ADVERTISEMENT

അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് പറഞ്ഞ് തടിതപ്പാമെങ്കിലും നട്ടെല്ലിന് ഉറപ്പുളളവര്‍ക്ക് അഭിപ്രായം സൗകര്യാനുസരണം മാറ്റാനുളള പാഴ്‌വാക്കുകളല്ല. പറയുന്നത് പ്രവര്‍ത്തിക്കും. പ്രവര്‍ത്തിക്കാന്‍ കഴിയുന്നതേ പറയു എന്ന് നിശ്ചയിച്ചുറപ്പിച്ചവരുടെ എണ്ണം പൊതുസമൂഹത്തില്‍ തുലോം വിരളമാണ്. മലയാള സിനിമയെ സംബന്ധിച്ച് നിലപാടുകള്‍ മാറ്റുക എന്നത്  പൊതുവെ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. അതിന് സ്ത്രീപുരുഷ ഭേദമില്ല. ഇന്ന് പറഞ്ഞത് നാളെ മാറ്റിപറയാന്‍ പലര്‍ക്കും കഴിയും. ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാകുമ്പോള്‍ അതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നവര്‍ക്ക് മുന്നില്‍ ഒരു പോളിഷ്ഡ് ചിരിയുമായി നിന്ന് ഇവര്‍ മൗനം കൊണ്ട് പ്രതിരോധം തീര്‍ക്കുന്നു. മേക്കപ്പ് പോലെ യഥേഷ്ടം കഴുകിക്കളയാവുന്ന ഒന്നാണ് നിലപാടുകളുമെന്ന് കരുതുന്നവരെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്‌നമല്ല. എന്നാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ സംഭവിച്ചാലും ആരൊക്കെ ശത്രുപക്ഷത്ത് അണിനിരന്നാലും തന്റെ ശരികളില്‍ മുറുകെ പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരു അഭിനേത്രിയുണ്ട്. നടി എന്നതിനപ്പുറം ആക്ടിവിസ്റ്റ് എന്ന തലത്തില്‍ കൂടി വിലയിരുത്തപ്പെടുന്ന പാര്‍വതി തിരുവോത്ത്. പുരുഷന്‍മാര്‍ പോലും പല വിഷയങ്ങളിലും വഴുവഴുക്കല്‍ പരുവത്തില്‍ നിന്ന് ആടിയുലയുമ്പോള്‍ കല്ലിന് കാറ്റ് പിടിച്ചതു പോലെ അക്ഷോഭ്യയായി നിലകൊളളുന്നു എന്നതാണ് പാര്‍വതിയെ ചിന്തിക്കുന്നവരുടെ പൊതുസമൂഹത്തില്‍ ആദരണീയയാക്കുന്നത്.

പാര്‍വതിയുടെ നിലപാട് കുറെക്കൂടി വ്യക്തമാണ്. അവര്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി നിരന്തരം ആവര്‍ത്തിക്കുന്നത് ഒരേ കാര്യമാണ്. സിനിമയില്‍ ചില പുഴുക്കുത്തുകളുണ്ട്. ഇന്ന് അതിജീവിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിക്ക് നേരിട്ടതിന് സമാനമായ അനുഭവങ്ങള്‍ ആദ്യകാലത്ത് തനിക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ പ്രതിസ്ഥാനത്തുളളവരുടെ പേര് പുറത്ത് പറയാനോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഒന്നും താന്‍ ഉദ്ദേശിക്കുന്നില്ല. പകരം ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നുമാണ് അവരുടെ നിലപാട്. പലരും പല കാലങ്ങളില്‍ നിലപാടുകള്‍ മാറ്റി സ്വയം സുരക്ഷിതരായപ്പോഴും പാര്‍വതിക്ക് മാറ്റം സംഭവിച്ചില്ല. വരും വരാഴികകള്‍ എന്തു തന്നെയായിരുന്നാലും തന്നിലെ വ്യക്തിയെ തൃപ്തിപ്പെടുത്തും വിധം നീതിക്കൊപ്പം നില്‍ക്കാനുമാണ്  അവര്‍ എന്നും ശ്രമിച്ചിട്ടുളളത്. പാര്‍വതി തിരുവോത്ത് വാസ്തവത്തില്‍ ഒരു വ്യക്തിയല്ല, പ്രതീകമാണ്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ വ്യക്തിത്വം നഷ്ടപ്പെടുത്താതെയും ജീവിക്കാനാവുമെന്ന് അവര്‍ നമ്മെ കാണിച്ചു തന്നു.  സമീപകാലത്ത് വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുത്തു കൊണ്ട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി അവര്‍ പങ്കുവച്ച അഭിപ്രായങ്ങളുടെ ഹൈലൈറ്റ്‌സ്. 

