ഒരു തെറാപ്യൂട്ടിക് അനുഭൂതിയാകുന്ന ‘ബീഫ്’
Mail This Article
അമേരിക്കൻ സിനിമാ ലോകത്ത് ഇതര വംശങ്ങളുടെ കഥകൾ പ്രമേയമാവാൻ തുടങ്ങിയിട്ട് വളരെച്ചുരുങ്ങിയ കാലമേ ആവുന്നുള്ളൂ. ആഫ്രിക്കൻ, ഏഷ്യൻ, അറബ് വംശങ്ങളും മറ്റ് തദ്ദേശീയ വിഭാഗങ്ങളും അവരുടെ സിനിമകളിൽ ഇക്കാലമത്രയും ശത്രുപക്ഷത്തായിരുന്നു. ഹോളിവുഡ് തന്നെ പ്രകടമായൊരു മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന യാഥാർഥ്യം വ്യക്തമാക്കുന്നത്, അത്തരമൊരു വിചിന്തനം ആരംഭിക്കുന്നത്, ഒരു പക്ഷേ 2019 ൽ 'പാരസൈറ്റ്' എന്ന ചിത്രം ഓസ്കറിൽ മികച്ച ചിത്രമായതോടെ ആയിരിക്കും. ശേഷം കഴിഞ്ഞ വർഷം, ഏഷ്യൻ വംശജരായ അമേരിക്കൻ സംവിധായകർ 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസി'ലൂടെ മറ്റ് അമേരിക്കൻ സിനിമകൾക്ക് മേൽ നേടിയ വിജയം ഈ നരേറ്റീവുകൾക്കും ലോക സിനിമയിൽ തത്തുല്യ സ്ഥാനം ഉണ്ടെന്ന രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. എങ്ങനെ ഏറ്റെടുക്കപ്പെട്ടാലും, ഇന്ന് സിനിമ കൂടുതൽ പ്രാദേശികവത്കരിക്കപ്പെടുന്നുണ്ട്. കൂടുതൽ ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാനും അവരെക്കൂടെ ആഘോഷിക്കാനും ഇന്ന് സിനിമയ്ക്ക് ശേഷിയുണ്ട്. ഇതിന്റെ തുടർച്ചയാണ് കൊറിയൻ അമേരിക്കൻ സംവിധായകനായ ലീ സുങ്ങിന്റെ ‘ബീഫ്’.
പത്ത് എപ്പിസോഡുകൾ മാത്രമുള്ള ഒറ്റ സീസൺ സീരീസാണ് ബീഫ്. 2023 ഏപ്രിലിലാണ് നെറ്റ്ഫ്ലിക്സിൽ റിലീസായതെങ്കിലും, കഴിഞ്ഞ വർഷത്തെ എമ്മി പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിലൂടെയാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. ലിമിറ്റഡ് സീരീസുകളിൽ മികച്ച നടനും നടിക്കും സംവിധായകനുമുള്ള പുരസ്കാരങ്ങൾ ബീഫിനായിരുന്നു. അതിനുമപ്പുറം കാഴ്ചക്കാരെ പല വൈകാരികതകളിലൂടെയും ശരിതെറ്റുകളിലൂടെയും മനുഷ്യരിലൂടെയും ഴോണറുകളിയിലൂടെയും കൊണ്ടുപോവുകയാണ് ഈ സീരീസ്.
ഒരു കാർ ചേസിങ്ങിന്റെ ത്രില്ലിൽ ആരംഭിക്കുന്ന ചിത്രം ഓരോ എപ്പിസോഡ് കടന്നു പോകുമ്പോഴും പല ഭാവങ്ങളിലേക്ക് കടക്കുന്നുണ്ട്. എപ്പിസോഡുകളുടെ തുടക്കത്തിൽ തെളിയുന്ന അബ്സ്ട്രാക്ട് ചിത്രങ്ങൾ അടങ്ങിയ ടൈറ്റിൽ കാർഡുകൾ മുൻപോട്ടുള്ള ഴോണറിലേക്ക് പ്രേക്ഷകനെ കൃത്യമായി ലാൻഡ് ചെയ്യിപ്പിക്കുന്നു; അതിനു പ്രാപ്തമായ സംഗീത സഹായത്തോടെ. രണ്ട് വ്യത്യസ്ത സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങളിലുള്ള മനുഷ്യരെ, അവർ ആത്യന്തികമായി കണക്ട് ചെയ്യപ്പെടുന്ന ആന്തരിക വികാരങ്ങളിൽ കൂട്ടിയിണക്കിയാണ് ബീഫ് കടന്നു പോകുന്നത്. പെട്ടെന്നു തന്നെ കഥാപാത്രങ്ങളുടെ ഇന്നർ മൈൻഡിലേക്ക് കടന്ന് അതിനെ ചോദ്യം ചെയ്യാനാരംഭിക്കുന്ന പ്രേക്ഷകന് അതേ ചൂണ്ടുവിരൽ തനിക്കു നേരെ തിരിയുന്നതായും തോന്നാം.
കൊറിയയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ചോ ബ്രദേഴ്‌സ് ( മൂത്ത സഹോദരൻ ഡാനി ചെയും ഉഴപ്പനായ ഇളയസഹോദരൻ പോളും) ഒരു ബിസിനസ് ആരംഭിക്കാനും പ്രായമായ മാതാപിതാക്കളെ അവരുടെ സ്വപ്നഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങളിലാണ്. എന്നാൽ എങ്ങുമെത്താതെ, നിരാശനായിരിക്കുന്ന ഡാനി ചോ (സ്റ്റീവൻ യൂൻ)യുടെ ജീവിതത്തിലേക്ക് ഒരു വെള്ള എസ്‌യുവിയിൽ കടന്നു വരുന്നുണ്ട് അലി വോങ് അവതരിപ്പിക്കുന്ന ഏമി ലാവു. ഏമി വളരെ സക്സസ്സ്ഫുൾ ആയ ഒരു സംരംഭകയും അതുവഴി പ്രമുഖയുമാണ്. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ഏമി അതേസമയം വ്യക്തിജീവിതത്തിനു സമയമില്ലാതായിപ്പോകുന്ന, അസ്തിത്വ പ്രതിസന്ധി നേരിടുന്ന ആൾ കൂടിയാണ്. പക്ഷേ സ്ഥിരം എലീറ്റ് സ്റ്റേറ്റ്മെന്റുകളെ ഏമി തിരുത്തുന്നുണ്ട്.
ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലേക്കാണ് അവര്‍ കടന്നു ചെല്ലുന്നത്. ശേഷം അവർക്കിടയിൽ നടക്കുന്നത് ഒട്ടും രസകരമായ കാര്യങ്ങളല്ല. പരസ്പരം പക പോകുന്ന രണ്ടു മനുഷ്യരെ, എഴുത്തുകാരനും സംവിധായകനുമായ ലീ സുങ് സാവകാശം അതിന്റെ ഏറ്റവും ക്രൂരമായ ഭാവങ്ങളിലേക്കു എത്തിക്കുന്നുണ്ട്. എത്ര ഭീകരമായി സന്ദർഭങ്ങൾ മാറുന്നുവോ, അത്രയും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കും പ്രേക്ഷകന് കടന്നു ചെല്ലാനാകും. ഒരു മനുഷ്യന്റെ ജീവിതമത്രയും അയാളുടെ ബാല്യത്തിന്റെ ചിത്രീകരണമാകുന്നുവെന്ന ഫ്രോയ്ഡിയൻ വായന ആവശ്യപ്പെടുന്നുണ്ട് അവിടെയെല്ലാം ബീഫ്. ഏമിയുടെ ഭയവും ഡാനിയുടെ ഏകാന്തതയും അവിടെ തുടങ്ങുന്നതാണ്. അതിന്റെ അടക്കിവയ്ക്കൽ ജീവിതത്തിലെ ഓരോ തീരുമാനത്തെയും നയിക്കുന്നതും അത് മറ്റ് സന്ദർഭങ്ങളിലേക്ക് എത്തിച്ചേരുന്നതും ചെറിയ വാക്കുകളിലൂടെയും സീനുകളിലൂടെയും ലീ സുങ് വ്യക്തമാക്കുന്നു. ഏറ്റവും അവസാനത്തെ എപ്പിസോഡിൽ ഡാനി പറയുന്ന ഒരു വാചകമുണ്ട്: ‘‘യു ആർ ബോൺ, യു മേക്ക് ചോയ്സസ്, ആൻഡ് സഡൻലി യു ആർ ഹിയർ.’’ നിങ്ങൾ ജനിക്കുന്നു, കുറെ തീരുമാനങ്ങൾ എടുക്കുന്നു, പെട്ടെന്ന് ഇതാ ഇവിടെയെത്തുന്നു. മരണം കാത്ത് കാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇരുവരുടെയും സംഭാഷണം, അത്ര നേരവും ത്രില്ലിങ്ങായി കൊണ്ടുപോയ കഥയുടെ കഥാർസിസിലേക്ക് കടക്കുകയാണ്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പൂർണമായും മനസ്സിലാക്കാൻ പറ്റുന്നത് എപ്പോഴാണ്? തീർച്ചയായും, അയാളായിത്തീരുമ്പോൾ മാത്രമായിരിക്കും അത് സാധ്യമാവുക. മറ്റൊരാളുടെ ‘ചെരുപ്പിൽകയറി’ നോക്കിയാൽ പോലും അയാളുടെ തലച്ചോറിൽ നിന്നു നോക്കുന്ന വ്യക്തത കിട്ടില്ല. അവിടെ അത്രകാലവും നമ്മെ മുന്നോട്ടു കൊണ്ടുപോയ ഈഗോ അതിന്റെ സ്വഭാവം തന്നെ മാറ്റിക്കളയും. ഒരു ത്രില്ലിങ് കാർ ചേസിൽ തുടങ്ങി, ഡ്രാമയുടെ സൗന്ദര്യമാവാഹിച്ച് കടന്നു പോകുന്ന ബീഫ് എന്ന ചിത്രം ഒരു തെറാപ്യൂട്ടിക്ക് അനുഭൂതിയാകുന്നത് അവിടെയാണ്.
ഒരു കാർ റേസിങ് സന്ദർഭം ദാരുണമായ മരണങ്ങളിലേക്കും നാശങ്ങളിലേക്കും നഷ്ടങ്ങളിലേക്കും കടക്കവേ, അതിലെ മനുഷ്യർക്കുണ്ടാവുന്ന ആന്തരിക സംഘർഷങ്ങളെ, റിയലിസ്റ്റിക് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫാന്റസി കൊണ്ട് പരിഹരിക്കുകയാണിവിടെ എഴുത്തുകാരൻ. ഒരു ഡ്രാമഡി ത്രില്ലർ എന്നല്ലാതെ എന്തെങ്കിലും വ്യക്തമായ ഴോണറിൽ വ്യാഖ്യാനിക്കാനാവുമോ എന്ന് സംശയം ജനിപ്പിക്കുന്ന സീരീസ് അതിന്റെ കഥാപാത്രാവതരണത്തിലും ചിത്രീകരണത്തിലും ആർട്ട് പ്രോപ്പർട്ടികളുടെ ഉപയോഗത്തിലും മികച്ചതാകുന്നു.