ADVERTISEMENT

ദേശീയ-സംസഥാന അവാർഡ് ജേതാവായ പ്രശസ്ത സിനിമാ സംവിധായകൻ, മനസ്സിൽ ഇപ്പോഴും ചെറുപ്പമുള്ള പി. ചന്ദ്രകുമാർ എന്ന ഞങ്ങളുടെ സ്വന്തം ചന്ദ്രേട്ടന് കഴിഞ്ഞ ദിവസം എഴുപത് വയസ്സായി. ജോൺ പോൾ സാറിലൂടെയാണ് ഞാൻ കെ.ജി. ജോർജ് സാറിലേക്കും മോഹൻ സാറിലേക്കും എനിക്ക് സാറല്ലാത്ത ചന്ദ്രേട്ടനിലേക്കും എത്തപ്പെട്ടത്. ഞങ്ങളെല്ലാവരും ഒരൽപം മിനിങ്ങിയിരുന്ന ഏതോ രാവിൽ സിനിമയെന്ന സങ്കീർണതയെക്കുറിച്ച് വേവലാതിപ്പെട്ട എന്നോട് ചന്ദ്രേട്ടൻ വളരെ ലാഘവത്തോടെ പറഞ്ഞത് ഏകദേശം ഇങ്ങിനെയായിരുന്നു. ‘‘കാട്, മരം, പെൺകുട്ടി, പാമ്പ്, ഭസ്മം, കുങ്കുമം ഇത്രേം മതി നമുക്ക് കഥയുണ്ടാക്കാം പക്ഷെ ഒരു കഥ ക്യാമറയിലൂടെ എടുക്കാനുള്ള വിവേകവും ബുദ്ധിയും അറിവും വേണം സിനിമയ്ക്ക്.’’

പൊലീസ് ഉദ്യോഗസ്ഥനും അറിയപ്പെടുന്ന വിഷവൈദ്യനുമായിരുന്ന കുമാരൻ നായരുടെ മകനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ച കഥകളി ഭ്രമക്കാരനായിരുന്ന ചന്ദ്രകുമാർ വാസു ഫിലിംസ് കമ്പനി, വാസു സ്റ്റുഡിയോ എന്നിവയുടെ ഉടമയായിരുന്ന വാസുമേനോൻ വിഷബാധയേറ്റപ്പോൾ ചികിൽസയ്ക്ക് സഹായിച്ചിരുന്നു, സന്തോഷവാനായ വാസു മേനോന്റെ സിനിമയിലേക്കുള്ള ക്ഷണം ചന്ദ്രകുമാറിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി.

1971ൽ പി. ഭാസ്ക്കരൻ മാഷ് സംവിധാനം ചെയ്ത ഉമ്മാച്ചു എന്ന ചിത്രത്തിൽ വെറും പതിനേഴുകാരനായിരുന്ന ചന്ദ്രേട്ടൻ സഹസംവിധായകനായി. അഷ്ടമംഗല്യം, ഹർഷബാഷ്പം, പിച്ചിപ്പൂ, മനോരഥം, കണ്ണുകൾ, അരയന്നം തുടങ്ങി പതിനൊന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്ത പി. ഗോപികുമാർ മൂത്ത സഹോദരനാണ്. അദ്ദേഹത്തിന്റെയും ഭാസ്കരൻ മാഷുടെയും കളരിയിൽ നിന്നും വളർന്ന ചന്ദ്രേട്ടൻ പിന്നീട് പി. വിജയൻ, കെ. നാരായണൻ, എ.ബി രാജ്, ഹരിഹരൻ, ജേസി, പി.ജി. വിശ്വംഭരൻ, ഡോക്ടർ ബാലകൃഷ്ണൻ, അടൂർ ഭാസി, ഗോവിന്ദൻ തുടങ്ങിയവരുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചു. 

1977-ൽ തിക്കുറിശ്ശി ആദ്യ ക്ലാപ്പടിച്ച, പ്രിയ ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണൻ തിരക്കഥ രചിച്ചു നിർമിച്ച, വിൻസന്റ്, രാഘവൻ, തിക്കുറിശ്ശി, ശങ്കരാടി,കുതിരവട്ടം പപ്പു, ജയഭാരതി, കെ പി എ സി ലളിത തുടങ്ങിയ താരങ്ങൾ അഭിനയിച്ച, പ്രശസ്ത ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ ആദ്യ ചിത്രം കൂടി ആയിരുന്ന "മനസ്സൊരു മയിൽ" എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ, കഷ്ടിച്ച് 23 വയസ്സുകാരൻ പി. ചന്ദ്രകുമാർ സ്വതന്ത്ര സംവിധായകനായി. രണ്ടാമത്തെ ചിത്രം മധു, ഷീല, അടൂര്‍ഭാസി, വിൻസെന്റ് തുടങ്ങിയവർ അഭിനയിച്ച "ജലതരംഗം" ആയിരുന്നു. മൂന്നാമത്തെ ചിത്രം, സാറ തോമസിന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യമായ മധു സാറിന്റെ ഉമ സ്റ്റുഡിയോ നിർമിച്ച, മധു, തിക്കുറിശ്ശി, ശങ്കരാടി, ജയൻ, ബഹദൂർ,കുഞ്ചൻ, ശാരദ, ജയഭാരതി,സുകുമാരി തുടങ്ങിയവർ അഭിനയിച്ച "അസ്തമയം" പിന്നെ സോമൻ, കെ.പി. ഉമ്മർ, ശാരദ തുടങ്ങിയവർ അഭിനയിച്ച "അനുഭൂതികളുടെ നിമിഷവും" എല്ലാം വൻ വിജയങ്ങളായിരുന്നു. 