സ്ത്രീയുടെ ആകാശം

ഒരു പെണ്‍കുട്ടിക്ക് അതിരുകളില്ലാത്ത ആകാശത്തേക്ക് വളരണമെങ്കില്‍ തീര്‍ച്ചയായും പ്രാരംഭ ഘട്ടത്തില്‍ മാതാപിതാക്കളുടെ പിന്‍തുണ വേണം. നമ്മുടെ നാട്ടില്‍ പൊതുവെ നീ അങ്ങോട്ട് നോക്കരുത് ഇങ്ങോട്ട് നോക്കരുത് എന്നെല്ലാം പറഞ്ഞു വിലക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കളെയാണ് പൊതുവെ കണ്ടുവരാറുളളത്. എന്നാല്‍ എന്റെ പേരന്റ്‌സ് നേര്‍വിപരീത ദിശയിലുളളവരാണ്. അവര്‍ ഒരിക്കലും എന്നെ പിടിച്ചുവച്ചില്ല. നീ ഇന്നത് ചെയ്യരുതെന്ന് പറഞ്ഞില്ല. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു എന്റെ കരുത്ത്. ആ കോഴ്‌സ്  ചെയ്യണമെന്ന് പറഞ്ഞപ്പോഴും സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോഴും അവര്‍ക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുളളു. ഓകെ. മറ്റു പലയിടങ്ങളിലും അങ്ങനെയായിരുന്നില്ല ഞാന്‍ കണ്ടുവന്നിരുന്നത്. അതുകൊണ്ട് തന്നെ ഞാനൊരു ഭാഗ്യവതിയാണെന്ന് തോന്നുന്നു. 

പുരുഷന്‍ തീരുമാനിക്കുന്നത് സ്ത്രീ അനുസരിക്കണോ?

സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളെക്കുറിച്ച് നമ്മള്‍ പരാതിപ്പെട്ടാല്‍ പുരുഷ കേന്ദ്രീകൃത സമുഹത്തില്‍ പെട്ട ചിലര്‍ കൂടെയുളളവരെക്കൂടി തെറ്റിദ്ധരിപ്പിക്കും. ഇവള്‍ പറയുന്നതു പോലെ ചെയ്താല്‍ നമ്മള്‍ ആണുങ്ങള്‍ക്കുളള പല അവകാശങ്ങളും നഷ്ടമാകും. എന്റെ മേക്കപ്പ് ചെയ്തിരുന്ന ഒരു പയ്യന്‍ പോലും സ്ത്രീകള്‍ സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി വരുന്നതിനെ എതിര്‍ക്കുന്നതു കണ്ട് ഞാന്‍ അന്തംവിട്ടു. അവര്‍ വേണമെങ്കില്‍ ഹെയര്‍ ഡ്രസിങ് ചെയ്തുകൊളളട്ടെ എന്നാണ് അവന്‍ പറയുന്നത്. സ്ത്രീകള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായി വന്നാല്‍ പുരുഷന്‍മാരുടെ കുത്തക അവസാനിക്കുമെന്നാണ് അവന്റെ തോന്നല്‍. ആ ഭയം മൂലം അവന്‍ അകാരണമായും ശക്തമായും എതിര്‍ക്കുകയാണ്. യഥാർഥത്തില്‍ ആരും ആരുടെയും പകരക്കാരല്ല. ഭീഷണിയുമല്ല. കഴിവുളളവര്‍ ആണായാലും പെണ്ണായാലും നിലനില്‍ക്കുക തന്നെ ചെയ്യും. വേണമെങ്കില്‍ ഹെയര്‍ ഡ്രസിങ് ചെയ്‌തോട്ടെ എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പുരുഷന്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന ധാര്‍ഷ്ട്യവും ഔദ്ധത്യവുമാണ് അവരെ നയിക്കുന്നത്. 

ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍...

പല പുരുഷന്‍മാരും നാര്‍സിസ്റ്റുകളാണ്. ചിലര്‍ പുരുഷമേധാവിത്വം  ആസ്വദിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ഞാനും നിങ്ങളെ പോലെ ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന പല നടന്‍മാരുടെയും സംവിധായകരുടെയും വിഗ്രഹങ്ങള്‍ നമുക്ക് മുന്നില്‍ ഉടയുന്നത് കാണുമ്പോള്‍ നിങ്ങളെ പോലെ തന്നെ എനിക്കും വിഷമമുണ്ട്. ആരെയും മോശക്കാരാക്കണമെന്നോ ചീത്തയായി ചിത്രീകരിക്കണമെന്നോ എനിക്കുദ്ദേശമില്ല. എല്ലാവരും വളരെ ഹാപ്പിയായി സുരക്ഷിതബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലിടമാണ് എന്റെ സ്വപ്നം. നിര്‍ഭാഗ്യവശാല്‍ പലരും ആഗ്രഹിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. അവരുടെ സന്തോഷങ്ങള്‍ക്ക് നമ്മള്‍ നിന്നുകൊടുക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അത് നമ്മുടെ കൂടെ സന്തോഷങ്ങളാണോ സങ്കടങ്ങളാണോയെന്ന് അവര്‍ ചിന്തിക്കുന്നില്ല. എതിര്‍ഭാഗത്ത് നില്‍ക്കുന്നയാളുടെ വികാരങ്ങളെ അവര്‍ തീരെ പരിഗണിക്കുന്നില്ല.

