സതീഷിന്റെ വായ്പകൾക്ക് കമ്മിഷൻ വാങ്ങി; സിപിഎം ഉന്നതനു കെണി

Mail This Article
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെ വായ്പാ ഇടപാടുകൾക്കു കൂട്ടുനിന്നതിനു പ്രതിഫലമായി സഹകരണരംഗത്തെ സിപിഎം ഉന്നത നേതാവ് കമ്മിഷൻ കൈപ്പറ്റിയിരുന്നതായി സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി അംഗങ്ങൾ തന്നെ ഇ.ഡിക്കു മൊഴിനൽകി. ഇന്നലെ റെയ്ഡിനെത്തിയ ഇ.ഡി സംഘം ഇക്കാര്യങ്ങളിൽ തെളിവു തേടി. റെയ്ഡ് നടന്ന സഹകരണ ബാങ്കുകളിലൊന്നിൽ സതീഷിന്റെ ബെനാമികളുടെ പേരിൽ ഡസൻ കണക്കിനു വായ്പകളുണ്ടെന്നു സാക്ഷികളിലൊരാൾ വിശ്വസനീയ മൊഴി നൽകിയിരുന്നു.
കടക്കെണിയിലായി ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്തി സതീഷിനു വിവരം നൽകാൻ നേതാവ് ഒരു സംഘത്തെ നിയോഗിച്ചിരുന്നെന്നാണ് ഇ.ഡിക്കു ലഭിച്ച വിവരം. ഇവരെപ്പറ്റി വിവരം നൽകിയാൽ പോലും സതീഷ് കൃത്യമായി കമ്മിഷൻ നൽകും. മുഴുവൻ ബാധ്യതയും തീർത്ത് ഇവരുടെ ആധാരം ബാങ്കിൽനിന്നു തിരിച്ചെടുപ്പിച്ച ശേഷം നഗരത്തിലെ ഒരു സഹകരണ ബാങ്കിൽ കൂടിയ തുകയ്ക്കു വീണ്ടും പണയം വയ്പിക്കുകയാണു സതീഷിന്റെ രീതി. 50 ലക്ഷം രൂപയിൽ കൂടുതൽ വ്യക്തിഗത വായ്പ നൽകാൻ സഹകരണ നിയമത്തിൽ വ്യവസ്ഥയില്ലെങ്കിലും ഈ പരിധി മറികടന്നു വലിയ തുകകൾ വായ്പയായി സതീഷ് കൈപ്പറ്റും. ഇങ്ങനെ സ്വരൂപിക്കുന്ന തുകയാണ് ഇയാൾ പലിശയ്ക്കു പണം നൽകുന്ന ബിസിനസിനായി വിനിയോഗിച്ചിരുന്നത്. ബാങ്കിലെ വായ്പ ജപ്തിയോടടുക്കുമ്പോൾ സതീഷ് സ്വാധീനമുപയോഗിച്ചു വായ്പ പുതുക്കിവയ്പിക്കും. ഇത്തരം ഒട്ടേറെ ഇടപാടുകൾ ഇയാൾ നടത്തിയതിൽ നേതാവിനു കൃത്യമായി പങ്കുണ്ടെന്നാണു സൂചന.
English Summary : Party members themselves told Enforcement Directorate that the leader was involved in P Satish Kumar's loan transactions