അതിനെ തുടർന്ന് നിർമാതാവ് ആർ.എസ്. പ്രഭുവിന്റെ ആറോ ഏഴോ സിനിമകൾ സംവിധാനം ചെയ്തു. അതിൽ 1979 യിൽ പുറത്തിറങ്ങിയ സുകുമാരൻ നായകൻ ആയ "അഗ്നിവ്യൂഹം" വൻവിജയം നേടി. പ്രേംനസീർ സാറിനെ നായകനാക്കി, സംവിധാനം ചെയ്ത ആദ്യ ചിത്രം ആയിരുന്നു ' എയർഹോസ്റ്റസ് ' ഗംഭീര വിജയവും ആയിരുന്നു. ജയനെ നായകനാക്കി ചെയ്ത 'ദീപ'വും ' തടവറ 'യും കലക്‌ഷൻ റെക്കോർഡുകൾ ഭേദിച്ചവ ആയിരുന്നു. നവംബറിൽ ദീപത്തിന്റെ പ്രദർശന വേളയിൽ ആയിരുന്നു കേരളക്കരയുടെ ഹൃദയം പിളർന്ന ജയന്റെ മരണ വാർത്ത അറിഞ്ഞത്.

ചന്ദ്രേട്ടന്റെ ഇരുപത്തൊന്നു ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച സത്യൻ അന്തിക്കാട് പ്രശസ്തനായ സംവിധായകനായി. എം.കെ. മോഹനൻ (മോമി) ചന്ദ്രേട്ടന്റെ പതിനഞ്ചിൽപരം സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ ആദ്യ ഗാനം (രജനീ പറയൂ... ) പി. ചന്ദ്രകുമാറിന്റെ 1982ൽ പുറത്തിറങ്ങിയ 'ഞാൻ ഏകനാണ്' എന്ന ചലച്ചിത്രത്തിലെ ആയിരുന്നു. മോഹൻലാൽ, വേണു നാഗവള്ളി, സോമൻ, ടി ജി രവി,കുതിരവട്ടം പപ്പു, എന്നിവർ അഭിനയിച്ച 'യുനെസ്കോ' അവാർഡ് നേടിയ കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതിയെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു 'ഉയരും ഞാൻ നാടാകെ' പേരുണ്ടാക്കി. 

1987യിൽ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു സംവിധാനം ചെയ്ത കാനന പശ്ചാത്തലത്തിലുള്ള ഗ്ലാമർ ചിത്രം ആയിരുന്നു "ജംഗിൾ ബോയ്". ഇർഫാനും അഭിലാഷയും ആയിരുന്നു പ്രധാന അഭിനേതാക്കൾ. 1988-ൽ ബൈബിൾ കഥയെ അടിസ്ഥാനമാക്കി, സൂപ്പർ ഗുഡ് മൂവീസിന്റെ ആർ.ബി. ചൗധരി നിർമിച്ച് വിമൽരാജും അഭിലാഷയും താരജോഡികളായ "ആദ്യപാപം" മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സോഫ്റ്റ്പോൺ സിനിമയാവുകയും അതെ രീതിയിൽ പണംവാരിപ്പടങ്ങൾ പിന്നെയുമുണ്ടായി ..!

അഞ്ചു ദശാബ്ദം കൊണ്ട് സംവിധാനം കൂടാതെ പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവഹിച്ച സകലകലാവല്ലഭനായ ചന്ദ്രേട്ടൻ ഏകദേശം 160 ഓളം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകൾ ചെയ്തു . പ്രശസ്ത സിനിമോട്ടോഗ്രാഫറും സംവിധായകനും നിർമാതാവും നടനും എന്റെ അടുത്ത ചെങ്ങായിയുമായ പി. സുകുമാർ ഇളയ സഹോദരനാണ്. മധുസാറും ചാരുഹാസൻ സാറും കേന്ദ്രകഥാപാത്രങ്ങളായ ഇടയ്ക്ക് നിന്നുപോയ തിരുവനന്തപുരത്ത് ഷൂട്ട്‌ ചെയ്ത ഒരു സിനിമയിൽ ഞാനുമൊരു വേഷം ചെയ്തിരുന്നു.

ജോൺ പോൾ സാറിന്റെ മരണാന്തര ചടങ്ങിൽ കൊച്ചുകുട്ടിയെ പോലെ വിങ്ങിപ്പൊട്ടി നിന്ന ചന്ദ്രേട്ടന്റെ മുഖം ഒരിക്കലും മനസ്സിൽ നിന്നും മാറില്ല. പ്രിയപ്പെട്ട ചന്ദ്രേട്ടന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു .

English Summary:

Joly Joseph About P Chandrakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com