‘ഗുമസ്ഥനായ’ കൂട്ടുകാരൻ; നടൻ ജെയ്സ് ഇനി നായകൻ

Mail This Article
സിനിമാ ഭ്രാന്തനും ദുബായിലെ വലിയൊരു കച്ചവടക്കാരനുമായിരുന്ന ജെയ്സിനെ എനിക്ക് പരിചയപ്പെടുത്തിയെന്ന കടുത്ത അപരാധം ചെയ്തത് കൈലാഷായിരുന്നു. ദുബായ് വിട്ടു വന്ന് മുഴുവൻ സമയ സിനിമക്കാരനായ ഒരുഗ്രൻ പാചകക്കാരനായ ജെയ്സ് കാക്കനാടിലെ പണ്ടത്തെ ‘ചക്കരപ്പന്തൽ’ റെസ്റ്റോറന്റിന്റെ കൊച്ചു മുതലാളി കൂടിയായിരുന്നു. ഞങ്ങളുടെ യാത്രകളിൽ അവൻ കൂടുമ്പോൾ ചങ്കു പറിച്ച് വെച്ച് പങ്കുവച്ച വിവരങ്ങൾ വിവരണങ്ങൾ സ്വപ്നങ്ങൾ പ്രയാസങ്ങൾ അപമാനങ്ങൾ അവഗണനങ്ങൾ അനുഭവങ്ങൾ മറക്കാനാകില്ലൊരിക്കലും. എണ്ണം പറഞ്ഞ സിനിമകളിലൂടെ അഭിനയം ജീവിതമാക്കിയ കൈലാഷും ജെയ്‌സും അഭിനയിക്കാനറിയാത്ത ജീവിതമുള്ള ഞാനും ആനന്ദ് പയ്യന്നൂരിന്റെയും സ്റ്റീഫൻ ദേവസ്സിയുടെയും പ്രോജക്ടുകളിൽ ഒരുമിച്ചുണ്ടായിരുന്നു അർമാദിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അവൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘‘മ്മള് ഒരു പടം ചെയ്യുന്നു, മ്മ്‌ടെ ചങ്കുകൾ അഭിനയിക്കുന്നു, മ്മ്‌ടെ സ്റ്റീഫൻ ദേവസ്സി സംഗീത സംവിധായകൻ, മ്മ്‌ടെ പടത്തില് ജോളിച്ചേട്ടൻ ഒരുവേഷം ചെയ്യുന്നുണ്ട് ബാക്കി പിന്നീട് പറയാം.’’
കേട്ടയുടനെ ഞാനെന്റെ ഡിമാന്റുകൾ നിരത്തി. ‘‘ഡാ, എനിക്ക് കാരവൻ വേണം, പൊലീസ് പള്ളീലച്ചൻ നമ്പൂതിരി മുതലാളി എന്നിങ്ങനെയുള്ള വേഷങ്ങൾ അരുത് . എന്നെ കെട്ടിപിടിച്ച് അലതല്ലി കരയുന്ന പെണ്ണുങ്ങളുടെ ഭർത്താവോ അപ്പനോ അമ്മയപ്പനോ എന്തിന് വില്ലൻ വരെ ആകാം, പിന്നെ ഷൂട്ടിങ് ശനി അല്ലെങ്കിൽ ഞായർ മാത്രം...പിന്നെ ... '' എല്ലാമേറ്റ് അവൻ ഫോൺ കട്ടുചെയ്തപ്പോൾ പണച്ചിലവില്ലാത്ത മനക്കോട്ടകൾ ഞാൻ വെറുതെ കെട്ടാൻ തുടങ്ങി. ജെയ്സ് പറഞ്ഞ ദിവസം തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ ' പ്രമുഖ ' നിർമാതാവായ ഞാനെത്തിയപ്പോൾ ഒരാളും പരിഗണന പോട്ടെ തിരിഞ്ഞു പോലും നോക്കിയില്ല.
