ADVERTISEMENT

മുള്ളാൻ മുട്ടിത്തുടങ്ങിയിട്ടു കുറച്ചുനേരമായി. അടിവയറ്റിനുള്ളിലെവിടെയൊക്കെയോ ഒരു വേദനയും വിങ്ങലും. പിടിച്ചുവച്ചുശീലമില്ലാത്തതാണ്. മര്യാദയ്ക്കൊന്നു ശ്വാസമെടുത്താലോ ചിരിച്ചാലോ പ്രശ്നമാകുമെന്നു തോന്നി. ദൈവമേ... കുർത്തയുടെ പിന്നാമ്പുറത്തെങ്ങാനും നനവു പടർന്നാൽ. അവൾക്കത് ആലോചിക്കാനേ വയ്യ. വക്രിച്ച മുഖം കൂടുതൽ ബലപ്പെടുത്തി അവൾ കംപ്യൂട്ടർ ചെയറിൽ അമർന്നിരുന്നു. എങ്ങനെയെങ്കിലും ഒന്നു വാഷ് റൂമിൽ പോയാൽ മതിയെന്നായി. കൊറിഡോർ കടന്നുവേണം വാഷ് റൂമിലെത്താൻ. നാശം. പുതുതായി ചാർജെടുത്ത ജനറൽ മാനേജർ പൂച്ചെണ്ടും പിടിച്ചു പുഞ്ചിരിക്കുട്ടപ്പനായി ഓഫിസിലെ സഹപ്രവർത്തകരുടെയെല്ലാം ആശംസകളേറ്റുവാങ്ങി പോസ്റ്റായിരിക്കുകയല്ലേ ആ കൊറിഡോറിൽ. ഇപ്പോഴെങ്ങാനും ആ കൊറിഡോർ വഴി പോയാൽ സീനിയർ മാനേജർ ചിലപ്പോൾ അവളുടെ പേരും വിളിച്ചുപറയും, പുതിയ ജിഎമ്മിന് രണ്ടു വാക്ക് ആശംസയർപ്പിക്കാൻ. എല്ലാവരുടെയും മുന്നിൽ മൈക്കുംപിടിച്ച് ആശംസയർപ്പിക്കുന്ന നേരമെങ്ങാനും മുള്ളിപ്പോയാലോ.. അതുകൊണ്ട് തൽക്കാലം കൊറിഡോറിൽ പോയി തലവയ്ക്കുന്നതിനേക്കാൾ ഭേദം ഇവിടെ ഈ കംപ്യൂട്ടർ ചെയറിൽ പിടിച്ചുവച്ചിരിക്കുന്നതാണ്.

ജിഎം എത്രയും വേഗം അവിടെനിന്നൊന്നു പോയിത്തന്നാൽമതിയെന്നായി അവൾക്ക്. അടിവയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നതുപോലെ തോന്നി. രാവിലെ വീട്ടിൽനിന്നിറങ്ങിയതാണ്. ടെൻഷൻ കാരണം കുളിക്കാൻപോലും മിനക്കെട്ടില്ല. കയ്യിൽക്കിട്ടിയൊരു ജീൻസും ലിനൻ ടോപ്പും വലിച്ചുകേറ്റി ടു വീലറുമെടുത്ത് നേരേ ഓഫിസിലേക്കു പോന്നതാണ്. വരുന്നവഴി മെഡിക്കൽ ഷോപ്പിലും കയറണമായിരുന്നു. രാവിലെ നേരത്തെയായതുകൊണ്ട് പല മെഡിക്കൽ ഷോപ്പുകളും തുറന്നിരുന്നില്ല. അമ്മൻകോവിലിന് അടുത്തുള്ള, അവൾ ചിലപ്പോഴൊക്കെ പോകാറുള്ള മെഡിക്കൽഷോപ്പ് തുറന്നിരുന്നെങ്കിലും പരിചയമുള്ള കട മനപ്പൂർവം അവൾ വേണ്ടെന്നുവച്ചു. അങ്ങനെ തിരക്കൊഴിഞ്ഞൊരു മെഡിക്കൽ ഷോപ്പ് കണ്ടുപിടിച്ച് സാധനം വാങ്ങി ഓഫിസിലെത്തി, സമാധാനമായൊന്നു വാഷ് റൂമിൽ പോകാമെന്നു കരുതിയപ്പോഴല്ലേ ഇങ്ങനെയൊരു അബദ്ധം വന്നുപിണയുന്നത്. ആരെങ്കിലും കരുതിയോ പുതിയ ജിഎം ഇന്നുതന്നെ ചാർജെടുക്കുമെന്ന്, വാഷ്റൂമിലേക്കുള്ള കൊറിഡോറിൽതന്നെ ബൊക്കെയുംപിടിച്ച് വഴിയടച്ചു നിന്നുകളയുമെന്ന്? അവൾക്ക് വട്ടുപിടിക്കുന്നുണ്ടായിരുന്നു.