ഞാന്‍ കൂടുതല്‍ തുറന്ന് ചിരിക്കണമെന്ന് ആവശ്യപ്പെട്ട ഒരു സൂപ്പര്‍താരമുണ്ട്. ഞാനത് ചെയ്തില്ലെങ്കില്‍ അയാളുടെ സ്‌ട്രെസ്സ് വർധിക്കും പോലും. അഭിനേത്രി എന്നതിനപ്പുറം വ്യക്തി എന്ന നിലയിലും അയാള്‍ക്ക് സന്തോഷമുളള വിധത്തില്‍ ഞാന്‍ പെരുമാറണമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. ആ ചിരി എനിക്ക് കംഫര്‍ട്ടബിളാണോയെന്നത് അയാള്‍ക്ക് പ്രശ്‌നമല്ല.

സാംസ്‌കാരിമായി വളരെയധികം പ്രബുദ്ധരെന്ന് നാം കരുതുന്ന ഒരു നാട്ടില്‍ സാംസ്‌കാരിക മേഖലയുടെ ഭാഗമായ ഒരു വ്യവസായത്തിലാണ് നാം ജോലി ചെയ്യുന്നത്.ഇവിടെ എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതാണ് പ്രശ്‌നം. അതില്‍ തിരുത്തലും മാറ്റങ്ങളും വേണം എന്നതു കൊണ്ട് മാത്രമാണ് പൊതുവേദികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഇതെല്ലാം തുറന്ന് പറയാന്‍ ഞാന്‍ തയാറായത്. 

സീരിയലുകള്‍ നിരോധിക്കണമോ?

നടന്‍ പ്രേംകുമാര്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയില്‍ പലരും എന്റെ അഭിപ്രായം ആരാഞ്ഞു. സമൂഹത്തെ വഴി തെറ്റിക്കുന്ന സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം  എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് കാവ്യാഞ്ജലി എന്ന സീരിയലിന്റെ ടൈറ്റില്‍ സോങിലാണ്. സെന്‍സര്‍ഷിപ്പ് എന്ന വാക്ക് തന്നെ ഏറെ സങ്കീര്‍ണമാണ്. കടുത്ത വയലന്‍സുളള എത്രയോ സിനിമകള്‍ ഇവിടെ റിലീസ് ചെയ്യപ്പെടുന്നു. സീരിയലുകളിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ച് സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. അതില്‍ തന്നെയുളള ആളുകളാണ് തീരുമാനമെടുക്കേണ്ടത്. വാസ്തവത്തില്‍ ഒരു അധികാര കേന്ദ്രത്തില്‍ നിന്ന് എന്നതിലുപരി സ്‌ക്രിപ്റ്റിങിന്റെ ഘട്ടത്തില്‍ തന്നെ സംഭവിക്കേണ്ട ഒന്നാണ് സെന്‍സര്‍ഷിപ്പ്.

എന്റെ സിനിമാ സങ്കല്‍പ്പം

അഭിനയത്തിലാണ് തുടങ്ങിയതെങ്കിലും എഴുത്തിലും ഫിലിം മേക്കിങിലുമെല്ലാം താത്പര്യമുളള കൂട്ടത്തിലാണ് ഞാന്‍. സ്വന്തമായി ഒരു സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ അതിന് പിന്നാലെയാണ്. പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ വേണ്ടിയൊന്നുമല്ല സിനിമ ചെയ്യുന്നത്. എന്റെയുളളിലെ ക്രിയേറ്റര്‍ക്ക് അങ്ങനെയൊന്ന് ചെയ്യണമെന്ന് തോന്നി. ചെയ്യുന്നു. അത്രമാത്രം. കാണുന്ന സിനിമകള്‍ സാധാരണയിലധികം സ്വാധീനിക്കപ്പെടുന്ന വളരെ വൈകാരികമായി അതിനെ കാണുന്ന ഒരാളാണ് ഞാന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട സിനിമയില്‍ ഒരു  മാതാപിതാക്കളുടെ ഏകപുത്രന്‍ മരിക്കുകയാണ്. ആ രംഗം കണ്ട് പുറത്ത് പോയി പൊട്ടിപ്പൊട്ടി കരഞ്ഞ ഒരാളാണ് ഞാന്‍.

സിനിമ ഒരു മൈന്‍ഡ് ഗെയിമാണ്. നമ്മള്‍ അഭിനയിക്കുകയാണെന്ന് അഭിനയിക്കുന്നവര്‍ക്കും സിനിമ കാണുന്നവര്‍ക്കും നല്ല ബോധ്യമുണ്ട്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ നമ്മെ കരയിക്കാനും പ്രണയിപ്പിക്കാനും മറ്റെല്ലാത്തരം വൈകാരികാവസ്ഥകളിലുടെയും സഞ്ചരിപ്പിക്കാനും ഒരു നല്ല സിനിമയ്ക്ക് കഴിയും. അതേ സമയം നെഗറ്റീവായ സ്വാധീനങ്ങള്‍ സൃഷ്ടിക്കാനും കഴിയും. സിനിമ ചെയ്ത് ആളുകളെ വൈകാരികമായി സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചുവെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. സിനിമ ബോക്‌സോഫിസില്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതൊന്നും എന്റെ പരിഗണനാ വിഷയമല്ല. 

