ADVERTISEMENT

കോഴിക്കോട്∙ ദേശീയപാത നിർമാണത്തിലെ അപാകതയുടെ ഇരയായ അർജുനുവേണ്ടി ഷിരൂരിൽ തിരച്ചിൽ നടക്കുമ്പോൾ സമാനമായ സ്ഥിതി നിലനിൽക്കുന്ന കേരളത്തിലെ സ്ഥലങ്ങൾക്കുനേരെ കണ്ണടച്ച് അധികൃതർ. കോഴിക്കോട് ജില്ലയിൽ ദേശീയപാത നിർമാണത്തിനായി വൻതോതിലാണു കുന്നിടിച്ചു മാറ്റിയത്. ഇവിടങ്ങളിൽ ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിൽ ഉണ്ടായിട്ടും അതിനെയൊന്നും ഗൗനിക്കാൻ ദേശീയപാത നിർമാതാക്കൾ തയാറായിട്ടില്ല. ചിലയിടങ്ങളിൽ നൂറു മീറ്ററോളം ഉയരത്തിൽ മണ്ണ് ഇടിച്ചിറക്കിയിട്ടുണ്ട്. ഇങ്ങനെ മണ്ണിടിച്ചിറക്കിയതിനു മുകളിൽ മീറ്ററുകൾ വ്യത്യാസത്തിലാണു വീടുകളുള്ളത്. നെഞ്ചിൽ തീയുമായാണ് ഈ വീടുകളിലെ ആളുകൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. കർണാടകയിലെ കാർവാറിൽ ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണു വൻതോതിൽ മണ്ണിടിച്ചിലുണ്ടാക്കിയതെന്നാണ് ആരോപണം. കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിക്കും വേണ്ടി ദിവസങ്ങൾ തിരച്ചിൽ നടത്തിയിട്ടും തുമ്പൊന്നും കിട്ടിയില്ല. കേരളത്തിൽനിന്നുൾപ്പെടെയുള്ളവർ അർജുനുവേണ്ടി കർണാടകയിൽ തിരച്ചിൽ നടത്തുമ്പോഴാണ് കയ്യകലത്തിലെ അപകടസാധ്യതയ്ക്കുനേരെ കണ്ണടയ്ക്കുന്നത്. 

രണ്ടുവർഷമായിട്ടും ഒന്നുമാകാത്ത പണി

വടകര ടൗണിലെ റോഡ് പൊളിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. വേനൽക്കാലത്ത് ഈ നഗരത്തിൽ പൊടികൊണ്ട് കണ്ണുപോലും കാണാൻ സാധിക്കാത്ത സ്ഥിതി വരും. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും. ഇതിനിടെയാണ് വടകര മീത്തലെ മുക്കാളിയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞത്. പാത വിപുലീകരണം നടക്കുന്ന ഭാഗത്ത്‌ ജൂലൈ ഒന്നിനു രാവിലെയാണ് 60 മീറ്ററോളം നീളത്തിൽ 20 മീറ്ററോളം ഉയരത്തിലുള്ള മണ്ണിടിഞ്ഞത്. കോൺക്രീറ്റ് ഇട്ട് സുരക്ഷിതമാക്കിയ ഭാഗത്താണ് ഇടിച്ചിലുണ്ടായത്. ഇതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ദേശീയപാത അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ വഴിതടഞ്ഞ് പ്രതിഷേധം നടത്തി. ചർച്ച നടത്തി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ആളപായം ഉണ്ടാകാതിരുന്നതിനാൽ ആ പ്രശ്നം അവിടംകൊണ്ട് അവസാനിച്ചു. 

ദേശീയപാത നിർമിക്കാൻ മണ്ണ് എടുത്തതിനെത്തുടർന്നു വീട്ടിലേക്കു കയറാൻ വഴി പോലുമില്ലാതായ തന്റെ തറവാട് വീടിനു മുൻപിൽ മൂരാട് കുന്നുമ്മേൽ സുരേഷ് ബാബു. ചിത്രം: സജീഷ് ശങ്കർ∙മനോരമ.
ദേശീയപാത നിർമിക്കാൻ മണ്ണ് എടുത്തതിനെത്തുടർന്നു വീട്ടിലേക്കു കയറാൻ വഴി പോലുമില്ലാതായ തന്റെ തറവാട് വീടിനു മുൻപിൽ മൂരാട് കുന്നുമ്മേൽ സുരേഷ് ബാബു. ചിത്രം: സജീഷ് ശങ്കർ∙മനോരമ.

