ADVERTISEMENT

ഗ്രാമി ജേതാവ് മൈലി സൈറസിന്റെ ‘ഫ്ലവേഴ്സ്’ എന്ന പാട്ടിനു കവർ പതിപ്പൊരുക്കി ഉഷ ഉതുപ്പ്. ഗായിക പങ്കുവച്ച വിഡിയോ ഇതിനകം യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു. പാട്ട് ഏറ്റെടുത്തതിനു നന്ദി അറിയിച്ച ഉഷ ഉതുപ്പ്, ആരാധകരുടെ സ്നേഹത്തിലും പ്രശംസയിലും താൻ മതിമറക്കുകയാണെന്നും പറഞ്ഞു. മകൾ അഞ്ജലിയാണ് തനിക്കു മൈലിയുടെ ‘ഫ്ലവേഴ്സ്’ പരിചയപ്പെടുത്തിയത്. ഇഷ്ടപ്പെട്ടപ്പോൾ വെറുതെ പാടി നോക്കിയതാണെന്നും ഉഷ ഉതുപ്പ് വെളിപ്പെടുത്തി. തന്റെ ശബ്ദത്തിലൂടെ ആളുകൾക്ക് പാട്ടുമായി കൂടുതൽ അടുക്കാൻ സാധിച്ചു എന്നു കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. 

‘എന്റെ കവർ പതിപ്പിനു തികഞ്ഞ സ്വീകാര്യത ലഭിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. പാട്ടിനെ പ്രശംസിച്ച എല്ലാവർക്കും ഹൃദ്യമായ നന്ദി. കുട്ടികളും മുതിർന്നവരും ഈ പാട്ട് ഒരുപോലെ ഇഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അത് എന്നെ ശരിക്കും അതിശയിപ്പിച്ചു. ആകർഷണീയമായ വരികളുള്ള മനോഹരമായ ഗാനമാണ് ഫ്ലവേഴ്സ്. അതാണ് കവർ ഒരുക്കാൻ എനിക്കു പ്രചോദനമായത്. ഇതൊരു പുതിയ തരം ബ്രേക്കപ് ഗാനമാണ്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് സ്ത്രീ ശക്തിയുടെ പോസിറ്റിവിറ്റിയാണ്. 

ഫ്ലവേഴ്സിനു ഗ്രാമി ലഭിച്ചതിൽ മൈലി സൈറസിനെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. അവൾ എന്റെ പാട്ട് കേൾക്കുമോ ഇല്ലയോ എന്നറിയില്ല. കേട്ടാൽ ഇത് ഇഷ്ടപ്പെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും അതുവരെ കാത്തിരിക്കാൻ എനിക്കു ക്ഷമയില്ല. വൈകാതെ ഞാനും മൈലിയും ഒരുമിച്ചു പ്രവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രേക്ഷകരുടെ സ്നേഹം എല്ലായ്പ്പോഴും എനിക്കൊപ്പമുണ്ടായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, നിങ്ങളുടെ പിന്തുണയില്ലെങ്കിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല’, ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉഷ ഉതുപ്പ് പറഞ്ഞു. 

2023 ജനുവരിയിലാണ് മൈലി സൈറസിന്റെ ‘ഫ്ലവേഴ്സ്’ പുറത്തിറങ്ങിയത്. റെക്കോർഡ് വേഗത്തിൽ പാട്ട് യൂട്യൂബിൽ തരംഗമായി. 70 കോടിയിലേറെ പ്രേക്ഷകരെ പാട്ട് ഇതിനകം നേടിക്കഴിഞ്ഞു. റെക്കോർഡ് ഓഫ് ദ് ഇയർ, മികച്ച പോപ് സോളോ പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് പാട്ട് ഗ്രാമി കയ്യടിക്കയത്. 15 വർഷം നീണ്ട സംഗീതജീവിതത്തിൽ ഇതാദ്യമായാണ് മൈലി ഗ്രാമിയിൽ മുത്തമിടുന്നത്. 2015ലും 2022ലും ഗ്രാമിക്കു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും വേദിയിൽ നിന്നു നിരാശയോടെ മടങ്ങുകയായിരുന്നു ഗായിക.

English Summary:

Usha Uthup talks about grammy winner Miley Cyrus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com