– അല്ലാ റിതു ഇവിടെയിരിക്കുകയാണോ, പുതിയ ജിഎമ്മിനെ മീറ്റ് ചെയ്യണ്ടേ..?

രാധികാ മേഡമാണ് അപ്പുറത്തെ സീറ്റിൽനിന്ന് ഉറക്കെവിളിച്ചു ചോദിച്ചത്. റിതു അതു കേൾക്കാത്ത മട്ടിൽ കംപ്യൂട്ടർ സ്ക്രീനിലേക്കു നോക്കിയിരുന്നു. അപ്പോഴാണ് മൊബൈലിൽ സണ്ണിയുടെ കോൾ. എടുക്കണോ? അവൾ ഒരുനിമിഷം ആലോചിച്ചു. എടുത്തേക്കാം. ഇല്ലെങ്കിൽ വിളിച്ചുകൊണ്ടേയിരിക്കും.

– എന്താടാ...

വളരെ പരുഷമായിരുന്നു അവളുടെ ചോദ്യം.

–എടീ, നീ നോക്കിയോ? കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..

ഓഹ്.. അവന് അത് അറിയാനുള്ള ആകാംക്ഷയാണ്. അവൾക്ക് തള്ളവിരൽമുതൽ പെരുത്തുകയറുന്നതുപോലെ തോന്നി.

– ഒന്നു വച്ചിട്ടുപോടാ കോപ്പേ, സമാധാനായിട്ടൊന്നു മുള്ളട്ടെ ഞാൻ. എന്നിട്ടു നോക്കാം.

അവൾ കൂടുതലൊന്നും പറയാതെ കോൾ കട്ട് ചെയ്തു.

അവൻ വീണ്ടും വിളിക്കുമെന്നറിയാവുന്നതുകൊണ്ട് ഫോൺ അവൾ സൈലന്റ് മോഡാക്കി.