നടി പാർവതി തിരുവോത്ത് വയനാട് സാഹിത്യോത്സവത്തിൽ  മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംസാരിക്കുന്നു.
നടി പാർവതി തിരുവോത്ത് വയനാട് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംസാരിക്കുന്നു.

‘ഇന്‍സപ്ഷന്‍’ എന്ന സിനിമ കാണുന്ന സന്ദര്‍ഭത്തില്‍ തിയറ്ററില്‍ 200 ഓളം പേരുണ്ട്. എല്ലാവരും ഒരുമിച്ച് ങ്...എന്ന് നെടുവീര്‍പ്പിടുന്നു, ചിരിക്കുന്നു. അങ്ങനെ ഒരേ സമയം ഒട്ടനവധി ആളുകളെ വൈകാരികമായി ഒരേ തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞാല്‍ ആ സിനിമ അതിന്റെ ലക്ഷ്യത്തിലെത്തി എന്ന് കരുതാം. ഞാന്‍ വായിക്കുന്ന ഒരു പുസ്തകം അതേ രീതിയിലായിരിക്കില്ല മറ്റൊരാള്‍ വായിക്കുമ്പോള്‍ ഉള്‍ക്കൊളളുക. ഒരു പുസ്തകം വായിക്കുമ്പോള്‍ നാം തനിച്ചാണ്. നമ്മുടെ ഉളളിലാണ് ആ ലോകം. എഴുത്തുകാരന്‍ ഉദ്ദേശിച്ചതിനപ്പുറം നമ്മുടെ ഭാവനയ്ക്ക് വേറിട്ട പലതും നെയ്‌തെടുക്കാന്‍ കഴിയും. എന്നാല്‍ സിനിമയില്‍ ഫിലിം മേക്കര്‍ നമ്മെ ഒരു ലോകം കാണിച്ചു തരികയാണ്. അദ്ദേഹം വരച്ചിട്ട ചിത്രങ്ങള്‍ക്കപ്പുറം മറ്റൊന്ന് വിഭാവനം ചെയ്യാന്‍ നമുക്ക് കഴിയില്ല. 

അതുകൊണ്ട് തന്നെ ഫിലിം മേക്കര്‍ എന്ന നിലയില്‍ മനസിലിട്ട് അരിച്ചരിച്ച് പരുവപ്പെടുത്തിയ ശേഷം മാത്രമേ ഞാനത് പുറത്ത് കാണാന്‍ പാകത്തില്‍ അവതരിപ്പിക്കുകയുളളു. നടി എന്ന നിലയിലും ഞാന്‍ അവതരിപ്പിക്കുന്ന ഇമോഷന്‍സ് പണം കൊടുത്ത് സിനിമ കാണാന്‍ വരുന്നവരിലേക്ക് എത്താന്‍ പാകത്തില്‍ ആവിഷ്‌കരിക്കാന്‍  തീവ്രമായി ശ്രമിക്കാറുണ്ട്. കഥാപാത്രത്തിലേക്ക് ആഡിയന്‍സിനെ എന്‍ഗേജ്ഡാക്കാന്‍ കഴിയണം. ഉളെളാഴുക്ക് കാണുന്ന  ഒരാള്‍ക്ക് അഞ്ചു എന്ന കഥാപാത്രത്തോട് ഒരു എംപതി തോന്നണം. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്  ക്രിയേറ്റര്‍ക്കും ഈ തിയറി ബാധകമാണ്.ഇത് സാധിക്കാതെ വരുന്നതു കൊണ്ടാണ് ചില സിനിമകള്‍ നമ്മെ സ്പര്‍ശിക്കാതെ കടന്നു പോകുന്നത്.

നോ പറയാന്‍ കഴിയണം

നോ എന്നത് ഒരു പൂര്‍ണവാചകമാണ്. അത് ഇന്നും സ്വയം പഠിച്ചെടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍. പല കാര്യങ്ങളിലും നോ പറയാന്‍ കഴിയുന്നു എന്നതില്‍ സന്തോഷമുണ്ട്. നോ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല കേള്‍ക്കുന്ന പുരുഷന്‍മാര്‍ക്കും സ്വീകരിക്കാവുന്ന ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സിലെ അണ്‍ബിലീവബിള്‍ എന്ന വെബ് സീരിസ് കണ്ടിട്ട് ഞാന്‍ എന്റെ സഹോദരനെ വിളിച്ച് പറഞ്ഞു. ‘എനിക്ക് നീതി കിട്ടിയതു പോലുണ്ട് ഈ സിനിമ കണ്ടിട്ട്’’.ഒരു പക്ഷേ നമ്മുടെ ജീവിതത്തില്‍ നടന്നതോ നടന്നതു പോലെയോ ഒളള കാര്യങ്ങളാവാം. പക്ഷേ ഫിക്‌ഷനലി നമുക്ക് ഒരു തരം ജസ്റ്റിസ് ലഭിച്ചതു പോലെ തോന്നും. ‘പിങ്ക് ’എന്ന സിനിമയെ മറ്റൊരു മികച്ച ഉദാഹരണമായി കാണാം. 