മുസാഫിർ ഫിലിം കമ്പനി നിർമിക്കുന്ന റിയാസ് ഇസ്മത് എഴുതി അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന പടത്തിൽ അഭിനയിക്കുന്നവരുടെ നിരകണ്ടെന്റെ കണ്ണുതള്ളി .
ജൈസിനെകൂടാതെ ,ദിലീഷ് പോത്തൻ, ഷാജു ശ്രീധർ, ബിബിൻ ജോർജ്, കൈലാഷ്, റോണി ഡേവിഡ് രാജ് , അസിസ്സ് നെടുമങ്ങാട്, സ്മിനു സിജോ , അലക്സാണ്ടർ പ്രശാന്ത് ,
ഐ.എം . വിജയൻ , ആദിൽ ഇബ്രാഹിം തുടങ്ങി ഒട്ടനവധി താരങ്ങൾ ! അവിടെ പടം എഴുതിയവൻ സംവിധായകൻ മുതൽ എല്ലാവരും നായകന്മാർ. ഇങ്ങനെയുമുണ്ടോ ഒരു പടമെടുക്കൽ... ? 'പടച്ചോനെ കാത്തോളീ..' എന്ന് മേലോട്ട് നോക്കി പ്രാർത്ഥിച്ച് പകച്ചു നിന്ന എന്നെ പൊതു പ്രവർത്തകനും സി പി ഐ മന്ത്രിയായിരുന്ന ഇസ്മായിൽ സാറിന്റെ മകനും ചെങ്ങായിയുമായ ബൈജു കൂട്ടിനെത്തി,
ഞങ്ങളൊരുമിച്ച് തൃശൂർ പൂരത്തിന്റെ ചിന്ന റിഹേഴ്സൽ നടത്തി നോക്കിയപ്പോൾ സ്വയം ശാന്തനായി. ചങ്ക് ചെങ്ങായ് ഷാജു ശ്രീധറിന്റെ കഥാപാത്രത്തിന്റെ മുന്നിൽ കൈകാലുകൾ വിറച്ച് തള്ളിമറിച്ചു 'അരിമണികൾ' പെറുക്കി ഞാനും കുന്നോളം വലുതായ ‘ഗുമസ്തൻ’ എന്ന സിനിമയിൽ കുന്നികുരുവോളം മാത്രമുള്ള അതും ഭൂതക്കണ്ണാടിയിൽ കൂടി മാത്രം കാണാവുന്ന എന്റെ ഡിമാന്റുകൾ യാതൊന്നുമില്ലാത്ത കൊച്ചു കഥാപാത്രത്തെ ' സംഭവമാക്കി.
അതുകൊണ്ട് സിനിമക്കൊരു ഗുണം കിട്ടി ഒരൊറ്റ വിളിയിൽ മമ്മുക്ക ലാലേട്ടൻ സുരേഷേട്ടൻ പൃഥ്വിരാജ് തുടങ്ങിയവർ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു. നന്ദിയുണ്ട് സഖാക്കളേ. നിങ്ങളുടെ അടുത്ത പടങ്ങളുടെ പോസ്റ്റർ ഞാനും പങ്കുവെച്ചോളാം ! ചെറിയൊരു സിനിമയായി തുടങ്ങി സുഹൃത് വലയത്തിനാൽ വലിയൊരു സിനിമയായി രൂപാന്തരപ്പെട്ടു ചെങ്ങായ് ആന്റോ ജോസഫ് വിതരണം ചെയ്യുന്ന ജെയ്സിന്റെയും ചങ്കുകളുടെയും സിനിമ ' ഗുമസ്തൻ ' അടുത്ത വെള്ളിയാഴ്ച മുതൽ നിങ്ങളുടെ അടുത്ത തീയറ്ററുകളിലും പുറത്തും ആഘോഷിക്കപെടും തീർച്ച . അന്നും ഇന്നും എന്നും കൂട്ടുകെട്ടുകളാണ് സൗഹൃദ വലയങ്ങളാണ് സിനിമകളെ വിജയിപ്പിക്കുകയെന്ന് അടിവരയിടുന്ന സിനിമയാകുമെന്നും തീർച്ച.