കുറച്ചു ദിവസമായി ദ്രവരൂപത്തിലുള്ള ആഹാരമായിരുന്നു കഴിച്ചിരുന്നത്: മോഹൻരാജിന്റെ സഹോദരൻ പറയുന്നു

Mail This Article
കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ഖ്യാതി നേടിയ നടൻ മോഹൻരാജിന്റെ നിര്യാണത്തിൽ പ്രതികരണവുമായി സഹോദരൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഹൻരാജിന്റെ (കീരിക്കാടൻ ജോസ്) ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് സഹോദരൻ പറയുന്നു. കുറച്ചു ദിവസമായി ദ്രവരൂപത്തിലുള്ള ആഹാരം മാത്രമായിരുന്നു കഴിച്ചിരുന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘‘സുഖമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയിൽ പതിനഞ്ചു ദിവസത്തോളം അഡ്മിറ്റായിരുന്നു. മറ്റു ട്രീറ്റ്മെന്റുകൾ ഇല്ലെന്നു പറഞ്ഞു. കുറച്ചു ദിവസമായി ദ്രവരൂപത്തിലുള്ള ആഹാരം മാത്രമായിരുന്നു കഴിച്ചിരുന്നത്. ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നിട്ട് ഇരുപതു ദിവസമായിരുന്നു. മയങ്ങി കിടക്കുകയായിരുന്നു. പിന്നീട് അനക്കമില്ലാതെയായി. അപ്പോൾ ഡോക്ടറെ വിളിച്ചു. പിന്നീട് മരണം സ്ഥിരീകരിച്ചു.
ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ ചെന്നൈയിലുമാണ്. അവർ അടുത്ത ദിവസം നാട്ടിൽ എത്തും. സംസ്കാരം വൈകുന്നേരം അഞ്ചരയ്ക്ക് ഉണ്ടാകും.’’ മോഹൻ രാജിന്റെ സഹോദരൻ പറഞ്ഞു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളം ‘നാലുകെട്ട് സുകുമാരനികേതനി’ൽ ഡിവൈഎസ്പിയായിരുന്ന സുകുമാരൻ നാടാരുടെയും പങ്കജാക്ഷിയുടെയും 5 ആൺ മക്കളിൽ മൂന്നാമനായിരുന്നു മോഹൻരാജ്. തിരുവനന്തപുരം ആർട്‌സ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററി ഓഫിസറായി നിയമനം. പിന്നീട് കസ്‌റ്റംസ് എൻഫോഴ്സ്മെന്റ് ഓഫിസറായി. മിലിറ്ററി ജോലിയുടെ ഭാഗമായി കരാട്ടെ, കുങ്‌ഫു, ബോക്‌സിങ് തുടങ്ങിയവയിൽ പരിശീലനം കിട്ടി. കാർ ചേസും സ്‌റ്റണ്ടുമൊക്കെ ജോലിക്കിടയിലും വേണ്ടിവന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ‘കഴുമലൈ കള്ളൻ’, ‘ആൺകളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത നടനെ അന്ന് അസോഷ്യേറ്റ് സംവിധായകൻ ആയിരുന്ന കലാധരനാണു ‘കിരീട’ത്തിന്റെ സെറ്റിലേക്കു കൂട്ടിക്കൊണ്ടു പോയത്. ‘കിരീടം’ വൻ ഹിറ്റായതോടെ മലയാളത്തിലെ വ്യത്യസ്തനായ വില്ലനായി ‘കീരിക്കാടൻ ജോസ്’ മാറി.
സിനിമാഭിനയത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാത്തതിന്റെ പേരിൽ നടപടിക്കു വിധേയനായി 20 വർഷം ജോലിയിൽനിന്നു പുറത്തു നിൽക്കേണ്ടി വന്നു. പിന്നീട് സസ്പെൻഡ് ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2010 ൽ ആണു ജോലി തിരികെ കിട്ടുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. തുടർന്ന് 2015 ൽ സ്വയം വിരമിച്ചു. തെലുങ്കിലെ വില്ലൻ വേഷങ്ങൾക്കാണ് ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയത്.
മലയാള സിനിമ ന്യൂജൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയെന്ന് അദ്ദേഹം പരിഭവപ്പെടുമായിരുന്നു. റാഫി മെക്കാർട്ടിന്റെ ‘ഹലോ’യിൽ ചെയ്ത കോമഡി ടച്ചുള്ള വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അത്തരം വേഷങ്ങൾ തേടിവന്നില്ല. സത്യൻ അന്തിക്കാടിന്റെ ‘കനൽക്കാറ്റി’ലെ ‘കരീംഭായി’യായിരുന്നു മറ്റൊരു ഇഷ്ടപ്പെട്ട വേഷം. വിജി തമ്പിയുടെ ‘മറുപുറ’ത്തിലെ സലീമും ശ്രദ്ധനേടി. തന്റെ ഫിഗറിനെ നേരിടാനാവാത്തതുകൊണ്ടാണ് ചില നായകൻമാർ അടുപ്പിക്കാത്തതെന്നും അദ്ദേഹത്തിനു തോന്നലുണ്ടായിരുന്നു