പാക്കിസ്ഥാൻ ക്രിക്കറ്റിൽ തോറ്റതിന് ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം: ആക്രി കച്ചവടക്കാരനും ഭാര്യയ്ക്കും ജാമ്യം

Mail This Article
മുംബൈ ∙ പാക്കിസ്ഥാനെ ക്രിക്കറ്റിൽ തോൽപിച്ച ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സിന്ധുദുർഗിലെ ആക്രി കച്ചവടക്കാരനും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ദമ്പതികളുടെ കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. മാൽവണിലെ തർക്കർലി റോഡ് നിവാസി കിതാബുല്ല ഹമീദുല്ല ഖാനും ഭാര്യ ആയിഷയ്ക്കുമാണു പ്രാദേശിക കോടതി ജാമ്യം നൽകിയത്.
ഇവരുടെ 14 വയസ്സുള്ള മകനെ കസ്റ്റഡിയിൽ എടുത്തശേഷം ജുവനൈൽ ഹോമിൽ അയച്ചിരുന്നു. ഹമീദുല്ലയുടെ ആക്രിക്കട അനധികൃതമാണെന്ന് ആരോപിച്ച് മാൽവൺ മുനിസിപ്പൽ കൗൺസിൽ അധികൃതർ ഇടിച്ചുനിരത്തി. പ്രാഥമിക അന്വേഷണം പോലും നടത്താതെ തിരക്കിട്ട് ദമ്പതികളെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ വിമർശിച്ച് നിയമ വിദഗ്ധരിൽ ചിലർ രംഗത്തെത്തി.
നോട്ടിസ് നൽകുകയും വിശദീകരണം കേൾക്കുകയും ചെയ്ത ശേഷം തൃപ്തികരമല്ലെങ്കിൽ മാത്രം കടുത്ത നടപടികളിലേക്കു നീങ്ങുകയാണ് ചെയ്യേണ്ടത് എന്നിരിക്കെ തിടുക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഭിഭാഷകനായ നിതിൻ പ്രധാൻ പറഞ്ഞു. ഹമീദുല്ലയുടെ മകൻ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോൾ ഹമീദുല്ലയും ഭാര്യയും പ്രകോപനപരമായി മുദ്രവാക്യങ്ങൾ ആവർത്തിച്ചെത്തും പരാതിക്കാർ പറയുന്നു.