ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം; അലിഗഡ് ഇനി ഹരിഗഡ് എന്നാകും

Mail This Article
ലക്നൗ∙ അലഹബാദിനും ഫാസിയാബാദിനും പിന്നാലെ ഉത്തർപ്രദേശിലെ മറ്റൊരു നഗരത്തിന്റെ പേരു കൂടി മാറ്റാൻ നീക്കം. അലിഗഡിന്റെ പേരാണ് ഹരിഗഡ് എന്നാക്കാൻ മുനിസിപ്പൽ കോർപറേഷൻ ഏകകണ്ഠേന നിർദേശം പാസാക്കിയത്. തിങ്കളാഴ്ചയാണ് മേയർ പ്രശാന്ത് സിംഗാൾ നിർദേശം അവതരിപ്പിച്ചത്. എല്ലാ കൗൺസിലർമാരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
ഭരണാനുമതിക്കായി നിർദേശം അയയ്ക്കുമെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. പേര് മാറ്റണം എന്നത് വളരെ കാലമായി നിലനിൽക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. പ്രാദേശിക ഭരണകൂടം നിർദേശം പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന് അയയ്ക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി പേര് മാറ്റാൻ സാധിക്കും. 2019ലാണ് അലഹബാദിനെ പ്രയാഗ് രാജ് എന്നാക്കി മാറ്റിയത്.
മറ്റു ചില നഗരങ്ങളുടെ പേരു കൂടി മാറ്റണമെന്ന് ബിജെപി പ്രവർത്തകർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആഗ്ര, ആഗ്രവൻ അല്ലെങ്കിൽ അഗർവാൾ എന്നാക്കി മാറ്റണമെന്നും മുസഫർനഗർ ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്നാണ് ആവശ്യം. 2017ൽ അധികാരത്തിൽ കയറിയതുമുതൽ യോഗി ആദിത്യനാഥ് സർക്കാർ പല പദ്ധതികളുടെ ഉൾപ്പെടെ പേര് മാറ്റിയിരുന്നു.