ഇടിയുടെ പകയുടെ വൻ'മുറ'; റിവ്യു
Mail This Article
മലയാളത്തിൽ ഗ്യാങ്‌സ്റ്റർ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരു ചിത്രം കൂടി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കപ്പേള എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ സംവിധാനത്തിൽ കഴിവ് തെളിയിച്ച മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്ന ചിത്രം സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തലസ്ഥാന നഗരിയിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ കഥപറയുന്ന ഈ റിവഞ്ച് ത്രില്ലറിൽ സുരാജ് വെഞ്ഞാറമൂടും മാലാ പാർവതിയും ഏറെ വ്യത്യസ്തങ്ങളായ വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ നേതാവാണ് അനി. സ്നേഹിക്കുന്നവർ അനിയണ്ണൻ എന്ന് വിളിക്കുന്ന അനി നേരിട്ടുള്ള പണികൾ നിർത്തിയെങ്കിലും വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യുന്നയാളാണ്. പ്രൈവറ്റ് ബാങ്കുടമയും കള്ളപ്പണ ഇടപാടുകൾ നടത്തുകയും ചെയ്യുന്ന രമാദേവിയാണ് അനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാൾ. രമചേച്ചിക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ മടിയില്ലാത്ത അനിയുടെ കൂട്ടത്തിലെ പ്രധികളാണ് സജിയും ചൊക്ലിയും. ചൊക്ളിയാണ് ഒരിക്കൽ പുതിയ നാല് പിള്ളേരെ അനിക്ക് പരിചയപ്പെടുത്തിയത്. ഒരു പണിക്കും പോകാതെ കറങ്ങി നടന്ന അനന്തു, സജി, മനു, മനാഫ് എന്നിവർ പെട്ടെന്ന് തന്നെ അണിയണ്ണന്റെ വിശ്വാസം പിടിച്ചുപറ്റി. പ്രായത്തിന്റെ ചോരത്തിളപ്പിൽ എന്തും ചെയ്യാൻ മടിയില്ലാത്ത പിള്ളേരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അനി ഏൽപ്പിക്കുന്നു. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത പ്രായത്തിൽ അമ്മമാരുടെ വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് പിള്ളേര് ഇറങ്ങി പുറപ്പെടുകയാണ്, സഹായത്തിനായി മധുര സ്വദേശികളായ രണ്ടു നൻപന്മാരും ഒപ്പം കൂടി. ആ കൊട്ടേഷൻ ഒടുവിൽ നാൽവർ സംഘത്തെ കൊണ്ടെത്തിച്ചത് അവർ പോലും പ്രതീക്ഷിക്കാത്ത ഊരാക്കുടുക്കുകളിലേക്കാണ്.
മുറയിൽ അനിയണ്ണൻ എന്ന ഗുണ്ടാ നേതാവായി എത്തിയത് സുരാജ് വെഞ്ഞാറമൂട് ആണ്. തിരുവന്തപുരം സംസാര ശൈലിയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഹാസ്യവും കാരക്ടർ റോളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുരാജിന്റെ വ്യത്യസ്തമായ മറ്റൊരു മുഖാമയിരുന്നു മുറയിൽ കണ്ടത്. പൂ പറിക്കുന്ന ലാഘവത്തോടെ സുരാജ് ആക്ഷൻ സീനുകൾ ചെയ്യുന്നതിലും വ്യത്യസ്തതയുണ്ടായിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു കഥാപാത്രം മാലാ പാർവതിയുടെ രമാദേവിയാണ്. മാലാ പാർവതിയുടെ അഭിനയജീവിതത്തിലെ കരിയർ ബെസ്റ്റ് ആയി രമാദേവി അടയാളപ്പെടുത്തിയേക്കും. മെയ്ക് ഓവർ കൊണ്ടും പ്രകടനം കൊണ്ടും മാലാ പാർവതി