‘അതു വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്; ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി ഞാന്‍ അങ്ങോട്ട് പോയതല്ല’

Mail This Article
തിരുവനന്തപുരം∙ ഗവര്‍ണര്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടതില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനത്തിനു നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടു പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാര്‍ക്ക് വിരുന്നു നല്‍കാനാണ് ഗവര്‍ണര്‍ പോയത്. ഞാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടായിരുന്നു. വിമാനത്തില്‍ ഒരുമിച്ചായിരുന്നു യാത്ര. വിരുന്നിന് വരാന്‍ ഗവര്‍ണര്‍ വീണ്ടും ക്ഷണിച്ചു. എംപിമാരുടെ പരിപാടിയില്‍ ഞാനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവര്‍ണറെ കൂടി വിളിച്ചതാണ്. അദ്ദേഹം സമ്മതിച്ചു രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി ഞാന്‍ അങ്ങോട്ട് പോയതല്ല.’’– മുഖ്യമന്ത്രി വ്യക്തമാക്കി.

‘‘എനിക്കും ഗവര്‍ണര്‍ക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നുമല്ല പോയത്. തീര്‍ത്തും സൗഹാര്‍ദപരമായിരുന്നു ചര്‍ച്ച. അതു വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ് ആയിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ നവ ഫാഷിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നിലപാടിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപി കേസ് പ്രതികളുടെ പരോളിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. കോവിഡ് കാലം കൂടി നോക്കുമ്പോള്‍ പരോള്‍ വലിയ സംഖ്യയായി തോന്നാം. കോവിഡ് കാലത്ത് 655 ദിവസം വരെ പരോള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കേസിലെ പ്രതികള്‍ക്ക് മാത്രം പരോള്‍ നല്‍കില്ലെന്നു പറയാനാകില്ല. പൊതുവില്‍ ആനുകൂല്യം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്നു വ്യാപനം തടയാന്‍ പൊലീസും എക്‌സൈസുമായി ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.