കല്ലട ബസില് ആക്രമിക്കപ്പെട്ടവർ തേടിയത് പൊലീസ് സഹായം; എത്തിയത് ഗുണ്ടകൾ

Mail This Article
കൊച്ചി∙ ബെംഗളൂരു യാത്രയ്ക്കിടെ വൈറ്റിലയിൽ കല്ലട ബസ് ജീവനക്കാരുടെ ക്രൂരമായ മർദനത്തിന് ഇരയായ യുവാക്കളുടെ സഹായ അഭ്യർഥന പൊലീസ് അവഗണിച്ചതായി പരാതി. ഇവർ പൊലീസ് സഹായം തേടി ഫോണിൽ വിളിച്ചപ്പോൾ പൊലീസ് വാഹനം എത്തിയെങ്കിലും സഹായിക്കാൻ മുതിരാതെ സ്ഥലത്ത് തുടരാനും ഉടൻ വരാമെന്നും പറഞ്ഞ് വാഹനം വിട്ടു പോയതായി ആക്രമണത്തിനിരയായ വിദ്യാർഥികൾ പറഞ്ഞു. പേടിച്ച് എടിഎമ്മിൽ ഒളിച്ചെങ്കിലും പൊലീസ് പോയ പുറകെ ഗുണ്ടകളെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു.
വിദ്യാർഥികൾ ഉള്ള സ്ഥലം അക്രമികൾക്ക് പൊലീസ് പറഞ്ഞു കൊടുത്തതായി സംശയിക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ഇവർ ഇപ്പോൾ ഈറോഡ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കു പിന്നാലെ വീണ്ടും സ്ഥലത്തെത്തിയ പൊലീസ് ഗുണ്ടകൾക്കൊപ്പം ചേർന്നാണ് സംസാരിച്ചത്. സഹായിക്കുകയോ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുയോ ചെയ്യുന്നതിനു പകരം ഓട്ടോറിക്ഷയിൽ തൃപ്പൂണിത്തുറയിലേയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടത്. പൊലീസ് ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്നു കണ്ടതോടെ വീണ്ടും ആക്രമണമുണ്ടാകും എന്ന ഭീതിയിൽ ഇടപ്പള്ളിയിലെത്തി അവിടെയുള്ള സുഹൃത്തിന്റെ സഹായത്തോടെ ഊബർ വിളിച്ച് ആലുവയ്ക്കു പോയി. തുടർന്ന് ഈറോഡിലേയ്ക്ക് പോകുകയുമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു.
ആക്രമിക്കാൻ എത്തിയ എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് ആക്രമണത്തിന് ഇരയായ വിദ്യാർഥികൾ പറയുന്നു. എന്നാൽ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് ബസ് ഉടമയും മറ്റും പരാതിയിൽ ആരോപിക്കുന്നത്. ഇവർ ഹരിപ്പാടുവച്ച് പൊലീസിനോടു സംസാരിക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിൽ അറിയാമായിരുന്നല്ലോ എന്ന് വിദ്യാർഥികളും പറയുന്നു. വിദ്യാർഥികൾ ഹരിപ്പാടുവച്ച് ജീവനക്കാരിൽ ഒരാളെ ആക്രമിച്ചതായാണ് കൗണ്ടർ പരാതിയിലുള്ളത്. എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ബസ് യാത്രക്കാരും പറയുന്നു.
കൊച്ചിയിൽ നടന്ന ആക്രമണ സംഭവം വാർത്തയായതോടെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കൃത്യമായ മൊഴി ലഭിച്ചാൽ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നാണ് പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് അക്രമികളുടെ വിവരങ്ങൾ എടുക്കുന്നതിനായി വൈറ്റിലയിലെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ബസ് പിടിച്ചെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പൊലീസ് ബസ് പിടിച്ചെടുക്കുന്നതിനും പ്രതികളെ കണ്ടു പിടിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി കമ്മിഷണർ പറഞ്ഞു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട് കമ്മിഷണർ അറിയിച്ചിട്ടുണ്ട്.