ഇതേ മണ്ണിടിച്ചിൽ കൊയിലാണ്ടിയിലെ കൊല്ലം കുന്ന്യോറ മലയിലാണ് ഉണ്ടാവുകയെങ്കിൽ ദുരന്തവ്യാപ്തി കൂടും. 85 അടി ഉയരത്തിൽ മണ്ണെടുത്ത തിട്ടയോടു ചേർന്നാണ് പതിനഞ്ചോളം വീടുകൾ നിൽക്കുന്നത്. ഏതു നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാവുന്ന സ്ഥലമാണിത്. സ്ഥലം ഇടിച്ചുതാഴ്ത്തിയതോടെ വീട്ടിലേക്കു കയറാൻ വഴിപോലും ഇല്ലാതായി. കൊയിലാണ്ടി കോമത്തുകര ആവണിയിൽ പത്മിനി ബാലന്റെ വീടിന്റെ തറ വരെ ദേശീയപാത നിർമിക്കാൻ വേണ്ടി മാന്തി. വീടിന്റെ ഒരു ഭാഗം തന്നെ പൊളിച്ചുമാറ്റി. വീടിനകത്തെ മുറിയിൽനിന്നു കാലൊന്നു തെറ്റിയാൽ വീഴുന്നതു വലിയ താഴ്ചയിലേക്കാണ്. പത്മിനിയെപ്പോലെ കാൽവഴുതിയാൽ മരണത്തിലേക്കു വീഴുന്ന തരത്തിൽ ജീവിക്കുന്ന നിരവധിപ്പേരെ ദേശീയപാതയുടെ അരികിൽ കാണാം. 

മേയ് 23ന് പന്തീരാങ്കാവ് കൊടൽനടക്കാവ് ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡിന്റെ വശത്തുള്ള സംരക്ഷണ ഭിത്തി തകർന്നുവീഴുകയും സ്ലാബ് തെറിച്ചു വീണ് വീട് തകരുകയും ചെയ്തു.

മണ്ണ് ഒലിപ്പു തടയാൻ തന്റെ വീടിന്റെ പിൻവശം വരെ കുത്തനെ ഇടിച്ച ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി സംരക്ഷിക്കുന്ന കൊല്ലം കുന്ന്യോറമലയിലെ നിവാസി ശ്രീദീപത്തിൽ കെ.എം.പ്രദീപ്.ചിത്രം: സജീഷ് ശങ്കർ∙മനോരമ
മണ്ണ് ഒലിപ്പു തടയാൻ തന്റെ വീടിന്റെ പിൻവശം വരെ കുത്തനെ ഇടിച്ച ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി സംരക്ഷിക്കുന്ന കൊല്ലം കുന്ന്യോറമലയിലെ നിവാസി ശ്രീദീപത്തിൽ കെ.എം.പ്രദീപ്.ചിത്രം: സജീഷ് ശങ്കർ∙മനോരമ

ഇടിഞ്ഞിടിഞ്ഞ് കുന്ന്യോറ മല

അശാസ്ത്രീയ റോഡ് നിർമാണത്തിൽ അപകട ഭീഷണിയായത് കുന്ന്യോറ മലയാണ്. മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഇവിടെ താമസിക്കുന്നത് അപകടമാണെന്ന് അധികൃതരുടെ നിർദേശത്തെത്തുടർന്നു വാടക വീട്ടിലേക്ക് ചിലർ താമസം മാറി. മണ്ണിടിഞ്ഞ ഭാഗത്ത് 11 മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകൾ താഴ്ത്തി ഇതിനുള്ളിലേക്ക് കോൺക്രീറ്റ് മിക്സ് കടത്തുകയാണ് കുന്ന്യോറ മലയിൽ ചെയ്തത്. ഈ ബലപ്പെടുത്തൽ കൊണ്ടും മണ്ണിടിച്ചിൽ തടയാനാകില്ലെന്നാണു നാട്ടുകാർ പറയുന്നത്. ബലപ്പെടുത്തൽ പ്രവ‍ർത്തി നടക്കുന്ന ഭാഗത്തിന് എതിർവശത്തും മണ്ണിടിഞ്ഞത് ആശങ്ക വർധിപ്പിക്കുകയാണ്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്ന്യോറ മലയെ മണ്ണിടിച്ചിൽ ഭീഷണിയിലാക്കിയിരിക്കുന്നത്. നിലവിൽ അപകടവാസ്ഥയിലായ വീടുകൾ ഉൾപ്പെടുന്ന ഭൂമി കൂടി ഏറ്റെടുത്ത് തട്ടുകളായി തിരിച്ചാൽ മാത്രമേ മണ്ണിടിച്ചിൽ തടയാനാകൂ എന്നാണു പ്രദേശവാസികൾ പറയുന്നത്. മണ്ണിടിയാൻ സാധ്യതയുള്ള സ്ഥലത്ത് കല്ലിട്ടു വാർക്കുന്നതിനു പകരം മണ്ണിനു മുകളിൽ സിമന്റുകൊണ്ടു ബലപ്പെടുത്തുക മാത്രമാണു ചെയ്തത്. ഈ സുരക്ഷാഭിത്തി ഉൾപ്പെടെയാണു പലയിടത്തും തകർന്നുവീഴുന്നത്

