ആരോപണ വിധേയരെ കോൺക്ലേവിൽ പങ്കെടുപ്പിക്കരുത്: പ്രേം കുമാർ
Mail This Article
സിനിമാരംഗത്ത് സ്ത്രീകൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറയാൻ ഒരു കമ്മിഷൻ രൂപീകരിച്ചത് മാതൃകാപരമായ കാര്യമാണെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. ഹൈക്കോടതിയിൽ ജഡ്ജി ആയി പ്രവർത്തിച്ചു വിരമിച്ച ജുഡീഷ്യൽ രംഗത്ത് അറിവുള്ള വ്യക്തിയാണ് ജസ്റ്റിസ് ഹേമ. അവരോടൊപ്പം നടി ശാരദ ഉൾപ്പടെ നിഷ്പക്ഷരായ ഒരുകൂട്ടം ഉത്തരവാദിത്തമുള്ള വ്യക്തികളുടെ കമ്മറ്റിയാണ് ഗവൺമെന്റ് രൂപീകരിച്ചത്. ഇത്തരമൊരു കമ്മറ്റി രൂപീകരിച്ചതുകൊണ്ടാണ് ദുരനുഭവങ്ങൾ തുറന്നു പറയാൻ മടിയുള്ള സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായത് അത് വലിയ കാര്യമാണ്. ജസ്റ്റിസ് ഹേമ സമർപ്പിച്ച റിപ്പോർട്ട് കുറച്ചു കൂടി നേരത്തെ പുറത്തു വരേണ്ടതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രേംകുമാർ പറഞ്ഞു.
‘‘ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് വന്നിരിക്കുന്ന സമയമാണിത്. എനിക്ക് തോന്നുന്നു ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു കമ്മിഷൻ ഉണ്ടാകുന്നത്. ഹൈക്കോടതിയിൽ ജഡ്ജി ആയി പ്രവർത്തിച്ച് വിരമിച്ച, ജുഡീഷ്യൽ രംഗത്ത് ഏറ്റവും കൂടുതൽ അറിവുള്ള നിഷ്പക്ഷയായിട്ടുള്ള ഒരു ജസ്റ്റിസ് ആണ്, അവർ അധ്യക്ഷ ആയിട്ടുള്ള ഒരു കമ്മിറ്റിയാണ്. നമ്മുടെ മലയാളത്തിന്റെ മഹാനടിയായ ശാരദ അടക്കം വളരെ ഉത്തരവാദിത്വമുള്ള ആൾക്കാരുടെ ഒരു കമ്മിറ്റിയാണ് ഗവൺമെന്റ് രൂപീകരിച്ചത്. മലയാള സിനിമയിലെ സ്ത്രീ സുഹൃത്തുക്കൾ നേരിടുന്ന നിരവധി ആയിട്ടുള്ള വെല്ലുവിളികളും പ്രശ്നങ്ങളും ഒക്കെ ഉണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള നിരവധി പരാതികൾ വരുമ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാൻ ഇങ്ങനെ ഒരു സമിതി രൂപീകരിച്ചത് തന്നെ ഏറ്റവും ധീരമായ നടപടിയാണ്. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് തന്നെ ഒരുപക്ഷേ മാതൃകയായിരിക്കും. .
ഹൈക്കോടതി ജഡ്ജിയാണ് ഇതിന്റെ ചെയർപേഴ്സൺ എന്നുള്ളത് കൊണ്ട് തന്നെ ഇതിനൊരു ജുഡീഷ്യൽ സ്വഭാവമുണ്ട്. നമ്മുടെ സമൂഹത്തിൽ പലകാര്യങ്ങളും തുറന്നുപറയാൻ മടിക്കുന്ന സ്ത്രീ സമൂഹം അവർക്ക് വളരെ സുരക്ഷിതമായി, നിർഭയമായി തങ്ങൾക്കുണ്ടായിട്ടുള്ള ചില അനുഭവങ്ങളെ കുറിച്ച് ഞങ്ങൾ ഈ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയാൻ തയാറായി മുന്നോട്ടു വന്നതാണ്. പല സെറ്റുകളിലും സ്ത്രീകൾക്ക് പ്രാഥമികമായ സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല പലയിടത്തും അവഗണനകൾ നേരിടുന്നു ചൂഷണങ്ങൾ ഉൾപ്പെടെ ശാരീരിക ഉപദ്രവങ്ങൾ നേരിടുന്നു എന്നിവ സ്വതന്ത്രമായി ഈ കമ്മിറ്റി മുമ്പാകെ വന്നു വെളിപ്പെടുത്താൻ തയാറായി. അങ്ങനെ ഒരു വേദി ഒരുക്കി കൊടുത്തത് വലിയ കാര്യമാണ്.
