ADVERTISEMENT

തിരുവനന്തപുരം∙വ്യക്തിപരമായി ശിവശങ്കർ നടത്തിയ ഇടപാടിനു സർക്കാർ ഉത്തരവാദിയല്ലെന്നു മുഖ്യമന്ത്രി. ആരോപണം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. നിയമലംഘകരെ സഹായിക്കാൻ സർക്കാർ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. എന്നാൽ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെ ഇഡി അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന മുൻ അഭിപ്രായത്തെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ മറുപടിയുണ്ടായില്ല.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒന്നിനു പുറകേ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ പ്രവർത്തനങ്ങളെ തമസ്തരിക്കാനുള്ള ശ്രമം നടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കാരിന്റെ തലയിൽകെട്ടിവച്ച് സർക്കാരിൽ അഴിമതി ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനം നടക്കുന്നു. ഈ സർക്കാർ ഒരു അഴിമതിയും വെച്ചു വാഴിക്കില്ല. ജനത്തിന് ആശ്വാസമെത്തിക്കാനും വികസനത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. തെറ്റായ പ്രചാരണത്തിലൂടെ ജനത്തെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. 

സ്വർണക്കടത്തിലെ പ്രതിയുമായി ശിവശങ്കറിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചയുടനെ പദവിയിൽനിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തു. സ്വർണക്കടത്തുകേസിൽ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒന്നുമില്ല. സ്വർണം വിട്ടുകിട്ടാനായി സർക്കാർ ഉദ്യോഗസ്ഥൻ കസ്റ്റംസിൽ സ്വാധീനം ചെലുത്തി എന്നാണ് ആദ്യം ഉയർന്ന ആരോപണം. അങ്ങനെ സംഭവിച്ചില്ലെന്നു പറഞ്ഞ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ അതിർത്തി കടത്തി.

സ്വർണക്കടത്തു കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 8നു പ്രധാനമന്ത്രിക്കു കത്തെഴുതി. മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ സർക്കാർ തയാറായില്ല. കസ്റ്റംസ് അന്വേഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ ഇടപെട്ടെന്ന ആദ്യം പൊളിഞ്ഞ ആരോപണത്തെ വീണ്ടും വേഷം കെട്ടി എഴുന്നെള്ളിക്കുകയാണ്. അന്വേഷണം സ്വതന്ത്രമായി നടക്കട്ടെ എന്നാണ് സർക്കാരിനുള്ളത്. ശരിയായ അന്വേഷണത്തെ സർക്കാർ ഒരിക്കലും എതിർത്തിട്ടില്ല.

ഈ സർക്കാർ വരുന്നതിനു മുൻപ് ശിവശങ്കറിനെ പരിചയമുണ്ടായിരുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വന്നപ്പോൾ ഉദ്യോഗസ്ഥരെ അന്വേഷിച്ച ഘട്ടത്തിൽ മുന്നിൽവന്ന പേരുകളിലൊന്നാണ് ശിവശങ്കറിന്റേത്. വ്യത്യസ്ഥ ചുമതല വഹിച്ച ഉദ്യോഗസ്ഥനെ ഓഫിസിലേക്കു നിർദേശിച്ചപ്പോൾ സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. പാർട്ടിയല്ല ശിവശങ്കറിനെ ഓഫിസിലേക്കു നിർദേശിച്ചത്. ശിവശങ്കറിനെക്കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ചില ഔദ്യോഗിക യോഗങ്ങളിൽ കോൺസൽ ജനറലിനെ കണ്ടതിനു മറ്റു മാനങ്ങൾ കാണുന്നത് ദുർവ്യാഖ്യാനമാണ്. കൃത്യമായ ആരോപണങ്ങളില്ലാത്തതിനാലാണ് ഇത്തരം രീതി സ്വീകരിക്കുന്നത്. ക്രമവിരുദ്ധമായ ഒന്നും സർക്കാർ ചെയ്തിട്ടില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും യുഎഇയിൽനിന്നുള്ള ഈന്തപ്പഴം വിതരണം ചെയ്തു. അതിന്റെ നികുതി ലഭിക്കണമെങ്കിൽ ഏജൻസികൾക്ക് അത് ചെയ്യാവുന്നതാണ്. കസ്റ്റംസ് അനുവാദത്തോടെ വന്ന മതഗ്രന്ഥത്തിനു പിന്നിൽ സ്വർണമാണെന്ന് ആരോപണം ഉന്നയിച്ചു. ഒരു ആരോപണത്തിനുപോലും വസ്തുതകളുടെ പിൻബലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content highlights: Pinarayi Vijayan on M.Sivasankar's arrest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com