മകളോട് അസൂയപ്പെടുന്ന അമ്മ

പെണ്ണിന് പെണ്ണ് തന്നെയാണ് ശത്രു എന്ന് വാദിക്കുന്നവരുണ്ട്. ജനറലൈസ് ചെയ്യാവുന്ന ഒരു സ്‌റ്റേറ്റ്‌മെന്റല്ല അത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെയും സംഭവിക്കാം. കാരണം ആണായാലും പെണ്ണായാലും നമ്മള്‍ ഓരോരുത്തരും മനുഷ്യര്‍ കൂടിയാണ്. മനുഷ്യസഹജമായ മാനസികാവസ്ഥകള്‍ക്ക് ആരും അതീതരല്ല.സുഹൃത്തുക്കളായി നമുക്കൊപ്പം നില്‍ക്കുമ്പോഴും ഉളളിന്റെയുളളില്‍ നമ്മോട് അസൂയ സൂക്ഷിക്കുന്ന സ്ത്രീകളുണ്ടാവാം. സ്വന്തം മകളോട് അസൂയപ്പെടുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. ഞാന്‍ വിവാഹം കഴിച്ച കാലത്ത് എനിക്ക് ഇതിന്റെ നാലിലൊന്ന് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നില്ല എന്ന തോന്നല്‍ ചിലരെ അസൂയപ്പെടുത്താറുണ്ട്. പുതിയ കാലത്ത് ഭര്‍ത്താവിന്റെ നിയന്ത്രണങ്ങള്‍ ഇല്ലാതെ പാറിപറന്ന് നടക്കുന്ന സ്ത്രീകള്‍ ചില അമ്മമാരെ അസ്വസ്ഥതപ്പെടുത്താം. അവിടെ അമ്മ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്ന് ചോദിച്ചാല്‍ അവരും ഒരു വ്യക്തിയാണ്.

parvathy-thiruvothu-2

ഇത്തരം സ്വാതന്ത്ര്യങ്ങള്‍ അവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ക്കത് ലഭിച്ചില്ല. അതേ സമയം എനിക്ക് കിട്ടാതെ പോയ സുഖങ്ങളും ഫ്രീഡവും മകള്‍ക്ക് ലഭിക്കുന്നതില്‍ സന്തോഷിക്കുന്ന അമ്മമാരുമുണ്ട്. ഇതൊക്കെ ഓരോ വ്യക്തികളുടെ മാനസികനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

നായികയെ തുല്യമായി പരിഗണിച്ച താരം

പുരുഷാധിപത്യം എന്നത് ഒരു സങ്കല്‍പ്പമാണെന്നും യഥാര്‍ഥത്തില്‍ അങ്ങനെയൊന്നില്ലെന്നുമൊക്കെ നാം ഭംഗിവാക്ക് പറയാറുണ്ടെങ്കിലും അത് ഉണ്ടെന്നുളളത് ഒരു അനുഭവസത്യമാണ്. ഒരു സ്ത്രീ എത്ര നന്നായി അഭിനയിച്ചാലും വേതനത്തിന്റെ കാര്യത്തില്‍ അവള്‍ക്ക് പുരുഷന് തുല്യമായത് എന്നല്ല മെയില്‍ സ്റ്റാറിന്റെ അടുത്തെത്തും വിധം പോലും ലഭിക്കാറില്ല. ഹോളിവുഡില്‍ ഒരു സിനിമയുടെ ഷൂട്ടിങിനിടയില്‍ നടി എമ്മ സ്‌റ്റോണുയുമായി തുല്യപ്രാധാന്യമുളള വേഷത്തില്‍ അഭിനയിക്കുന്ന നടന്‍ റയാൻ ഗോസ്‌ലിങ് എമ്മയ്ക്ക് കൊടുക്കുന്ന അതേ പ്രതിഫലം തനിക്കും നല്‍കിയാല്‍ മതിയെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അപ്പോള്‍ അങ്ങനെ ചിന്തിക്കുന്ന പുരുഷന്‍മാരും ഈ ലോകത്തുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുരുഷാധിപത്യ സമൂഹം ഇത് വകവച്ചു തരില്ല.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്ന സന്ദര്‍ഭത്തില്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായി വിരലിലെണ്ണാവുന്നവര്‍ പോലും മുന്നോട്ട് വന്നിട്ടില്ല. അഭിപ്രായം രേഖപ്പെടുത്തിയവര്‍ തന്നെ പറഞ്ഞതിന്റെ സാരാംശം ഇതായിരുന്നു. നമ്മളൊക്കെ പാവങ്ങളല്ലേ നമ്മളെക്കൂടി എന്തിനാണ് സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് എന്നാണ്. വ്യക്തമായ തെളിവുകള്‍ അടക്കം പലര്‍ക്കെതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇവരാരും തയാറാകുന്നില്ല. അതില്‍ നിന്ന് നാം മനസിലാക്കുന്നത് ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കാനും സംസാരിക്കാനും ആരുമില്ല. എല്ലാവരും സ്വന്തം നിലനില്‍പ്പും സുരക്ഷിതത്വവും മാത്രം നോക്കി മുന്നോട്ട് പോവുകയാണ്. ഇങ്ങനെയൊരു സമൂഹത്തില്‍ ഒരു സഹജീവിക്ക് എവിടെയാണ് നീതി ലഭിക്കുക? നാളെ ഒരുപക്ഷേ ഇന്ന് ഒഴിഞ്ഞുമാറി നടക്കുന്നവര്‍ക്കും സമാനമായ സാഹചര്യം അനുഭവിക്കേണ്ടി വന്നേക്കാം. ചോദിക്കാനും പറയാനും ആരുമില്ലെന്ന് വരുമ്പോള്‍ കുറ്റകൃത്യങ്ങള്‍ പെരുകുക സ്വാഭാവികമാണ്. 

