ADVERTISEMENT

‘പുത്തൻകാവ് പള്ളിമുറ്റത്തുനിന്നു നോക്കിയപ്പോൾ ലോകം സമുദ്രം പോലെ കാണപ്പെട്ടു. സഹ്യപർവതം മുഴുവൻ പൊടിച്ചു കലക്കിയാണ് വരവ്. പാമ്പും കീരിയും കോഴിയും ആറ്റിലൂടെ ഒഴുകുന്ന വൃക്ഷങ്ങളുടെ ശിഖരത്തിൽ സ്ഥാനം പിടിച്ചിരുന്നു. കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും ചുഴിയിൽ താണും മലരിയിൽ പൊങ്ങിയും കൂട്ടിക്കൊളുത്തിയ തീവണ്ടിപോലെ വേമ്പനാട്ടു കായലിലേക്കു പാഞ്ഞുകൊണ്ടിരുന്നു’– 99ലെ മഹാപ്രളയത്തെക്കുറിച്ചു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ തന്റെ ആത്മകഥയിൽ കുറിച്ചിട്ട വരികളാണിത്.

20–ാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ മഹാപ്രളയമായ ‘99ലെ വെള്ളപ്പൊക്ക’ത്തിന് ഇന്നു 100 വയസ്സ് തികയുകയാണ്. കൊല്ലവർഷം 1099 കർക്കടകം ഒന്നിന് (1924 ജൂലൈ 16) ആരംഭിച്ച പെരുമഴ മൂന്നാഴ്ച നീണ്ടു. കായൽ ഭൂമിയായ കുട്ടനാടിനെയും സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിനെയും ഒരുപോലെ മുക്കിയ ജലപ്രളയം. പെരിയാറിലാണ് ആദ്യം വെള്ളം പൊങ്ങിയത്.

1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും
1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും

പിന്നീടു മലബാർ ഉൾപ്പെടെ കേരളത്തിന്റെ എല്ലാ ഭാഗത്തും അനുഭവപ്പെട്ടു. തിരുവതാംകൂറിലും മലബാറിലും താഴ്ന്ന പ്രദേശങ്ങളിൽ 20 അടിയോളം വെള്ളം ഉയർന്നു. ഇന്നത്തെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. എറണാകുളം ജില്ലയുടെ നാലിൽ 3 ഭാഗവും വെള്ളത്തിൽ മുങ്ങി. പുഴകളിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നു. പട്ടിണിയും കടൽക്ഷോഭവും ഉണ്ടായി.

മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.
മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.

മരിച്ചവരുടെ എണ്ണവും നാശനഷ്ടവും കൃത്യമായി തിട്ടപ്പെടുത്താനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. മൂന്നാറിലെ പ്രകൃതി ഭംഗിയുടെ സിംഹഭാഗവും കവർന്നെടുത്ത പ്രളയത്തിൽ കരിന്തിരി മലയും പഴയ ആലുവ–മൂന്നാർ രാജപാതയും ഒലിച്ചുപോയി. മൂന്നാറിൽ അന്നു രേഖപ്പെടുത്തിയ മഴയുടെ അളവ് 171.2 ഇഞ്ച് ആണെന്ന് എഴുത്തുകാരൻ ആർ. ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ മോണോറെയിൽ സംവിധാനമായ മൂന്നാറിലെ റെയിൽപാളങ്ങൾ തകർന്നതും ഈ വെള്ളപ്പൊക്കത്തിലാണ്. പിന്നീടിതു വരെ അതു പുനർനിർമിക്കാനായില്ല. അക്കാലത്ത് മലബാർ പ്രദേശം ബ്രിട്ടിഷ് ഭരണത്തിനു കീഴിലായതിനാലായിരിക്കണം കേരളത്തിന്റെ ചരിത്രം പരാമർശിക്കുന്ന പലരും മലബാറിലെ കെടുതികൾ രേഖപ്പെടുത്തിയിട്ടില്ല.

