ന്യായവിലയിൽ അന്യായം അരുത്

Mail This Article
ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കും വില കുറച്ചു വിൽപന നടത്തിയതിന്റെ പേരിൽ (അണ്ടർ വാല്യുവേഷൻ) റജിസ്ട്രേഷൻ വകുപ്പ് അയയ്ക്കുന്ന റവന്യു റിക്കവറി അറിയിപ്പു നോട്ടിസ് ഒട്ടേറെപ്പേർക്ക് അന്യായമാകുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളിലൊന്നായി സർക്കാർ കാണുന്ന ഈ നടപടി ഭൂമിവില കുറച്ചുകാണിച്ചവരുടെ കാര്യത്തിൽ ന്യായമാണെങ്കിലും നേർവഴി തേടിയ ഒട്ടേറെപ്പേരെക്കൂടി വലയ്ക്കുന്നുണ്ടെന്നു സർക്കാർ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? ഭൂമിക്കു ന്യായവില പ്രാബല്യത്തിൽ വന്ന് 13 വർഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ 85% സർവേ നമ്പറുകളിലെ ഭൂമിക്കും ന്യായവില നിശ്ചയിച്ചിട്ടില്ലെന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഭൂമി വിൽപന റജിസ്റ്റർ ചെയ്തപ്പോൾ രേഖപ്പെടുത്തിയ വിലയും ജില്ലാ റജിസ്ട്രാർമാരുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാംപ് ഡ്യൂട്ടി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 1986 മുതൽ 2017 വരെയുള്ള അണ്ടർ വാല്യുവേഷൻ കേസുകളിലായി ആയിരക്കണക്കിനു ഭൂവുടമകൾക്ക് ഇതിനകം തപാൽ വഴി നോട്ടിസ് ലഭിച്ചു. ഭൂമി വാങ്ങിയതായി ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിലേക്കും വിലാസത്തിലേക്കുമാണ് അറിയിപ്പു നോട്ടിസ്. അതുകൊണ്ടുതന്നെ മേൽവിലാസക്കാരെ കണ്ടെത്താതെ നോട്ടിസ് മടങ്ങിവരുന്നുമുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപു വാങ്ങിയ ഭൂമി ഇതിനകം പലർക്കും കൈമാറിയിട്ടുണ്ടാകാം. അങ്ങനെയുള്ള സാഹചര്യത്തിൽ, സർക്കാരിനു പുതിയ മുദ്രവില നൽകേണ്ടത് ആരെന്ന ചോദ്യം പ്രധാനമാണ്. ഒരിക്കൽ അണ്ടർ വാല്യുവേഷൻ നോട്ടിസ് ലഭിച്ച ഭൂമി വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ പുതിയ ഭൂവുടമയ്ക്കും നോട്ടിസ് ലഭിക്കും.
പലയിടത്തെയും ന്യായവില നിർണയത്തിന്റെ അശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെടുന്നു. 2010 ഏപ്രിൽ മുതൽ ഭൂമി ന്യായവില പ്രാബല്യത്തിലായെങ്കിലും പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് ഇതു നിലവിലുള്ളത്. ആർഡിഒമാരാണ് ന്യായവില നിർണയിക്കുന്നത്. ന്യായവില രേഖപ്പെടുത്താത്ത ഒട്ടേറെ സർവേ നമ്പറുകളിൽപോലും നോട്ടിസ് ലഭിക്കുന്നുണ്ട്. തുടക്കത്തിൽ നിശ്ചയിച്ച ന്യായവിലയിൽനിന്നു 13 വർഷം കൊണ്ട് 200 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളത്. പലയിടങ്ങളിലും നിശ്ചയിച്ച ന്യായവിലയിൽ അപാകതകളുണ്ടെന്നും ആക്ഷേപമുണ്ട്. ന്യായവില പ്രാബല്യത്തിൽ വന്നതു മുതൽ ആറു തവണ നിരക്ക് വർധിപ്പിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലെ സർവേ നമ്പറുകളിലേക്കും ഇതു വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം സർവേ നമ്പറുകളിലും ന്യായവില പ്രാബല്യത്തിലായിരുന്നെങ്കിൽ ഇപ്പോഴത്തെ അണ്ടർ വാല്യുവേഷൻ നോട്ടിസ് ഒഴിവാക്കാമായിരുന്നു.
ഒട്ടേറെ ഇടങ്ങളിൽ ന്യായവില വിപണി വിലയെക്കാൾ ഉയർന്നുനിൽക്കുന്നതും ഇതു നിർണയിക്കുന്നതിലെ അശാസ്ത്രീയതയ്ക്കു തെളിവാണ്. ഓരോ ബജറ്റിലും ന്യായവില കൂട്ടി വരുമാനം ഉറപ്പാക്കുന്നതല്ലാതെ ഇതു ശാസ്ത്രീയമായി പരിഷ്കരിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇതിനായി 2 തവണ സമിതികളെ നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ല. കോടികൾ മുടക്കി ഭൂമി വാങ്ങുന്നവർക്കു ഭൂമി ഇടപാടു ചെലവിൽ വൻ ഇളവു ലഭിക്കുമ്പോൾ ന്യായവില വർധന കാരണം സാധാരണക്കാർക്ക് എപ്പോഴും അധികഭാരമാണ്. അടിസ്ഥാന ന്യായവില പരിഷ്കരിച്ചാൽ മാത്രമേ ഇൗ പ്രശ്നം പരിഹരിക്കാനാകൂ.
ന്യായവിലയുടെ പേരിൽ പരമാവധി പിഴിയാനുള്ള സർക്കാർവഴിയായി ഇപ്പോഴത്തെ നടപടിയെ കാണുന്നവരുണ്ട്. ചെറിയ അളവിൽ ഭൂമിയുള്ള സാധാരണക്കാർപോലും ഇതിൽ ഉൾപ്പെടുന്നു. ഭൂമി ഇടപാടു സമയത്ത് ആധാരത്തിൽ വില കുറച്ചു കാണിച്ചെന്ന കാരണം പറഞ്ഞ് സബ് റജിസ്ട്രാർമാർ നോട്ടിസ് അയയ്ക്കുന്ന രീതി നിർത്തലാക്കുന്നെന്നും പകരം പുതിയ മാർഗങ്ങൾ കൊണ്ടുവരുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രീതി വലിയ ആക്ഷേപങ്ങൾക്കു കാരണമായ സാഹചര്യത്തിലായിരുന്നു അത്. ഭൂമിയുടെ പേരിലുള്ള ഈ പിഴിച്ചിലാണ് ആ പുതിയ മാർഗമെങ്കിൽ, ന്യായവില സംവിധാനത്തിലെ അപാകതകൾമൂലം ദുരിതത്തിലാവുന്നത് ഈ നാട്ടിലെ ആയിരക്കണക്കിനു സാധാരണക്കാരാകും.