ഇനിയും പിടിച്ചുവയ്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അവൾ രണ്ടുംകൽപിച്ച് സീറ്റിൽനിന്നെഴുന്നേറ്റു. അതിനിടയിൽ ഉൾത്തുടകൾക്കിടയിലൊരു തരിപ്പും തണുപ്പും തോന്നിയോ? കൈകൊണ്ട് പതുക്കെ കുർത്തയുടെ പിൻഭാഗത്തെ ചുളിവുകളൊക്കെ നേരെയാക്കി അവൾ ചുറ്റും നോക്കി. ഇല്ല, ആരുമില്ല. എല്ലാവരും പുതിയ ജിഎമ്മിനെ സ്വീകരിക്കാൻ പോയി നിൽക്കുകയാണ്. ഇതൊക്കെ ചുമ്മാതെയാണ്. കമ്പനിയുടെ അടുത്ത അപ്പ്രെയ്സലിന്റെ സമയമാകാറായി. പുതിയ ജിഎമ്മിനായിരിക്കും ഇനി പ്രമോഷനൊക്കെ തീരുമാനിക്കുന്നതിന്റെ ചുമതല. അതുകൊണ്ടാണ് സകല അവളുമാരും ചിരിച്ചു കാണിക്കുന്നത്. ഒരു ആത്മാർഥതയുമില്ലാത്ത കള്ളക്കൂട്ടങ്ങൾ. റിതുവും ആ കള്ളക്കൂട്ടത്തിൽ മുൻപന്തിയിൽപോയി നിന്നേനേ, ഈ ഏടാകൂടം ഇല്ലായിരുന്നെങ്കിൽ. ചിരിച്ചുകാണിച്ച് കാര്യം നടത്തിക്കാൻ റിതുവും മിടുക്കിയാണ്. അങ്ങനെയാണല്ലോ സണ്ണിയോടൊപ്പം സെറ്റായത്. അല്ലായിരുന്നെങ്കിൽ അവളേക്കാൾ രണ്ടു ഗ്രേഡ് ഉയർന്ന പൊസിഷനിലുള്ള സീനിയർ കൂടിയായ സർവോപരി ഒന്നാന്തരം റബർ എസ്റ്റേറ്റ് മുതലാളിയുടെ മകൻകൂടിയായ സണ്ണിയെതന്നെ അവൾ തിരഞ്ഞെടുക്കില്ലായിരുന്നല്ലോ.

ഓഫിസിൽ പക്ഷേ ഒരു കുഞ്ഞിനോടും അവളതു പറഞ്ഞിട്ടില്ല. സണ്ണിയെ റാഞ്ചിയെടുക്കാൻ ചില ന്യൂജെൻ പെണ്ണുങ്ങൾ കന്റീനിലും കഫ്റ്റീരിയയിലുമൊക്കെയായി നോക്കിനടക്കുന്നുണ്ടെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല. അവൾക്ക് അതൊന്നുമോർത്ത് ടെൻഷനടിക്കാൻ വയ്യ. സണ്ണിപോയാൽ ടോണി. അത്രയേയൂള്ളൂ. ഡിസൈൻ ടീമിലുള്ള ടോണി. കാശുള്ള വീട്ടിലെ പയ്യനാണ്. സീനിയർ ഒന്നുമല്ലെങ്കിലും സാരമില്ല, അവന്റെ മിടുക്കുകൊണ്ട് വേഗം പ്രമോഷനൊക്കെ തരപ്പെടുത്തിക്കോളും. പിന്നെയെന്തിന് റിതു ടെൻഷനടിക്കണം. കാശുള്ള വീട്ടിലെ പയ്യന്മാരെ തന്നെ കണ്ടുപിടിക്കുന്നത് റിതുവിന്റെ വീട്ടിൽ കഞ്ഞിക്കു വകയില്ലാഞ്ഞിട്ടൊന്നുമല്ല. ഡാഡിയുടെ മുൻപിൽ പ്രപ്പോസലുമായി ചെല്ലുമ്പോൾ അങ്ങേരുടെ ദുർമുഖം കാണേണ്ടല്ലോ എന്നു കരുതി മാത്രമാണ്. പിന്നെ ഡേറ്റിങ്ങൊക്കെ ഒന്നു കളറാക്കാണമെന്ന് ആർക്കാണെങ്കിലും മോഹമുണ്ടാകില്ലേ?