പുരുഷാധിപത്യം എന്ന ചിന്ത സമൂഹത്തിന്റെ ബാഹ്യതലത്തില്‍ നിന്ന് കുറച്ചൊക്കെ മാറിത്തുടങ്ങിയിട്ടുണ്ടാവാം. പക്ഷെ ആന്തരികമായി അത് ലവലേശം മാറിയിട്ടില്ല. പുരുഷന്റെ മാത്രമല്ല ചില സ്ത്രീകളൂടെ മനസുകളില്‍ പോലും പുരുഷാധിപത്യം അംഗീകരിച്ചു കൊടുക്കാനുളള ഒരു വഴക്കമുണ്ട്. അത് ഉരച്ച് ഉരച്ച് കഴുകി കളയാന്‍ ഇനിയും കാലങ്ങള്‍ ഏറെയെടുക്കും.

മാന്യമായും സുരക്ഷിതമായും ജോലി ചെയ്യാന്‍ കഴിയണം

ഞാന്‍ ചിലത് പറയുമ്പോള്‍ വാളും പിടിച്ച് എല്ലാവരെയും ആക്രമിക്കാന്‍ വരുന്നു എന്ന തോന്നലാണ് പലര്‍ക്കും. വാസ്തവത്തില്‍ നമ്മള്‍ പറയുന്നതെന്താണ്. ഡബ്ലുസിസി തന്നെ എത്രയോ കാലം ചര്‍ച്ച ചെയ്ത ശേഷമാണ് ഒരു കമ്മറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അഭ്യര്‍ഥിച്ചുകൊണ്ട് സര്‍ക്കാരിനെ സമീപിക്കുന്നത്. കമ്മറ്റി വന്നു, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, നാലര വര്‍ഷത്തോളം അത് പുറത്ത് വന്നില്ല. പിന്നീട് പല തരം സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഭാഗിക റിപ്പോര്‍ട്ട് പുറത്തു വന്നു, എന്നാല്‍ പിന്നീട് നാം കാണുന്നത് നീണ്ട നിശബ്ദതയാണ്. യഥാർഥത്തില്‍ സിനിമയില്‍ ഇന്നലെകളില്‍ സംഭവിച്ചതും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുളള നിയമനിര്‍മ്മാണങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ആണ് വേണ്ടത്. ഇത് ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചുളളതല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മാത്രമുളളതാണ്. മറ്റേതൊരു തൊഴിലിടത്തിലുമെന്ന പോലെ സിനിമയിലും ഭയം കൂടാതെ വന്ന് മാന്യമായി ജോലി ചെയ്ത് മടങ്ങാനുളള സാഹചര്യമൊരുക്കണം. 

നായികാപ്രാധാന്യമുളള സിനിമകളും വേണം

കാഴ്ചയുടെ ശീലങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ നിര്‍മിക്കപ്പെടുന്ന സിനിമകളില്‍ 98% വും നായകന്‍മാര്‍ക്ക് മൂന്‍തൂക്കം നല്‍കിക്കൊണ്ടുളളതാണ്. അതിന് പകരം ഒരു വര്‍ഷം 5 പടങ്ങള്‍ നിര്‍മിക്കുന്ന പ്രൊഡക്‌ഷന്‍ ഹൗസുകള്‍ അതിലൊരു പടം സ്ത്രീകേന്ദ്രീകൃതമായി ചെയ്താല്‍ ആളുകള്‍ അതുമായി പൊരുത്തപ്പെട്ടു തുടങ്ങും. ഇങ്ങനെയുളള പടങ്ങളും കാണാന്‍ ആളുകള്‍ വരികയും അതൊരു ശീലമായി വേരുറയ്ക്കുകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍ ചില മുന്‍ധാരണകള്‍ സമുഹത്തെ നയിക്കുന്നു. ഉദാഹരണത്തിന് ഞാന്‍ ഒരു നിര്‍മാതാവായി എന്നിരിക്കട്ടെ. പുരുഷ സഹപ്രവര്‍ത്തകര്‍ അടക്കമുളളവരുമായി ഭക്ഷണം കഴിക്കാന്‍ ഒരു റസ്‌റ്റോറന്റില്‍ കയറിയാല്‍ ബെയറര്‍ ബില്ലുമായി കൂട്ടത്തിലുളള പുരുഷന്റെ അടുത്തേക്ക് പോകും. അയാളാണ് പണം കൊടുക്കാന്‍ അര്‍ഹതപ്പെട്ട ആള്‍ എന്നതാണ് സങ്കല്‍പ്പം. അപ്പോള്‍ ഞാന്‍ പറയും, ചേട്ടാ ഞാനും ജോലി ചെയ്ത് പണം സമ്പാദിക്കുന്നുണ്ട് ഞാന്‍ പേ ചെയ്യാമെന്ന്. ഇതാണ് അവസ്ഥ.

