‘സർവൈവൽ ആണ് അവർക്ക് ഉദ്ഘാടനം, കാര്യങ്ങൾ അത്ര നിഷ്കളങ്കമല്ല’; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
Mail This Article
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഫറ ഷിബില വ്യക്തമാക്കി.
വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വിഡിയോകൾ ഷെയർ ചെയ്യുന്ന ഹണി റോസിന്റെ പ്രവർത്തികൾ അത്ര നിഷ്കളങ്കമല്ലെന്നാണ് ഫറ ഷിബിലയുടെ നിരീക്ഷണം. ഉപജീവനത്തിനായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ലെങ്കിലും സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഹണി റോസിന്റെ പ്രവർത്തികൾ ബാധിക്കും എന്നും ഫറ ഷിബില പറയുന്നു.
"സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പക്ഷെ ‘എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു’ അത്രയും നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വിഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്? സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയിൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും.
മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പരാമർശിക്കാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?
ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു. ഒരുപക്ഷേ, അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല. ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല. സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. ‘ഉദ്ദേശ്യത്തേക്കാൾ അത് നൽകുന്ന സ്വാധീനം പ്രധാനമാണ്’ ശരിയാണോ? ധാർമ്മികമായി തെറ്റുള്ളതൊന്നും പൊളിറ്റിക്കലി കറക്റ്റ് ആയില്ല," ഫറ ഷിബില പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഫറ ഷിബില. ടെലിവിഷന്‍ അവതാരകയായും ഫറ ഷിബില പ്രവർത്തിച്ചിട്ടുണ്ട്.