എട്ട് വർഷം നീണ്ട നിയമയുദ്ധം; ഒടുവിൽ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചിതരായി
Mail This Article
എട്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30-ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. വർഷങ്ങൾ നീണ്ട പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഡിവോഴ്സിന് ധാരണയായതിൽ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമൺ പ്രതികരിച്ചു.
2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും കുട്ടികളുടെ അവകാശവും ധാരണയിലെത്താതിരുന്നതോടെയാണ് നിയമയുദ്ധം നീണ്ടുപോയത്.
ഡിവോഴ്സ് സെറ്റിൽമെന്റ് നടന്നെങ്കിലും ഇരുവർക്കും ഉടമസ്ഥാവകാശമുള്ള ചില പ്രോപ്പർട്ടികൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഫ്രാൻസിലുള്ള വൈൻയാർഡ് സംബന്ധിച്ചാണ് തർക്കം. സ്റ്റോളി ഗ്രൂപ്പ് എന്ന കമ്പനിക്ക് ആഞ്ചലീന ജോളി ഓഹരി തന്റെ സമ്മതമില്ലാതെ വിറ്റു എന്നാണ് ബ്രാഡ് പിറ്റിന്റെ ആരോപണം. മധ്യസ്ഥതയിൽ ഈ പ്രശ്നം പരിഹരിക്കാനോ അല്ലെങ്കിൽ കോടതി വഴി പരിഹരിക്കാനോ ഇരുവരും താൽപര്യപ്പെടുന്നുണ്ടെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വൈകാതെ അവര്‍ പങ്കാളികളാവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.