ആശങ്കയുടെ ഉയരം... ചെങ്കുത്തായ കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയെ കുത്തനെ ഇടിച്ചുനിരത്തിയാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നത്. കുത്തനെ 85 അടി ഉയരമുള്ള ഈ പ്രവൃത്തി നടക്കുന്നതിന്റെ എതിർ വശത്താണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചിത്രം: സജീഷ് ശങ്കർ∙മനോരമ
ആശങ്കയുടെ ഉയരം... ചെങ്കുത്തായ കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയെ കുത്തനെ ഇടിച്ചുനിരത്തിയാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നത്. കുത്തനെ 85 അടി ഉയരമുള്ള ഈ പ്രവൃത്തി നടക്കുന്നതിന്റെ എതിർ വശത്താണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചിത്രം: സജീഷ് ശങ്കർ∙മനോരമ

ഭയത്തിന്റെ നിഴലിൽ ജീവിതം

റോഡിനായി മണ്ണിടിച്ചു താഴ്ത്തിയപ്പോൾ കുന്നിൻമുകളിൽ കുടുങ്ങിയ ആളുകളുടെ ജീവനു മാത്രമല്ല ഭീഷണി; താഴെ റോഡിൽക്കൂടി വാഹനത്തിൽ പോകുന്നവരുടെ ജീവനും അപകടത്തിലാണ്. ഷിരൂരിൽ മണ്ണിടിഞ്ഞ് വീണപ്പോൾ ചായക്കട നടത്തിയിരുന്ന ഒരു കുടുംബവും ലോറി ഡ്രൈവർമാരും ഉൾപ്പെടെയാണ് ഇല്ലാതായത്. കേരളത്തിൽ അതിവർഷവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഓരോ വർഷവും വർധിക്കുകയാണ്. ഇതിനിടെയാണു നൂറുമീറ്ററോളം ഉയരത്തിൽ 90 ഡിഗ്രി കുത്തനെ കുന്നിടിച്ച് റോഡ് നിർമിക്കുന്നത്. ഇത്രയും ഉയരത്തിൽനിന്നു ചെറിയ കല്ല് വാഹനങ്ങൾക്കു മുകളിൽ വീണാൽപോലും വൻ ദുരന്തമായിരിക്കും. അങ്ങനെയുള്ള സാഹചര്യം നിലനിൽക്കുമ്പോഴാണ് ചെങ്കുത്തായി ചെത്തിയിറക്കിയ മലയുടെ തുമ്പത്ത് നിരവധി വീടുകളിൽ ആളുകൾ താമസിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവർക്കു തലയ്ക്കു മുകളിലെ അപകടത്തെക്കുറിച്ച് ധാരണയുണ്ടാകില്ല. എന്നാൽ മലയുടെ മുകളിൽ താമസിക്കുന്നവരെ ഓരോ നിമിഷവും ഭയത്തിന്റെ നിഴൽ പിന്തുടരുകയാണ്.

കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിലെ തന്റെ വീടിനു എതിർവശത്തെ ഇടിഞ്ഞ ഭാഗം ചൂണ്ടിക്കാണിക്കുന്ന പി.കെ.ഗോപാലൻ. ചിത്രം: സജീഷ് ശങ്കർ∙മനോരമ.
കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിലെ തന്റെ വീടിനു എതിർവശത്തെ ഇടിഞ്ഞ ഭാഗം ചൂണ്ടിക്കാണിക്കുന്ന പി.കെ.ഗോപാലൻ. ചിത്രം: സജീഷ് ശങ്കർ∙മനോരമ.
English Summary:

Kozhikode Residents Face Daily Perils Due to Faulty National Highway Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT