ഈ ക്ലാരയ്ക്കെന്നും മഴയില്ലാവേനൽ

Mail This Article
–എന്തൊരുഷ്ണമാണ് കർത്താവേ...
ഒരു നല്ല മഴയൊന്നു പെയ്തിരുന്നെങ്കിൽ...
ഉച്ചസൂര്യൻ നിന്നു കത്തുകയാണ്. ക്ലാരമ്മ ഒരു വിശറിയെടുത്തു വീശിക്കൊണ്ട് വരാന്തയിലെ തിണ്ണമേലിരിക്കാൻ തുടങ്ങിയിട്ടു കുറെ നേരമായി. പറമ്പിൽപണിക്കു വറീതിനെ കൂട്ടിയിട്ടുണ്ട്. കണ്ണുതെറ്റിയാൽ അവൻ പണി ഉഴപ്പും. അതാണ് ചൂടു വകവയ്ക്കാതെ ക്ലാരമ്മ വരാന്തയിൽതന്നെ ഇരിപ്പുറപ്പിച്ചത്. ഉച്ചിയിൽനിന്നുള്ള വിയർപ്പ് ക്ലാരമ്മയുടെ നരച്ച മുടിയിഴകളെ നനച്ചുതോർത്തി, ചെവിക്കുപിന്നിലൂടെ ഒലിച്ചുകുത്തി, കഴുത്തിലെ മടക്കുകളിലൂടെ താഴ്ന്നൊഴുകി മുഷിഞ്ഞ ചട്ടയ്ക്കുള്ളിലേക്ക് അരിച്ചരിച്ച് ഇറങ്ങുന്നുണ്ടായിരുന്നു. അയഞ്ഞ റൗക്കയ്ക്കുള്ളിലെ ഞാന്നുതൂങ്ങിയ അമ്മിഞ്ഞകളെ ഇക്കിളിയാക്കി വന്നടിഞ്ഞ വിയർപ്പുതുള്ളികൾ ക്ലാരമ്മ ചട്ട പൊക്കി ഒരു കച്ചത്തോർത്തുകൊണ്ടു തുടച്ചുകൊണ്ടേയിരുന്നു. ഓരോ തവണ ചട്ട പൊക്കുമ്പോഴും ക്ലാരമ്മയുടെ വെളുത്തുതുടുത്ത അടിവയറ്റിലെ മടക്കുകൾ വീണ്ടും വീണ്ടും അനാവൃതമായിക്കൊണ്ടുമിരുന്നു.
–അമ്മച്ചിക്ക് അകത്തേക്കു കയറിയിരുന്നൂകൂടെ? ഉഷ്ണിച്ച് തിണ്ണയിലിരിക്കണോ?
തൊടിയിലെ തെങ്ങിനു തടംവയ്ക്കാനെത്തിയ പണിക്കാരൻ വറീതിന്റെ കുറുക്കൻകണ്ണുകൾ ക്ലാരമ്മയുടെ ചട്ടയ്ക്കൊപ്പം ഉയർന്നു താഴുന്നതുകണ്ട് വീട്ടിനകത്തുനിന്ന് മീന പിറുപിറുത്തു. ക്ലാരമ്മ അവൾ പറഞ്ഞതു വകവയ്ക്കാതെ തിണ്ണമേൽ കാലുംനീട്ടിയിരിപ്പു തുടർന്നു. ഓ, ഇനി ഈ വയസ്സാംകാലത്ത് എന്തു നോക്കാനാണ്? വറീത് മൂക്കിളയൊളിപ്പിച്ചു നടക്കുന്ന പ്രായത്തിൽ കൊട്ടാരമുറ്റം കുടുംബത്തിലേക്കു കെട്ടിക്കൊണ്ടുവന്നതാണ് ക്ലാരമ്മയെ. ഇപ്പോൾ മൂത്തുനരച്ച് മുതുകിളവിയായി. മറ്റൊരുത്തി ഉത്തരവിടുന്നതു കേട്ട് മാറിയിരിക്കാനൊന്നും ക്ലാരമ്മയെ കിട്ടില്ല. പ്രത്യേകിച്ചും മീന പറയുന്നതു വകവയ്ക്കാൻ ഒരു കാലത്തും ക്ലാരമ്മയുടെ മനസ്സ് അനുവദിച്ചിട്ടില്ലല്ലോ. മീന ക്ലാരമ്മയുടെ മരുമകളാണ്. കുറച്ചു ദിവസത്തേക്ക് ബാംഗ്ലൂരിൽനിന്ന് അവധിക്കുവന്നതാണ്. കൂടെ മകളുമുണ്ട്. ആൻമരിയ. ക്ലാരമ്മയുടെ മരിയക്കൊച്ച്.