മാട്ടുപ്പെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇതു തകർന്നത്.
മാട്ടുപ്പെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇതു തകർന്നത്.

മലബാർ ജില്ലയെ ഭരിക്കാനുള്ള സൗകര്യാർഥം വടക്കേ മലബാർ, തെക്കേ മലബാർ എന്നിങ്ങനെ വേർതിരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലയിൽ ചാവക്കാട് വരെയുള്ള ഭാഗങ്ങളാണ് തെക്കേ മലബാർ എന്നറിയപ്പെട്ടിരുന്നത്. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം ഏറെ ദുരിതങ്ങൾ വിതച്ചതു തെക്കേ മലബാറിലാണ്.


പറവൂർ പുതിയകാവ് ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ 99ലെ വെള്ളപ്പൊക്കത്തിന്റെ അളവ് ഒരു നൂറ്റാണ്ടുമുൻപ് രേഖപ്പെടുത്തിയത് നോക്കികാണുന്ന മുരളി തുമ്മാരുകുടിയും ജി. ശങ്കറും.
പറവൂർ പുതിയകാവ് ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ 99ലെ വെള്ളപ്പൊക്കത്തിന്റെ അളവ് ഒരു നൂറ്റാണ്ടുമുൻപ് രേഖപ്പെടുത്തിയത് നോക്കികാണുന്ന മുരളി തുമ്മാരുകുടിയും ജി. ശങ്കറും.

കോഴിക്കോട് നഗരത്തെ വെള്ളപ്പൊക്കം തകർത്തെറിഞ്ഞു. അനേകം മനുഷ്യർ മരിച്ചു. പരക്കെ വീടുകൾ തകർന്നു. മൃഗങ്ങൾ ചത്തൊടുങ്ങി. റോഡുകൾ തകർന്നു. ചുരങ്ങൾ തകർന്നു. റെയിൽഗതാഗതം നിലച്ചു. ഒഴുക്കുകാരണം വഞ്ചികൾ പോലും ഇറക്കാൻ കഴിഞ്ഞില്ല. തപാൽ സംവിധാനം തകർന്നു. കമ്പിയില്ലാക്കമ്പി തകരാറിലായി. കോഴിക്കോട് ഒറ്റപ്പെട്ടു. തെക്കേ മലബാർ സാധാരണ ജീവിതത്തിലേക്ക് കരകയറാൻ മാസങ്ങളെടുത്തു. 99ലെ വെള്ളപ്പൊക്കത്തിലെ ഉയർന്ന ജലനിരപ്പ് പഴയ ചില കെട്ടിടങ്ങളിൽ അടയാളപ്പെടുത്തിയത് ഇന്നുമുണ്ട്. പെരിയാർ തീരത്തെ കാഞ്ഞൂർ പുതിയേടം ക്ഷേത്രത്തിന്റെ ഗോപുരം അതിലൊന്നാണ്. മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളിലും വെള്ളപ്പൊക്കം സ്ഥാനംപിടിച്ചു. തകഴിയുടെ പ്രശസ്തമായ വെള്ളപ്പൊക്കത്തിൽ എന്ന കഥ 99ലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപിച്ച ആഘാതം വരച്ചുകാട്ടുന്ന സൃഷ്ടിയാണ്. 1939, 1961, 2018 വർഷങ്ങളിലാണ് പിന്നീടു കേരളത്തിൽ വൻ ജലപ്രളയം ഉണ്ടായത്.

