സി.എൻ. മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; പാർട്ടിവിട്ട് ജില്ലാ കമ്മിറ്റി അംഗം
![cn-mohanan-cpm-ernakulam cn-mohanan-cpm-ernakulam](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/16/cn-mohanan-cpm-ernakulam.jpg?w=1120&h=583)
Mail This Article
കൊച്ചി∙ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പു പൂർത്തിയാകുമ്പോൾ ചെറു പൊട്ടിത്തെറികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കും. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി. മുതിർന്ന സിപിഎം നേതാക്കളായ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ. ബാലകൃഷ്ണൻ എന്നിവരെയാണ് ഒഴിവാക്കിയത്.
സെക്രട്ടേറിയറ്റിൽ വനിതാ പ്രതിനിധിയായി പുഷ്പ ദാസ് എത്തി. കോതമംഗലം മുൻ ഏരിയ സെക്രട്ടറി ആർ. അനിൽ കുമാറും സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്. ആറു വനിതകളാണു ജില്ലാ കമ്മിറ്റിയിലുള്ളത്. 12 പുതുമുഖങ്ങളാണു കമ്മിറ്റിയിൽ എത്തിയിട്ടുള്ളത്. സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പി.എൻ. ബാലകൃഷ്ണന്‍ ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ പ്രതിഷേധം അറിയിച്ചാണു പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്ക്. സംസ്ഥാന കമ്മിറ്റിയിൽ ഉള്ളതിനാലാണ് ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യം കൊണ്ടാണ് കെ.എം. സുധാകരനെ ഒഴിവാക്കിയത്.
സി.എൻ. മോഹനൻ, ടി.കെ. മോഹനൻ, കെ.ജെ. ജേക്കബ്, എം.പി. പത്രോസ്, പി.എം. ഇസ്‌മയിൽ, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഉണ്ണികൃഷ്‌ണൻ, പി.എൻ. സീനുലാൽ, സി.കെ. പരീത്, കെ.എൻ. ഗോപിനാഥ്, വി.എം. ശശി, എം. അനിൽകുമാർ, എം.ബി. സ്യമന്തഭദ്രൻ, പി.എസ്. ഷൈല, കെ.എ. ചാക്കോച്ചൻ, ഇ.പി. സെബാസ്‌റ്റ്യൻ, കെ. തുളസി, സി.ബി. ദേവദർശനൻ, എം.കെ. ശിവരാജൻ, കെ.വി. ഏലിയാസ്, വി. സലീം, ആർ. അനിൽകുമാർ, ടി.സി. ഷിബു, എസ്. സതീഷ്, പുഷ്‌പാദാസ്, ടി.ആർ. ബോസ്, എം.ബി. ചന്ദ്രശേഖരൻ, ടി.വി. അനിത, കെ.കെ. ഷിബു, കെ.എം. റിയാദ്, കെ.എസ്. അരുൺകുമാർ, എ.എ. അൻഷാദ്, പ്രിൻസി കുര്യാക്കോസ്, എൻ.സി. ഉഷാകുമാരി, പി.എ. പീറ്റർ, ഷാജി മുഹമ്മദ്, എ.പി. ഉദയകുമാർ, കെ.ബി. വർഗീസ്, സി.കെ. വർഗീസ്, സി.കെ. സലീം കുമാർ, എം.കെ. ബാബു, പി.ബി. രതീഷ്, എ.ജി. ഉദയകുമാർ, എ.പി. പ്രനിൽ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
ജില്ലാ സെക്രട്ടേറിയറ്റിലേക്ക് സി.എന്‍. മോഹനന്‍, എം.പി. പത്രോസ്, പി.ആര്‍. മുരളീധരന്‍, എം.സി. സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, സി.കെ. പരീത്, എം.അനില്‍കുമാര്‍, സി.ബി.ദേവദര്‍ശനന്‍, ആര്‍. അനില്‍കുമാര്‍, ടി.സി. ഷിബു, പുഷ്പാദാസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
English Summary: CN Mohanan against elected as CPM Ernakulam Secretary