തെലങ്കാനയിൽ ബിആർഎസ് സിറ്റിംഗ് എംപി പാർട്ടി വിട്ട് ബിജെപിയിൽ; കെസിആറിന് തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ തെലങ്കാനയിലെ സാഹിറാബാദ് എംപിയും ബിആർഎസ് നേതാവുമായ ബി.ബി.പാട്ടീൽ ബിജെപിയിൽ ചേർന്നു. പ്രമുഖ ലിംഗായത്ത് നേതാവായ പാട്ടീൽ ഡൽഹിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിനു നാലുവരി രാജിക്കത്ത് പാട്ടീൽ അയച്ചു. സാഹിറാബാദ് നിയോജക മണ്ഡലത്തിലെ ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അനുവദിച്ചതിനു നന്ദി അറിയിച്ചായിരുന്നു രാജിക്കത്ത്.
2014ലും 2019ലും രണ്ടു തവണ സാഹിറാബാദിൽ നിന്ന് ബിആർഎസ് ടിക്കറ്റിലാണ് പാട്ടീൽ തിരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന ബിആർഎസ് നേതാവും തെലങ്കാന എംപിയുമായ പോത്തുഗണ്ടി രാമുലു പാർട്ടിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് പാട്ടീലിന്റെയും പാർട്ടി മാറ്റം. രാമുലുവിനൊപ്പം മകൻ ഭരതും മൂന്നു ബിആർഎസ് നേതാക്കളും കൂടി ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെ എംപി പാർട്ടി വിട്ടത് ബിആർഎസിനു കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് കോൺഗ്രസിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയും അധികാരത്തിൽ നിന്നും പുറത്തുപോവുകയും ചെയ്തിരുന്നു.