‘ഏത് ആംഗിളിൽ ഷൂട്ട് ചെയ്യണമെന്ന് ‘‘പച്ചക്കുയിലിന്’’ അറിയാം’: പരിഹാസവുമായി എസ്തർ അനിൽ
Mail This Article
‘ശാന്തമീ രാത്രിയിൽ’ എന്ന പുതിയ സിനിമയുടെ ഒാഡിയോ ലോഞ്ച് പരിപാടിക്കു വന്ന തന്റെ ദൃശ്യങ്ങൾ മോശമായ ആംഗിളുകളിൽ പകർത്തിയ ഒാൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ അനിൽ. എസ്തറും ചിത്രത്തിലെ നായകൻ കെ.ആർ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വിഡിയോ മോശമായ ആംഗിളിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് താരം ആ വിഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തത്. ആ കമന്റിനെ അനുകൂലിച്ച് ഗോകുലും തന്റെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തി.
നീലക്കുയിൽ എന്റെർടെയിൻമെന്റ്സ് എന്ന ഒാൺലൈൻ ചാനൽ പുറത്തു വിട്ട വിഡിയോയെയാണ് എസ്തർ പരിഹസിച്ചത്. ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളിൽ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു എസ്തറിന്റെ കമന്റ്. ‘ഒരു കഥ പറയാൻ തീർത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഇൗ സഹോദരനാണ്’ എന്നായിരുന്നു എസ്തറിന്റെ കമന്റിനെ അനുകൂലിച്ച് ഗോകുൽ കുറിച്ചത്.
വിഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കമന്റുകൾ നിറഞ്ഞതോടെയാണ് താരം വിഡിയോ ചിത്രീകരിച്ച രീതിയെ വിമർശിച്ച് രംഗത്തെത്തിയത്. എസ്തറിെന അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.