ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ടുകൾ: നിയമമന്ത്രി സഭയിൽ വിശദീകരിക്കണമെന്ന് കോൺഗ്രസ്, തൃണമൂൽ

Mail This Article
ന്യൂഡൽഹി ∙ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക ബംഗ്ലാവിലെ സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം കോൺഗ്രസും തൃണമൂൽ കോൺഗ്രസും വീണ്ടും ലോക്സഭയിൽ ഉന്നയിച്ചു. നിയമമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. പാർലമെന്റിന് ജുഡീഷ്യറിക്കു മേലുള്ള മേൽനോട്ട അധികാരം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ആഭ്യന്തര അന്വേഷണത്തിന് സമിതിയെ വച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടിയെ ബഹുമാനിക്കുകയും റിപ്പോർട്ടിനായി കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ, അതിനിടയ്ക്ക് നിയമമന്ത്രിക്ക് സഭയിലെത്തി സംഭവങ്ങളുടെ ക്രമം വിവരിക്കാമെന്ന് തിവാരി പറഞ്ഞു.
അഴിമതിക്കാരായ ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങളല്ല അലഹാബാദ്, കൊൽക്കത്ത ഹൈക്കോടതികളെന്ന് തൃണമൂൽ നേതാവ് കല്യാൺ ബാനർജി പറഞ്ഞു.