നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ഏകോപന ചുമതല എ.പി.അനിൽകുമാറിന്

Mail This Article
തിരുവനന്തപുരം ∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഏകോപന ചുമതല മുൻ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനിൽകുമാറിനു നൽകി കോൺഗ്രസ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം നിലമ്പൂർ മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.