പി.സി.ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Mail This Article
ഈരാറ്റുപേട്ട ∙ മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി.സി.ജോർജിന്റെ ജാമ്യാപേക്ഷയിൽ മുൻസിഫ് കോടതി ഇന്നു വിധി പറയും. തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ നൽകി. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വിദഗ്ധ ചികിത്സ വേണമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു കേസുകൾ ഇല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പൊതുപ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും വാദമുണ്ടായി. മെഡിക്കൽ കോളജിൽ ജോർജിനു വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നു പ്രോസിക്യൂഷൻ അറിയിച്ചു. 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ജോർജ് നടത്തിയതെന്നും ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.