അസോസിയേഷന്റെ കണക്ക് തെറ്റ്; ഷെയർ 30,000 അല്ല 7 ലക്ഷം; തെളിവുമായി സംവിധായകൻ

Mail This Article
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട മലയാള സിനിമകളുടെ തിയറ്റർ ഷെയർ കലക്‌ഷനിൽ തെറ്റുണ്ടെന്ന ആരോപണവുമായി സംവിധായകൻ ഗോപുകിരൺ സദാശിവൻ. ഗോപുകിരൺ സംവിധാനം ചെയ്ത ‘ആത്മ സഹോ’ എന്ന ചിത്രത്തിന് തിയറ്ററിൽ നിന്നും 30000 രൂപ മാത്രം ഷെയർ ആയി ലഭിച്ചുവെന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. എന്നാല്‍ ഇതുവരെ പിവിആറിൽ നിന്നു മാത്രം ഏഴ് ലക്ഷത്തിനടുത്ത് സിനിമയ്ക്ക് കലക്‌ഷൻ ലഭിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
‘‘വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമാണ് സിനിമ റിലീസ് ചെയ്തത്. പക്ഷേ പിവിആറിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. നാലാഴ്ച കൊണ്ട് ഏഴ് ലക്ഷത്തിനു മുകളിലാണ് ഇവിടെ നിന്നു മാത്രം സിനിമയുടെ കലക്‌ഷൻ. ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം കൊണ്ട് മാത്രമാണ് ഈ സിനിമ ഇത്ര നല്ല രീതിയിൽ മുന്നേറിയത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഈ കണക്ക് എങ്ങനെ കിട്ടിയതെന്ന് അറിയില്ല. നമ്മുടെ വിതരണക്കാരെയോ മറ്റു പ്രവർത്തകരെയോ ആരെയും ഇവർ വിളിച്ചു ചോദിച്ചിട്ടില്ല. ഇങ്ങനെയുള്ള റിപ്പോർട്ടുകൾ എപ്പോഴും സത്യസന്ധമായിരിക്കണം, അല്ലെങ്കില്‍ നമ്മളെപ്പോലുള്ള സിനിമാ പ്രവർത്തകർക്ക് ഇത് ദോഷകരമായി ബാധിക്കും. വളരെ ചെറിയ ബജറ്റിൽ സിനിമ ചെയ്യുന്ന സംവിധായകരെയും നിർമാതാക്കളെയുമൊക്കെ ഇത്തരം വാർത്തകള്‍ തളർത്തും. റിലീസിനു ശേഷമുള്ള പല ബിസിനസ്സുകളും ഇതുമൂലം നടക്കാതെ വരും, അതുകൊണ്ട് ഇങ്ങനെയുള്ള കലക്‌ഷൻ ഷെയർ റിപ്പോർട്ടുകൾ എടുക്കുമ്പോൾ അതിലുള്ള ആധികാരികത അസോസിയേഷൻ ഉറപ്പു വരുത്തണം.’’–ഗോപുകിരൺ മനോരമ ഓൺലൈനിനോടു പറഞ്ഞു.
ഗോപുകിരൺ പുറത്തുവിട്ട പത്രക്കുറിപ്പിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു:
‘‘പ്രിയമുള്ളവരേ..ഈ കഴിഞ്ഞ ഫെബ്രുവരി 28ാം തീയതി റിലീസ് ചെയ്ത ‘ആത്മ സഹോ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഞാൻ. എന്റെ ഭാര്യ ആഷിൻ കിരണാണ് ത്രിദേവ് പ്രൊഡക്‌ഷന്റെ ബാനറിൽ സിനിമ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രചരിച്ച കലക്‌ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് നിങ്ങളോട് സംവദിക്കേണ്ടി വന്നത്. അതിൽ രേഖപ്പെടുത്തിയതിൻ പ്രകാരമുള്ള ‘ആത്മ സഹോ’ എന്ന സിനിമയ്ക്ക് ലഭിച്ച കലക്‌ഷൻ റിപ്പോർട്ട് തെറ്റാണ്.
അതുമല്ല സിനിമ ഇപ്പോൾ ഓടുന്നില്ല എന്ന റിപ്പോർട്ടാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ചാർട്ടുണ്ടാക്കിയവരോടും അത് പ്രചരിപ്പിച്ച മാധ്യമ പ്രവർത്തകരോടും ഒന്ന് ചോദിച്ചോട്ടേ. നിങ്ങൾ കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണോ വാർത്ത സംപ്രേക്ഷണം ചെയ്തത്. റിപ്പോർട്ടിൻ പ്രകാരം ആത്മ സഹോ ഇപ്പോൾ നാലാം വാരത്തിലൂടെ പല തിയറ്ററുകളിലും ഓടിക്കൊണ്ടിരിക്കുന്നു. പിന്നെങ്ങനെയാണ് നിങ്ങൾ പറഞ്ഞ തുക മാത്രം ഞങ്ങൾക്ക് കിട്ടുന്നത്. കലക്‌ഷനെത്രയാണ് കിട്ടിയതെന്ന് ഞങ്ങളുടെ കൈവശം തെളിവുകളുണ്ട്.
വ്യക്തത വരുത്താതെ നിങ്ങൾ പ്രചരിപ്പിച്ച വ്യാജ സന്ദേശം.. ചിത്രത്തിന്റെ ഇനിയുള്ള യാത്രയേ നെഗറ്റീവായി ബാധിക്കില്ല എന്ന് നിങ്ങൾക്കാർക്കെങ്കിലും പറയാമോ. അങ്ങനെ എന്തെങ്കിലും നഷ്ടം വന്നാൽ നിങ്ങളാരെങ്കിലും നികത്തിത്തരുമോ. ഇങ്ങനെ നിങ്ങളൊക്കെ പ്രവർത്തിച്ചാൽ നാളെ പുതുമുഖ നിർമാതാക്കൾ രംഗത്ത് വരുമോ ഇതൊരു ചെറിയ സിനിമയാണ്. സത്യം സത്യമായറിയിക്കൂ. സന്തോഷം. ഇല്ലാക്കഥ പ്രചരിപ്പിച്ച് ഞങ്ങളെയും ഈ ചിത്രത്തേയും ഇല്ലായ്മ ചെയ്യരുത്.
പുതിയ തലമുറയേ തളർത്തരുത്. കൂടാതെ ചാനൽ ചർച്ചകൾക്ക് വരുന്ന പഴയ സിനിമ തിരക്കഥാകൃത്തുക്കൾ എന്ന് അവകാശപ്പെടുന്ന ആൾക്കാർ സംസാരിക്കുന്നതിനു മുമ്പ് സത്യം മനസ്സിലാക്കി ബോധത്തോട് സംസാരിച്ചാൽ കൊള്ളാം. ഉദാഹരണമായി പിവിആർ ലുലു തിരുവനന്തപുരത്തെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കലക്‌ഷൻ റിപ്പോർട്ട് താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇപ്പോൾ നാലാം വാരം സിനിമ വിജയകരമായി മുന്നേറുകയാണ്.’’