ഇന്ത്യനെ 'ഡേർട്ടി' ആക്കേണ്ടെന്ന് സെൻസർ ബോർഡ്; കത്രിക വച്ചത് 5 ഇടങ്ങളിൽ
Mail This Article
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശങ്കർ–കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ന് യു/എ സർട്ടിഫിക്കറ്റ് നൽകി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. മൂന്നു മണിക്കൂർ നാലു സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിൽ അഞ്ചു മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് നിർദേശിച്ചു.
സിനിമയിലെ സംഭാഷണങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ‘ഡേർട്ടി ഇന്ത്യൻ’ പ്രയോഗം നീക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. അതുപോലെ 'കൈക്കൂലി ചന്ത' എന്ന പ്രയോഗവും സംഭാഷണങ്ങളിൽ നിന്നു നീക്കം ചെയ്യണം. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലിപ്പം കൂട്ടാനും നിർദേശമുണ്ട്. കൂടാതെ, ഡയലോഗുകളിലെ ചില അശ്ലീല പരാമർശങ്ങളും നീക്കം ചെയ്യണം. പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻഒസി നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
200 കോടിയാണ് പുതിയ സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. എസ്.ജെ. സൂര്യ, രാകുൽപ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. ചിത്രം ജൂലൈ 12ന് പ്രദർശനത്തിനെത്തും.