സംവിധാനവും ശ്രമകരം

അറിയപ്പെടുന്ന നടിയായിട്ടും സിനിമയില്‍ എല്ലാരെയും പരിചയമുണ്ടായിട്ടും ഒരു പടം സംവിധാനം ചെയ്യാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നു. ഒരു സിനിമയുടെ ആലോചനാ ഘട്ടം മുതല്‍ അതിന്റെ ഫൈനല്‍ കോപ്പിയില്‍ എത്തുന്നതു വരെയുളള ഘട്ടം നല്‍കുന്ന എക്‌സൈറ്റ്‌മെന്റിലൂടെ കടന്നു പോകാന്‍ വേണ്ടിയാണ് ഞാന്‍ സംവിധാനത്തിന് ഇറങ്ങിത്തിരിച്ചത്. പക്ഷേ നമ്മുടെ നാട്ടില്‍ ഇത് ഒട്ടും എളുപ്പമുളള കാര്യമല്ല. പുരുഷന്‍മാരെക്കൊണ്ട് പോലും പ്രയാസമുളള കാര്യം. സ്ത്രീകള്‍ അതിലേക്ക് വരുമ്പോള്‍ പത്തിരട്ടി പ്രയാസമാവും.

പല സംവിധായകരും ചില നായകന്‍മാരുടെ ഡേറ്റ് കിട്ടാത്തതു മൂലം സിനിമകള്‍ നടക്കാതെ വരുമ്പോള്‍ ഞാന്‍ അവരെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ആ കഥാപാത്രത്തെ നായികയാക്കി തിരക്കഥയെഴുതൂ. ഞാന്‍ വന്ന് അഭിനയിക്കാമെന്ന്. എന്റെ കാര്യത്തില്‍ അത് യാഥാർഥ്യമായിട്ടില്ലെങ്കിലും നായകന്‍മാര്‍ക്കു വേണ്ടി പ്ലാന്‍ ചെയ്ത ചില പടങ്ങള്‍ പിന്നീട് ഫീമെയില്‍ സെന്‍ട്രിക്കായി വന്ന അനുഭവങ്ങളുമുണ്ട്.

അംഗങ്ങളല്ലാത്തവരും ഒപ്പമുണ്ട്

ഡബ്ലുസിസി അംഗങ്ങള്‍ എന്ന നിലയില്‍ പുറത്ത് കാണുന്നവര്‍ 60 ല്‍ താഴെയുളള ഒരു സംഖ്യ മാത്രമാണ്. എന്നാല്‍ നിരവധി പേര്‍ മെമ്പറാകാതെ തന്നെ നമ്മുടെ ഭാഗമായി നില്‍ക്കുന്നുണ്ട്. അതിന് കാരണം സംഘടനയുടെ ഭാഗമായതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടവരുടെ അനുഭവം മുന്നിലുണ്ട്. അതിനാല്‍ അവര്‍ക്ക് സജീവമായി രംഗത്ത് വരാന്‍ കഴിയില്ല.എന്നെ സംബന്ധിച്ച് ജോലി  നഷ്ടപ്പെട്ടാല്‍ വേറെ ജോലി തരാനുളള സൗഹൃദങ്ങളുണ്ട്. കുടുംബത്തിന്റെ പിന്‍തുണയുണ്ട്. ഇതൊന്നുമില്ലാത്തവര്‍ക്ക് ധൈര്യപൂര്‍വം സംഘടനയുടെ മുന്നണിയിലേക്ക് വരാന്‍ കഴിയില്ല. അവരുടെ പ്രയാസങ്ങള്‍ കൂടി നാം മനസിലാക്കേണ്ടതുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മേക്കപ്പ് വിമന്‍സും അടക്കം പുറത്ത് കാണാത്ത അനവധിയാളുകള്‍ മനസുകൊണ്ട് വിമന്‍സ് ഇന്‍ കളക്ടീവിന്റെ ഭാഗമായി നില്‍ക്കുന്നുണ്ട്. 

അതേസമയം പല തട്ടുകളായി നില്‍ക്കുന്ന സ്ത്രീകളുമുണ്ട്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍വതി ഒന്ന് വെറുതെയിരിക്കൂ, ഞങ്ങള്‍ എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്‌ക്കോട്ടെ എന്ന് എന്നെ വിളിച്ചു പറഞ്ഞവരുമുണ്ട്. ഞാന്‍ അഭിനയിച്ച ഒരു പടത്തിന്റെ സെറ്റില്‍ സഹസംവിധായകന്‍ കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞു. ഞാന്‍ ആ കുട്ടിയെ പേഴ്‌സനലായി വിളിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് തിരക്കി. ആ കുട്ടി ഒരക്ഷരം മിണ്ടിയില്ല. അടുത്ത 4 ദിവസം ആ കുട്ടിയെ ലൊക്കേഷനില്‍ കണ്ടില്ല. വീണ്ടും സെറ്റില്‍ ജോയിന്‍ ചെയ്ത ശേഷം ആ കുട്ടി എനിക്ക് ഐ കോണ്‍ടാക്ട് തന്നിട്ടില്ല.