പത്താംക്ലാസിൽ കോൺവെന്റ് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു റിതുവിന്റെ ആദ്യ പ്രണയത്തിന്റെ ബ്രേക്കപ്. തൊട്ടടുത്ത ബോയ്സ് സ്കൂളിലെ മെൽവിനായിരുന്നു പ്രതി. അന്ന് ആ സങ്കടത്തിൽനിന്നു കരകയറാൻ റിതു കുറെ കഷ്ടപ്പെട്ടു. കാരണം പിഞ്ചിലേ തുടങ്ങിയ ആത്മാർഥവും നിഷ്കളങ്കവുമായ പ്രണയമായിരുന്നല്ലോ അത്. പഠനം ഉഴപ്പി. മാനസികനില തന്നെ തകരാറിലായി. പത്താംക്ലാസ് പരീക്ഷ കൂഴച്ചക്കപ്പരുവത്തിലായിപ്പോയി. അന്ന് കൗൺസലിങ് നടത്തിയ സിസ്റ്റർ മാർഗരീറ്റയാണ് അവൾക്ക് ബൈബിളിലില്ലാത്ത ആ മഹ‍ദ് വചനം പറഞ്ഞുകൊടുത്തത്, ജീവിതത്തിൽ എപ്പോഴും ഒരു പ്ലാൻ ബി വേണം റിതൂ... അന്നുമുതൽ ജീവിതത്തിലുടനീളം റിതു സിസ്റ്റർ മാർഗരീറ്റയുടെ ആ വചനം ശിരസ്സാവഹിച്ചു. പിന്നീടുള്ള ഒരു ബ്രേക്കപ്പും അവളുടെ മനസ്സു തൊട്ടില്ല. കൂടിപ്പോയാൽ സ്റ്റാർബക്സിലെ ഒരു കോൾഡ് കോഫി. അതുംകഴിച്ച് കൈകൊടുത്ത് നല്ല അന്തസ്സായി ബൈ പറഞ്ഞു പിരിയും. ആ കോൾഡ് കോഫിയുടെ ബില്ലുകൂടി ബ്രേക്കപ്പിനു മുൻപേ അടപ്പിച്ചിട്ടേ റിതു ആ റിലേഷനോടു പായ്ക്കപ്പ് പറയൂ. എല്ലാം സിസ്റ്റർ മാർഗരീറ്റ പഠിപ്പിച്ചുകൊടുത്തതിന്റെ മഹത്വം.

പക്ഷേ മുള്ളാൻ മുട്ടുന്ന നേരം ഒരു പ്ലാൻ ബി കണ്ടെത്താൻ കഴിയാതെപോയതിൽ റിതുവിനു വലിയ ജാള്യത തോന്നി. അപ്പോഴാണ് കൊറിഡോറിലേക്കെത്തും മുൻപേ ആണുങ്ങളുടെ വാഷ്റൂമുള്ള കാര്യം പെട്ടെന്ന് അവളുടെ ഓർമയിൽ തെളിഞ്ഞത്. പിന്നൊന്നും ആലോചിച്ചില്ല. ഇതുതന്നെ പ്ലാൻ ബി. ആണുങ്ങളുടെ മൂത്രപ്പുരയിൽ യൗവനയുക്തയായ ഒരു പെൺകുട്ടി അതിക്രമിച്ചു കയറുന്നത് ആരെങ്കിലും കാണുമോ എന്നൊന്നും ഒരുനിമിഷം പോലും ചിന്തിച്ചില്ല. അവൾ നേരെ വാഷ്റൂമിലേക്കു വച്ചുപിടിച്ചു. അകത്തുകയറി, അവിടെ ആണുങ്ങൾക്കു മാത്രമായി കസ്റ്റമൈസ് ചെയ്തു നിർമിച്ച സംവിധാനത്തിൽ വളരെ സാഹസികമായി അവൾ കാര്യം സാധിച്ചു. ജീൻസിന്റെ പോക്കറ്റിൽ കരുതിയ ടെസ്റ്റ് കിറ്റിലേക്കും രണ്ടു തുള്ളി ഇറ്റിച്ചു. രണ്ടുനിമിഷം കണ്ണടച്ച് അവൾ കിറ്റിലേക്കു നോക്കിയപ്പോൾ അതാ തെളിഞ്ഞിരിക്കുന്നു രണ്ടുവര. സണ്ണി അവന്റെ പൗരുഷം തെളിയിച്ചിരിക്കുന്നു. കർത്താവേ, ഇനി ഈ തലവര എങ്ങനെ മായ്ക്കും? അവൾ സിസ്റ്റർ മാർഗരീറ്റയെ ഒരിക്കൽകൂടി മനസ്സാ സ്മരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ഇനി സണ്ണിയെങ്ങാനും യൂദാസ് കളിക്കുമോ? അവൾക്കു ചെറിയൊരു ടെൻഷൻ ഇല്ലാതില്ല. മുഖം കഴുകി പുറത്തിറങ്ങി ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ സീറ്റിലേക്കു നടന്നു. 