യാതൊരു മുൻവിധികളും ഇല്ലാതെ ആണ് ജസ്റ്റിസ് ഹേമ അവർക്കു മുന്നിൽ വന്ന പരാതികൾ രേഖപ്പെടുത്തുകയും സർക്കാരിനൊരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ റിപ്പോർട്ട് അവർ സർക്കാറിന് കൈമാറുകയും ചെയ്തു. റിപ്പോർട്ട് തീർച്ചയായും ഗവൺമെന്റ് പരിശോധിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള ചില നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ് ചലച്ചിത്ര അക്കാദമിയുടെ ഒരു ഭാരവാഹി എന്നുള്ള നിലയിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. പല സെറ്റുകളിലും സ്ത്രീകൾക്ക് പരാതി പറയാൻ ഒരു ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപപ്പെട്ടു, അതുപോലെതന്നെ മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണെന്ന് പരാതി ഉണ്ടായിട്ട് അത് പരിഹരിക്കാൻ വേണ്ടി അവരെ കൂടുതൽ സജീവമായി ഉൾപ്പെടുത്താൻ വേണ്ട പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്, അങ്ങനെ നിരവധിയായ കാര്യങ്ങൾ ആ സമയം മുതൽ ഗവൺമെന്റ് നടത്തുന്നുണ്ട്.
റിപ്പോർട്ട് തീർച്ചയായും കുറച്ചുകൂടെ മുന്നേ തന്നെ പുറത്തു വരേണ്ടതായിരുന്നു എന്നാണ് പൊതുസമൂഹത്തെ പോലെ ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ ഒരുപാട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു എന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ഹേമ തന്നെ വളരെ ശക്തമായി ഒരു കത്ത് ഗവൺമെന്റ് നൽകിയിട്ടുണ്ട്. ഒരിക്കലും ഈ റിപ്പോർട്ട് മുഴുവൻ പുറത്തുവരരുത്, ഇതിൻ മേലുള്ള നടപടികൾ എന്തെങ്കിലും നിങ്ങൾ സ്വീകരിച്ചോളൂ. പക്ഷേ റിപ്പോർട്ട് ഇതുപോലെ തന്നെ പുറത്തു വിട്ടാൽ ഇതിൽ നൽകിയിരിക്കുന്ന ആളുകളുടെ സ്വകാര്യതയെ ബാധിക്കും എന്നതായിരുന്നു അവർ പറഞ്ഞത്.
സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ പലതും കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല, ചിലപ്പോൾ അവർക്ക് തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടായിരിക്കാം. എന്നാൽ, ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. നിയമപരമായും ഇനി അവർ മുന്നോട്ടു വന്ന് പരാതിപ്പെടണം. സ്ത്രീകൾ ഒളിച്ചിരിക്കേണ്ടവരല്ല, ഇത് കേരളമാണ്. അവർ ധൈര്യമായി മുന്നോട്ടുവരണം.
റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. റിപ്പോർട്ട് നേരത്തെ പുറത്ത് വരേണ്ടതായിരുന്നു. എന്നാൽ സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല. ചെറുപ്പക്കാരുടെ എത്രയോ സിനിമകൾ ഇവിടെ വരുന്നു. ചിലരുടെ അധികാരത്തിന്റെ കൈകടത്തലുകൾ സിനിമകളില്‍ പ്രതിഫലിച്ചേക്കാം. എന്നാൽ കലാകാരന്മാരെ ഒഴിവാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
ആരോപണവിധേയരെ ഉത്തരവാദിത്വപ്പെട്ട സമിതികളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് അഭിപ്രായം. ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ല. ആരോപണ വിധേയരെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. സർക്കാർ ഇക്കാര്യം ആലോചിക്കണം. നയരൂപീകരണ സമിതിയിൽനിന്ന് ആരോപിതരെ ഒഴിവാക്കണം.’’–പ്രേം കുമാർ പറഞ്ഞു.