കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറി; ഭരണം കോർപറേറ്റുകൾക്കു വേണ്ടി: ദയാബായി

Mail This Article
മസ്കത്ത്∙ കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു. മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എൽഡോസൾഫാൻ ഇരകൾക്കു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമോയെന്ന് അറിയാന്‍ ഫെബ്രുവരി വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കില്‍, വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും അവർ അറിയിച്ചു. എയിംസിന് കാസര്‍കോടിനെ പരിഗണിക്കാതിരിക്കുന്നതിനും പദ്ധതി കോഴിക്കോട്ടേക്ക് മാറ്റുന്നതിനും പിന്നില്‍ ഭൂമാഫിയയാണെന്നും അവര്‍ പറഞ്ഞു. കാസര്‍കോട്ടെക്കാള്‍ ആശുപത്രികള്‍ കൂടുതലും രോഗികള്‍ കുറവുമുള്ള പ്രദേശമാണ് കോഴിക്കോട്. എയിംസ് സ്ഥപിക്കണമെങ്കില്‍ 200 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാന്‍ സാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
English Summary: Dayabai says Kerala becomes a hopeless state