‘ഷെറിന് മാനസാന്തരപ്പെട്ടു’; ജയിലുകളിലുണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിച്ചില്ല, മോചന ശുപാര്‍ശ ഒറ്റ മാസം കൊണ്ട്

Mail This Article
തിരുവനന്തപുരം∙ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് (42) ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലില്‍നിന്നു വിട്ടയയ്ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് മുന്‍ഗണനകള്‍ ലംഘിച്ചെന്ന് ആക്ഷേപം. അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. മോചന ശുപാര്‍ശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭാ യോഗത്തിൽ എത്തിയത്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്. ഇവരെയൊന്നും പരിഗണിച്ചിട്ടില്ല.
ഷെറിന്റെ ശിക്ഷയിളവ് കണ്ണൂര്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജയില്‍ ഡിജിപി വഴി ആഭ്യന്തര വകുപ്പിലൂടെ മന്ത്രിസഭയിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോള്‍ പ്രതികളുടെ ജയിലിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കാറുണ്ട്. എന്നാല്‍ താമസിച്ച ജയിലുകളിലെല്ലാം ഷെറിന്‍ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളൊന്നും പരിഗണിച്ചില്ല. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഷെറിന്‍ ജയില്‍മോചിതയാകൂ.
25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഷെറിന് മോചനം നല്‍കാനുള്ള തീരുമാനം ഉണ്ടായത്. പൂജപ്പുര, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയിലുകളിലെ ഉപദേശക സമിതികള്‍ രണ്ട് തവണയായി നല്‍കിയ ശുപാര്‍ശകളില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂലമായിരുന്നു. ചില മന്ത്രിമാരുടെ പിന്തുണ ഷെറിന് കിട്ടിയതാണ് മോചനം വേഗത്തിലാകാന്‍ കാരണമെന്നാണ് ആക്ഷേപം. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകന്‍ ബാസിത് അലിയെ നല്ലനടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ മോചനത്തിനായി പരിഗണിച്ചില്ല.
അതേസമയം, ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നും കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരള പറഞ്ഞു. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.
2009 നവംബര്‍ 8നു രാവിലെയാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ (66) കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മകന്‍ ബിനു പീറ്റര്‍ കാരണവര്‍, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ അന്ന കാരണവര്‍ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദ് ചെയ്തതിലുള്ള വിരോധം മൂലം ഷെറിന്‍ മറ്റു പ്രതികളായ ബാസിത് അലി, നിധിന്‍, ഷാനു റഷീദ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മൂന്നുപേരും ഇപ്പോഴും ജയിലിലാണ്.
35 വര്‍ഷം ന്യൂയോര്‍ക്കില്‍ ജോലിചെയ്ത ഭാസ്‌ക്കര കാരണവരുടെ ഇളയമകനായ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിന്‍. അന്ന് ഐജിയായിരുന്ന വിന്‍സണ്‍ എം.പോളിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കാരണവരുടെ മക്കളായ ബിജു, ബെറ്റ്സി, ബിനു എന്നിവര്‍ അമേരിക്കയിലായിരുന്നു. കേസില്‍ അറസ്റ്റിലായ ഷെറിന് 2010 ജൂണില്‍ മാവേലിക്കര അഡീഷനല്‍ സെഷന്‍സ് അതിവേഗ കോടതി മൂന്നു ജീവപര്യന്തം തടവാണ് വിധിച്ചത്.
ഷെറിന്‍ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ എന്നാല്‍ ജീവിതാവസാനം വരെയുള്ള തടവാണെങ്കിലും 14 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ ഇളവു നല്‍കുന്ന കാര്യം സര്‍ക്കാരിനു പരിഗണിക്കാം. ഷെറിന്‍ 14 വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ജയില്‍ ഉപദേശക സമിതി, വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.