പാലാക്കാരൻ കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പനി’ൽ ജോയിൻ ചെയ്ത് താരം
Mail This Article
‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങില്‍ ജോയിൻ ചെയ്ത് കേന്ദ്ര സഹ മന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി രണ്ട് ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
കേന്ദ്രമന്ത്രിയായ ശേഷം താരം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മന്ത്രിയായ ശേഷം അഭിനയവുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോൾ കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടു കൂടിയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനായി എത്തിയിരിക്കുന്നത്. ജനുവരി 16 വരെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ. നൂറ് ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഷിബിൻ ഫ്രാൻസിസിന്റേതാണ് രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം.