ബോംബിട്ടാൽ കനത്ത തിരിച്ചടി: ഖമനയി

Mail This Article
ടെഹ്റാൻ ∙ ആണവ പദ്ധതിയുടെ കാര്യത്തിൽ യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തിരിച്ചടിയും കനത്തതായിരിക്കുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി.
ആണവ പദ്ധതിയുടെ കാര്യത്തിൽ നേരിട്ട് ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കി ട്രംപ് മാർച്ച് ആദ്യവാരം ഖമനയിക്ക് കത്തയച്ചിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചില്ലെങ്കിൽ ഇറാനുള്ള മറുപടി നൽകുന്നത് ബോംബുകളായിരിക്കും എന്നാണ് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്. ബോംബിടുമെന്ന് ഒരു രാഷ്ട്രത്തലവൻ പറഞ്ഞത് ഞെട്ടിക്കുന്നതാണെന്നും ഇറാൻ വ്യക്തമാക്കി.
ആണവപദ്ധതിയെപ്പറ്റി യുഎസുമായി നേരിട്ട് ചർച്ച ചെയ്യാമെന്ന വാഗ്ദാനം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞദിവസം തള്ളിയിരുന്നു.