ADVERTISEMENT

കൊച്ചി∙ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ.വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോക്സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം രൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അകപ്പെടുകയായിരുന്നു.

റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുൻ ജേതാക്കളായ മോ‍ഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്സോ കേസിലെ രണ്ടാം പ്രതി. സൈ‍ജു വഴിയാണ് റോയിയുടെ വഴിവിട്ട താൽപര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവർ ഇരുവരും ചേർന്ന് ഒരുക്കിയ കെണിയിൽ പെൺകുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു.

ഫാഷൻ രംഗത്ത് മികച്ച തൊഴിൽ അവസരം ഒരുക്കാൻ കഴിയുന്ന കൊച്ചിയിലെ സംരംഭകൻ എന്ന നിലയിലാണ് അഞ്ജലി പെൺകുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. പോക്സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാഷൻ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നൽകാൻ തയാറാകാത്തത്.

കേസിലെ 3 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും ഈ ആഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനു വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് മോഡലുകൾ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടർന്നു റോയിയും സൈജുവും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ നശിപ്പിച്ചതിനാൽ പോക്സോ കേസിന്റെ ഡിജിറ്റൽ തെളിവുകളും ഇതിനൊപ്പം നഷ്ടമായിരുന്നു.

English Summary: Anjali Reema Dev is Kingpin of Pocso Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com