വീണ്ടും ട്വിസ്റ്റ്! വീട്ടിലെ വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ല; പൊലീസിനെ കുഴക്കി ഫിംഗർപ്രിന്റ് റിപ്പോർട്ട്

Mail This Article
മുംബൈ ∙ നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടിൽനിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിന്റേതല്ലെന്ന് റിപ്പോർട്ട്. ഫൊറന്‍സിക്ക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്നാണ് വിവരം. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. വിരലയടയാളം ഷെരിഫുലിന്റേതല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി അധികൃതർ പറഞ്ഞു.
അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ നേരത്തെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിരലടയാളം സംബന്ധിച്ച റിപ്പോർട്ടു പുറത്തുവരുന്നത്. മുംബൈ പൊലീസിനെ കുഴയ്ക്കുന്ന റിപ്പോർട്ടിൽ തുടർനടപടികൾ എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
‘‘അനധികൃതമായി ഇന്ത്യയിൽ കടന്നതിനാൽ അവനെ ലക്ഷ്യമിടാൻ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആൾക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാൽ ഷെരിഫുൽ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യാറുള്ളത്. ഞങ്ങൾ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുൽ ബംഗ്ലദേശിൽ ബൈക്ക് ടാക്സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഷെരിഫുൽ ഖാലിദ സിയയെ പിന്തുണക്കുന്നതിനാൽ വലിയ എതിർപ്പ് നേരിട്ടു. അതോടെ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു” - മുഹമ്മദ് ഷെരിഫുലിന്റെ പിതാവ് രോഹുൽ അമീൻ പറഞ്ഞു.