മൂന്നാർ ടൗണിന്റെ ഇപ്പോഴത്തെ ദൃശ്യം. ചിത്രം: റെജു അർണോൾഡ് /മനോരമ
മൂന്നാർ ടൗണിന്റെ ഇപ്പോഴത്തെ ദൃശ്യം. ചിത്രം: റെജു അർണോൾഡ് /മനോരമ

മലമുകളിൽ ഒരു വെള്ളപ്പൊക്കം

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് 99ലെ വെള്ളപ്പൊക്കം. ഈ ദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചതു മൂന്നാറിനാണ്. സമുദ്രനിരപ്പിൽനിന്ന് 5000– 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെന്ന് ഇപ്പോൾ ആരും വിശ്വസിക്കണമെന്നില്ല, സത്യം അതായിരുന്നെങ്കിലും. കനത്ത മഴയിലും ഉരുൾപൊട്ടലിലും, മൂന്നാറിൽ ഇപ്പോൾ ഡാം സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഭാഗത്തു രണ്ടു മലയിടുക്കുകൾ ചേരുന്നിടത്ത്, മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും ഒരു ബണ്ട് തനിയെ രൂപപ്പെട്ടു.

മൂന്നാറിൽ കുതിരപ്പന്തയവും മോട്ടർ റേസിങ്ങും നടന്നിരുന്ന മൈതാനം.
മൂന്നാറിൽ കുതിരപ്പന്തയവും മോട്ടർ റേസിങ്ങും നടന്നിരുന്ന മൈതാനം.

തുടർന്നുള്ള ദിവസങ്ങളിൽ രാപകൽ പെയ്ത മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാകാതെ ബണ്ട് തകർന്നു. ഈ അണപൊട്ടിയ വെള്ളവും കടപുഴകിയ മരങ്ങളും ചേർന്നു മൂന്നാർ നഗരത്തെ തകർത്തു. മൂന്നാറിൽ അന്നുണ്ടായിരുന്ന റെയിൽപാളങ്ങളും റെയിൽവേ സ്റ്റേഷനും റോഡുകളും തകർന്നു.

ആറാം ദിവസം മൂന്നാറിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള പെരിയവര, കന്നിമല ഭാഗത്തുനിന്നുള്ള ഒഴുക്കും ലക്ഷ്മി-പാർവതി മലകളിലെ വെള്ളവും, തനിയെ രൂപം കൊണ്ട രണ്ടാമത്തെ ബണ്ടും തകർത്തു. മലവെള്ളം മൂന്നാർ പട്ടണത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്ങി. രണ്ടാമത്തെ ബണ്ടു തകർന്ന വെള്ളം പള്ളിവാസലിലേക്ക് ഒഴുകി. പള്ളിവാസൽ ഇരുനൂറേക്കർ സ്ഥലം ഒറ്റയടിക്കു കുത്തിയൊലിച്ചു. പള്ളിവാസലിൽ 150 അടി ഉയരത്തിൽ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടു.

മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.
മൂന്നാറിൽ 1908 മുതൽ 1924 വരെ ഓടിയിരുന്ന തീവണ്ടികളിലൊന്ന്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മോണോറെയിൽ പാത നശിച്ചത്.

വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകളും മണ്ണു വന്നു മൂടി. അക്കൊല്ലം ജൂലൈയിൽ രാജമലയിൽ മാത്രം 487.5 സെന്റീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. 1924ലെ വെള്ളപ്പൊക്കത്തിനു മുൻപു മൂന്നാറിൽ റെയിൽവേ സ്റ്റേഷനും റെയിൽപാളങ്ങളും ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തോടെ നല്ലതണ്ണി - കല്ലാർ വഴിയുള്ള പഴയ റോഡ് ഒലിച്ചുപോയി. തുടർന്നാണ് അടിമാലി റോഡ് നിർമാണം തുടങ്ങിയത്.