കഥാപത്രത്തോട് നീതിപുലർത്തി. എടുത്തുപറയേണ്ട പ്രകടനവുമായി എത്തിയത് ഹൃദു ഹാരൂണ്‍ എന്ന പുതുമുഖമാണ്. മലയാളത്തിൽ പുതുമുഖമാണെങ്കിലും കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് അവാർഡ് നേടിയ ആൾ വീ ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലും ഡ്രാമാ സീരീസിലും ഹൃദു അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ സീനുകളിലും വൈകാരിക രംഗങ്ങളിലും മികവുറ്റ പ്രകടനം കാഴ്ചവച്ചുകൊണ്ട് ഹൃദു ഹാറൂൺ മലയാള സിനിമയിലെ യുവതാരങ്ങളിൽ പുതിയ വാഗ്‌ദാനമായി മാറുകയാണ്. പ്രധാന കഥാപാത്രങ്ങളായി വന്ന മറ്റ് പുതുമുഖ താരങ്ങളായ ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍ തുടങ്ങിയവർ ആദ്യമായി അഭിനയിക്കുന്നതിന്റെ പതർച്ചയൊന്നുമില്ലാതെ ആക്ഷൻ സീനുകളിൽ ഉൾപ്പടെ മിന്നും പ്രകടനം കാഴ്ച്ച വച്ചു. കനി കുസൃതി, കൃഷ് ഹസ്സന്‍, കണ്ണന്‍ നായര്‍, സിബി ജോസഫ് വിഘ്നേശ്വര്‍ സുരേഷ് തുടങ്ങി നിരവധി താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളായി മുറയിൽ എത്തുന്നുണ്ട്.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പരിചയ സമ്പന്നതയുമായാണ് മുസ്തഫ കപ്പേള എന്ന ചിത്രമൊരുക്കിയത്. അവാർഡുകൾ വാരിക്കൂട്ടിയ കപ്പേളയ്ക്ക് ശേഷം തന്റെ രണ്ടാം ചിത്രമായ മുറയുമായി എത്തുമ്പോഴും വര്ഷങ്ങളായി മലയാള സിനിമയോട് അടുത്തുനിൽക്കുന്നതിന്റെ പരിചയ സമ്പന്നത ഓരോ ഫ്രെയിമിലും പ്രകടമാണ്. ഗ്യാങ്‌സ്റ്റർ സിനിമകൾ നിരവധി പുറത്തിറങ്ങുന്ന മലയാള സിനിമയിൽ പുതിയ പരീക്ഷണങ്ങളും കാഴ്ചാനുഭവങ്ങളും ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ എന്ന് മുസ്തഫ തിരിച്ചറിഞ്ഞിരിക്കുന്നു. ഗ്യാങ്സ്റ്റർ കഥയ്ക്ക് പുറമെ കുടുംബബന്ധങ്ങൾക്കും പരിധിയില്ലാത്ത സൗഹൃദത്തിനും പ്രാധാന്യം നൽകിയ തിരക്കഥ രചിച്ചത് സുരേഷ് ബാബുവാണ്. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണവും എഡിറ്റിംഗും മികവ് പുലർത്തി. ഫാസില്‍ നാസറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ക്രിസ്റ്റി ജോബിയുടെ സംഗീതം ഗ്യാങ്‌സ്റ്റർ സിനിമയുടെ ചടുലതക്ക് താളം പകരുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് ഗാനങ്ങളും ഒട്ടും മുഴച്ചു നിൽക്കാത്തവിധം മുറയിൽ ഇഴചേർന്നിരിക്കുന്നു.
തലസ്ഥാന നഗരിയുടെ തിളങ്ങുന്ന രാജവീഥിയുടെ പ്രൗഢിക്ക് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ പകയുടെയും പ്രതികാരത്തിന്റെയും അമ്മമാരുടെ കണ്ണീർപുഴകളുടെയും പേടിപ്പിക്കുന്നൊരു ചരിത്രമുണ്ട്. ആ ചരിത്രത്തിൽ നിന്ന് ഒരു താള് ചീന്തിയെടുത്താണ് സുരേഷ് ബാബു മുറയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും സൗഹൃദത്തിന്റെ വൈകാരികതയും മേക്കിങ്ങിന്റെ മികവും കൊണ്ട് ഗ്യാങ്‌സ്റ്റർ സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഇടം പിടിക്കുന്ന ഒന്നാണ് മുസ്തഫയുടെ മുറ.