– റിതൂ, ഹൗ ആർ യൂ ഡിയർ.. ഡൂയിങ് ഫൈൻ?

മാർക്കറ്റിങ് ടീമിലെ ജ്യോതിഷ് ആണ് പെട്ടെന്നു മുന്നിൽവന്നുപെട്ടത്. അവൾ ഫൈൻ എന്നുമാത്രം പറഞ്ഞ് പുഞ്ചിരിച്ചു.

അല്ലെങ്കിലും മണിക്കൂറുകളോളം പിടിച്ചുവച്ചിട്ട് മുള്ളുമ്പോൾ കിട്ടുന്ന സുഖം ഒരു വല്ലാത്ത സുഖം തന്നെയാണെന്ന് അവൾ മനസ്സിലോർത്തു.

ജ്യോതിഷ് പിന്നെയും എന്തൊക്കെയോ സംസാരിക്കാനുള്ള തയാറെടുപ്പിലാണ്. അവന്റെ മുഖത്ത് പതിവില്ലാത്ത ഒരു നാണം പോലെ. വാക്കുകൾക്കുവേണ്ടി പരതുന്നപോലെ...

–റിതൂ, കുറച്ചുകാലമായി പറയണമെന്നു കരുതുകയായിരുന്നു. ഇപ്പോഴാണ് ആളും ബഹളവുമില്ലാതെ റിതുവിനെ ഒന്നു തനിച്ചുകിട്ടുന്നത്.

അവൾ ചോദ്യഭാവത്തിൽ മുഖമുയർത്തി. സംഗതിയുടെ ഒരു പോക്ക് കണ്ട് അവൻ പറയാൻപോകുന്നത് ഊഹിക്കാൻ അവൾക്കു കഴിഞ്ഞു.

– എനിക്ക്, എനിക്ക്, ഐ തിങ് അയാം ഇൻ ലവ് വിത് യുവർ സ്മാർട്നെസ്...

അതുംപറഞ്ഞ് ജ്യോതിഷ് പെട്ടെന്നു തിരിഞ്ഞുനടന്നു.

റിതുവിന് ആദ്യം ഒരു നിമിഷം എന്തു പറയണമെന്നറിയില്ലായിരുന്നു. അവൾ സിസ്റ്റർ മാർഗരീറ്റയെ വീണ്ടും മനസ്സിലോർത്തു. കൺഫ്യൂഷൻ വരുമ്പോൾ എപ്പോഴും അവൾ ആ മുഖമാണല്ലോ ഓർമിക്കാറുള്ളത്. പാവം. കുരിശിങ്കൽ പള്ളി മഠത്തിലെ സെമിത്തേരിയിൽ കിടക്കുന്ന സിസ്റ്റർ അവളുടെ ആ ആലോചനകൾ വല്ലതും അറിയുന്നുണ്ടോ ആവോ? എങ്കിലും ഒന്നാലോചിച്ചപ്പോൾ അവൾക്കു ജ്യോതിഷിനോടു തിരിച്ചുചോദിക്കണമെന്നുണ്ടായിരുന്നു,

വിൽ യൂ ബീ മൈ പ്ലാൻ സി?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com