത വിളികൾ പ്രോത്സാഹിപ്പിക്കാറില്ലെന്ന് ബിജു മേനോൻ. സംവിധായകൻ ചീത്ത വിളിക്കുന്നത് അഭിനയത്തെ ബാധിക്കും. ഏതൊരു ആർടിസ്റ്റിനെയും ചീത്തയോ വഴക്കോ പറയുന്നതിനെ ഞാനൊരിക്കലും പ്രോൽസാഹിപ്പിക്കാറില്ല. അത്തരം ബഹളങ്ങൾ സ്വാഭാവികമായും മൂഡിനെ ബാധിക്കുമെന്ന് ബിജു മേനോൻ മനോരമ ഓൺലൈനോട് പറഞ്ഞു. നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബിജു മേനോൻ ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം, സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്നും സെറ്റിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. സെറ്റിൽ ദുരനുഭവം നേരിടേണ്ടി വന്നതിനെ തുടർന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നിയമനടപടിക്ക് ഒരുങ്ങിയതുമായി ബന്ധപ്പെട്ട വിഷയം പ്രതിപാദിച്ചപ്പോഴായിരുന്നു താരങ്ങളുടെ പ്രതികരണം. 

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും മുതിർന്ന സംവിധായകരുടെ ചീത്ത വിളികൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ബിജു മേനോൻ പറയുന്നു. "സംവിധായകൻ ചീത്ത വിളിക്കുന്നത് അഭിനയത്തെ ബാധിക്കും. തുടക്കകാലത്ത് പ്രത്യേകിച്ചും. ഏതൊരു ആർടിസ്റ്റിനും അങ്ങനെയാണെന്നാണ് എനിക്കു തോന്നുന്നത്. ക്യാമറയുടെ മുൻപിൽ നിൽക്കുന്നത് വേറൊരു മൂഡിലാണ്. ആ സമയത്ത് വളരെ ഇമോഷനൽ ആയിരിക്കും. തെറി വിളികൾ വേദനിപ്പിക്കും. പണ്ട് അങ്ങനെയൊക്കെ ഉണ്ടാകാൻ കാരണമുണ്ട്. അന്ന് സിനിമ ഷൂട്ട് ചെയ്തിരുന്നത് ഫിലിമിൽ ആണ്. അതിനു ചിലവു കൂടുതലാണ്. അങ്ങനെ പെട്ടെന്നൊരു പ്രകോപനത്തിലാകും സംവിധായകൻ ചൂടാവുന്നത്. ഇന്ന് അങ്ങനെയല്ല. ഒരുപാട് സമയമുണ്ട്. സിനിമ ഡിജിറ്റൽ ആയി. ചർച്ച ചെയ്യാൻ സമയമുണ്ട്. അന്നതിന് സമയമില്ല. സീനിയർ സംവിധായകരോട് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമില്ല. ആദരവു കലർന്ന അകൽചയുണ്ടാകും," ബിജു മേനോൻ ഓർത്തെടുത്തു. 

സെറ്റിൽ ഏതൊരു ആർടിസ്റ്റിനെയും ചീത്തവിളിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലെന്ന് ബിജു മേനോൻ വ്യക്തമാക്കി. "സെറ്റിലെ അത്തരം ബഹളങ്ങൾ സ്വാഭാവികമായും മൂഡിനെ ബാധിക്കും. പുതിയ ആളുകൾ ആണെങ്കിൽ അവർ വളരെ ഡൗൺ ആകും. അവരുടെ ഔട്ട്പുട്ടിന്റെ വളരെ കുറച്ചെ കിട്ടുകയുള്ളൂ," ബിജു മേനോൻ ചൂണ്ടിക്കാട്ടി. 

ലിജി പ്രേമൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Photo: Special Arrangement)
ലിജി പ്രേമൻ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Photo: Special Arrangement)

സംവിധായൻ രതീഷ് ബാലകൃഷ്ണ പൊതുവാളുമായി ബന്ധപ്പെട്ട വിഷയം അറിഞ്ഞിരുന്നെന്നും എന്നാൽ തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി. രതീഷിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മദനോൽസവം എന്നീ ചിത്രങ്ങളിൽ സുരാജ് ആയിരുന്നു നായകൻ. "രതീഷിൽ നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ അഭിനയിക്കുമ്പോഴൊക്കെ വളരെ കംഫർട്ട് ആയിരുന്നു. എന്റെ മുൻപിൽ വച്ച് അങ്ങനെ സംഭവിച്ചതായി ഓർക്കുന്നില്ല," സുരാജ് അഭിമുഖത്തിൽ പറഞ്ഞു. 

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ സെറ്റിൽ പെരുമാറുന്നത് വേലക്കാരിയോടെന്ന പോലെയാണെന്നും വലിയ മാനസികപീഡനമാണ് നേരിടേണ്ടി വന്നതെന്നും വെളിപ്പെടുത്തി 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ രംഗത്തു വന്നിരുന്നു. സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ലിജിയുടെ പേര് ഒഴിവാക്കിയതും വിവാദമായിരുന്നു. സെറ്റിൽ നേരിട്ട മാനസിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നൽകിയ പരാതിയിൽ വാസ്തവം ഉണ്ടെന്നും ഒട്ടും സൗഹാർദ്ദപരമല്ല സംവിധായകന്റെ ഇടപെടലെന്നും നിർമാതാക്കളുടെ സംഘടനയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. 

English Summary:

Biju Menon and Suraj Venjaramood responds to Rathessh Balakrishnan Poduval controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com