‘ഏഷ്യയിലെ സ്വിറ്റ്സർലാൻഡിനെ’ തകർത്ത വെള്ളപ്പൊക്കം

∙ 2018 നു മുൻപുവരെ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കൊല്ലവർഷം 1099 കർക്കിടക മാസത്തിൽ ഉണ്ടായത്. 1924 ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലായിരുന്നു ഈ പ്രളയം. ‘തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം’ എന്ന് ഇത് അറിയപ്പെടാൻ കാരണം മലയാളമാസക്കണക്കിലാണ്.
∙ 1924 ജൂലൈ 16 നായിരുന്നു പേമാരിയുടെ തുടക്കം. അതിശക്ത മഴ മൂന്നാഴ്ചയോളം നീണ്ടു.
∙ മഹാപ്രളയം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും കനത്ത നാശനഷ്ടമുണ്ടാക്കി. മൂന്നാറിൽ സമുദ്രനിരപ്പിൽനിന്ന് 6,500 അടി ഉയരത്തിലുള്ള തേയിലത്തോട്ടങ്ങൾ വരെ മുങ്ങി. ആലപ്പുഴ മുഴുവനായും എറണാകുളം ഏതാണ്ടു മുക്കാലും വെള്ളത്തിനടിയിലായി. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് മേഖലകളെയാണു പ്രളയം ഏറ്റവുമധികം ബാധിച്ചത്.
∙ കേരളചരിത്രത്തിലെ ഏറ്റവും വലിയ മഴ 1924 ജൂലൈ 16നാണെന്നു കരുതുന്നു (കൊല്ലവർഷം 1099 കർക്കടകം ഒന്ന്). 24 മണിക്കൂർകൊണ്ട് ഇടുക്കിയിൽ പെയ്തത് 31.7 സെന്റിമീറ്റർ മഴ. തലേന്ന് 24 സെന്റിമീറ്റർ മഴ പെയ്തു.
∙ മരണവും നാശനഷ്ടങ്ങളും സർക്കാർ രേഖകളാക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല. അതിനാൽ, മഹാപ്രളയത്തിൽ എത്ര പേർ മരിച്ചെന്നോ എത്ര കോടിയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നോ കൃത്യമായ കണക്ക് ആർക്കുമറിയില്ല. പത്രവാർത്തകളും പ്രളയത്തെ അതിജീവിച്ചവരുടെ ഓർമകളും മാത്രമാണ് അതേക്കുറിച്ചുള്ള വിവരങ്ങൾ തരുന്നത്.
∙ ‘ഏഷ്യയിലെ സ്വിറ്റ്സർലാൻഡ്’ എന്നറിയപ്പെട്ട മൂന്നാർ ആയിരുന്നു പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളിലൊന്ന്. പലവട്ടം ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായി. തടികളും മരങ്ങളും ഒഴുകിവന്ന് മാട്ടുപ്പെട്ടിയിൽ ചിറതന്നെ രൂപപ്പെട്ടു. പിന്നീടു കുത്തൊഴുക്കിൽ ഈ ചിറ പൊട്ടി കുത്തിയൊലിച്ചുവന്ന വെള്ളം പഴയ മൂന്നാർ പട്ടണത്തെ അപ്പാടെ തകർത്തുകളഞ്ഞു. റെയിൽപ്പാതയും റോഡുകളുമൊക്കെ ഒലിച്ചുപോയി.
∙ പ്രളയത്തിൽ ഒലിച്ചുപോയ പഴയ കൊച്ചി–മൂന്നാർ റോഡിന്റെ സ്ഥാനത്ത് പിന്നീടു പുതിയ റോഡ് വന്നു. എന്നാൽ, മൂന്നാറിലെ റെയിൽപ്പാത പിന്നീടൊരിക്കലും തിരിച്ചുവന്നില്ല.
∙ പ്രളയത്തിൽ തകർന്നുപോയ പഴയ മൂന്നാർ ടൗണിൽനിന്ന് ഒരു കിലോമീറ്റർ മാറി ഉയർന്നുവന്നതാണ് ഇപ്പോഴത്തെ മൂന്നാർ പട്ടണം.
∙ ഫോണും കമ്പിത്തപാലുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വെള്ളപ്പൊക്കം മൂലം തപാൽ മുടങ്ങിയതു വലിയ വാർത്തയായി.

English Summary:

100 Years of 1924 Kerala Flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com