അവരെയും കുറ്റം പറയാന്‍ സാധിക്കില്ല. എതിര്‍ത്തു നില്‍ക്കാനുളള ത്രാണി അവര്‍ക്ക് സമൂഹം നല്‍കുന്നില്ല. എന്റെ വാക്കുകള്‍ പോലും ആളുകള്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കാനിടയായത് വളരെ പ്രധാനപ്പെട്ട ചില സിനിമകള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ്. ഇപ്പോള്‍ തന്നെ ചില പൊതുപരിപാടികള്‍ക്ക് കലക്ടീവില്‍ നിന്നും ക്ഷണം വരുമ്പോള്‍ സംഘാടകര്‍ പറയും. പാര്‍വതിയോ റിമയോ വന്നാല്‍ മതി കേട്ടോ. അതെന്താണെന്ന് ചോദിച്ചാല്‍ അവരുടെ മറുപടി ടിആര്‍പി റേറ്റിങിനെക്കുറിച്ചാവും. അപ്പോള്‍ ഞങ്ങള്‍ പറയും. എന്നാല്‍ അത് വേണ്ട. കാരണം ഞങ്ങളേക്കാളൊക്കെ ഈ കൂട്ടായ്മക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന സ്ത്രീകളുണ്ട്. അവരും പരിഗണിക്കപ്പെടേണ്ടതല്ലേ?

ആത്മനിന്ദ തോന്നിയ നിമിഷങ്ങള്‍

ഞാന്‍ താരസംഘടനയിലുളള കാലത്ത് അവിടെ മീറ്റിങിന് ചെല്ലുമ്പോള്‍ സിനിമകളുടെ സെറ്റിലെ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു.

‘അത് വിട് പാര്‍വതി. അതൊക്കെ പോട്ടെ. നമ്മളൊരു കുടുംബമല്ലേ, നമുക്ക് ഓണമൊക്കെ സെലിബ്രേറ്റ് ചെയ്ത് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച്ആഘോഷമായിട്ട് പോകാം’. 

മുതിര്‍ന്ന നടന്മാരില്‍ ചിലര്‍ക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനില്‍ ശുചിമുറികള്‍ വേണമെന്ന എന്റെ ആവശ്യത്തിന് പിന്തുണ ലഭിച്ചത്. ആ സംഭവത്തോടെ 'ബാത്‌റൂം പാര്‍വതി' എന്ന പേര് വരെ വീണു. ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി പോലും തമാശയാണ്. ആര് ജയിക്കണമെന്ന് മൂന്‍കൂട്ടി തീരുമാനിച്ചിട്ട് എന്ത് പറഞ്ഞാലും സപ്പോര്‍ട്ട് ചെയ്യുന്ന ചിലരെ കൈപൊക്കി കാണിക്കാന്‍ ചുമതലപ്പെടുത്തും. മറ്റുളളവര്‍ ലഞ്ച് കഴിക്കാന്‍ പോകുന്ന നേരത്ത് ഇക്കൂട്ടര്‍ കൈപൊക്കി പിന്‍തുണ രേഖപ്പെടുത്തും. ആ സമയത്ത് കൂടുതല്‍ ആളുകളും അവിടെയുണ്ടാകില്ല. ഇതിലെന്ത് ജനാധിപത്യമാണുളളത്. എന്ത് നൈതികതയാണുളളത്. ഇതെല്ലാം പ്രഹസനമാണെന്ന് കണ്ടപ്പോള്‍ അതിന്റെ ഭാഗമായി നില്‍ക്കുന്ന നമുക്ക് തന്നെ നമ്മളോടുളള ബഹുമാനം നഷ്ടപ്പെടും. 

ആ ബഹുമാനം തിരിച്ചു പിടിക്കാനാണ് വാസ്തവത്തില്‍ മറ്റൊരു മൂവ്‌മെന്റുമായി ഇറങ്ങിത്തിരിച്ചത്. ആര്‍ക്കും എന്തും ചെയ്യാവുന്ന എങ്ങനെയും സമീപിക്കാവുന്ന ഒരു ഉല്‍പ്പന്നമാണോ സ്ത്രീ? അല്ല. സ്വന്തമായ ചിന്തകളും വികാരങ്ങളും തീരുമാനങ്ങളും നിലപാടുകളും നീതിബോധവുമെല്ലാമുളള മനുഷ്യജന്മം തന്നെയാണ് സ്ത്രീ. ആ തലത്തില്‍ അവളെ പരിഗണിക്കുന്ന ഒരു ലോകത്തിന് വേണ്ടി കൂടിയുളളതാണ് ഈ പോരാട്ടം.

English Summary:

Parvathy Thiruvoth: The Unwavering Voice for Justice in Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com