പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ പാർട്ടി കോൺഗ്രസ്; ഹാജരാകാൻ ഇ.ഡിയോട് സാവകാശം തേടി രാധാകൃഷ്ണൻ

Mail This Article
ന്യൂഡൽഹി ∙ കരുവന്നൂർ കള്ളപ്പണം ഇടപാട് കേസിൽ നേരിട്ട് ഹാജരാകാൻ വീണ്ടും സാവകാശം തേടി കെ. രാധാകൃഷ്ണൻ എംപി. ഇ.ഡി ആവശ്യപ്പെട്ട് സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും രാധാകൃഷ്ണൻ കൈമാറി. പാർലമെന്റ് സമ്മേളനത്തിനു ശേഷം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നാണ് രാധാകൃഷ്ണൻ ഇ.ഡിയെ അറിയിച്ചത്. ഏപ്രിൽ ഏഴിനു ശേഷം നേരിട്ട് ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ രാധാകൃഷ്ണനോട് ഹാജരാകാൻ ഇ.ഡി രണ്ടാമതും ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്. ഇമെയിൽ മുഖേനയാണ് ഇ.ഡി അദ്ദേഹത്തിന് രണ്ടാമത്തെ സമൻസ് അയച്ചത്. ലോക്സഭ സമ്മേളനത്തിലായതിനാൽ ആദ്യ സമൻസ് വൈകിയാണ് ലഭിച്ചത്. ഇതിന് നൽകിയ മറുപടിയിൽ ലോക്സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഈ മാസം കേസിൽ അന്തിമ കുറ്റപത്രം നൽകേണ്ടതിനാൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് ഇ.ഡി സ്വീകരിച്ചത്.
കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.