ക്ലാരമ്മയുടെ മൂത്തമകൻ റോണി ബാംഗ്ലൂര് പഠിക്കാൻ പോയപ്പോൾ കണ്ട് ഇഷ്ടപ്പെട്ട് കെട്ടിയ മാർവാഡിക്കാരിയാണ് മീന. റോണിയുടെ കൂടെക്കൂടിയതിൽ പിന്നെയാണ് അവൾ മലയാളം പറയാൻ പഠിച്ചത്. മീൻ മുളകരച്ചുവയ്ക്കാനും കൂർക്ക തൊലികളയാനുമൊക്കെ പഠിപ്പിച്ച് റോണി അങ്ങു നേരത്തെ പോയി. അതിൽപിന്നെ മീന വല്ലപ്പോഴുമേ ക്ലാരമ്മയെ കാണാൻ വരാറുള്ളൂ. ക്ലാരമ്മയ്ക്കു പണ്ടേ മീനയെ അത്ര താൽപര്യമില്ല. നല്ല പുളിങ്കൊമ്പത്തെ തറവാടുകളിൽനിന്ന് എത്രയെത്ര ആലോചന വന്നതാണെന്നറിയുമോ റോണിക്ക്. അതെങ്ങനെയാ, ഈ മാർവാടിപ്പെണ്ണല്ലായിരുന്നോ അവന്റെ മനസ്സിൽ. കാണാനൊരു ആനച്ചന്തമില്ലെന്നല്ല. എന്നാലും നല്ല ദൈവഭയവും ഏക്കറുകണക്കിന് എസ്റ്റേറ്റുമുള്ള പെൺകൊച്ചുങ്ങള് വരിവരിയായി നിൽക്കുമ്പോഴല്ലേ റോണി ഈ മാർവാഡിക്കാരിയുടെ കയ്യുംപിടിച്ച് ഒരു ഞായറാഴ്ച പാട്ടുകുർബാനനേരത്ത് പള്ളിയിലേക്കു കയറിവന്നത്. എന്തോ ഭാഗ്യത്തിനാണ് ക്ലാരമ്മയ്ക്ക് അന്ന് അറ്റാക്ക് വരാതിരുന്നത്. അല്ലായിരുന്നെങ്കിൽ... കുടുംബക്കല്ലറയിൽ അതിയാനെ കൊണ്ടു കിടത്തിയിട്ട് ഒരാണ്ടു തികഞ്ഞതേയുള്ളായിരുന്നു.
അന്ന് ഇടവകയിലെ പെണ്ണുങ്ങള് മാർവാഡിപ്പെണ്ണിനെ കണ്ട് കുശുകുശുക്കുന്നതൊക്കെ ക്ലാരമ്മയുടെ കാതിൽ അപ്പപ്പോൾതന്നെ എത്തിച്ചുകൊടുത്തിരുന്നു പലരും. ക്ലാരമ്മ അതുകേട്ട് നെഞ്ചുലയ്ക്കാനൊന്നും പോയില്ല. പകരം തന്റെ കാലശേഷം മരുമകൾക്ക് കുടുംബസ്വത്തിൽ ഒരു തരിപോലും കൊടുക്കില്ലെന്ന് ഒരു ഒസ്യത്ത് എഴുതിവയ്പ്പിച്ചു. അങ്ങനെ കൊട്ടാരമുറ്റം തറവാട്ടിലെ സ്വത്തൊന്നും കണ്ട മാർവാഡികൾ കൊണ്ടുപോകണ്ട. റോണിക്ക് പണ്ടേ സ്വത്തിലൊന്നും നോട്ടമില്ലായിരുന്നു. അവന് ബാംഗ്ലൂര് വലിയ ഉദ്യോഗവും പത്രാസുമൊക്കെയല്ലേ. പോരാത്തതിന് മീനയുടെ കുടുംബക്കാരും അവിടെ വലിയ കാശുകാരാണെന്നാണ് കേട്ടത്. ആയിക്കോട്ടെ. അതിന് ക്ലാരമ്മയ്ക്ക് എന്തുവേണം?
പക്ഷേ ക്ലാരമ്മയുടെ പിടിവാശിയൊക്കെ അലിയിച്ചു കളഞ്ഞായിരുന്നു ആൻമരിയയുടെ ജനനം. കെട്ടുകഴിഞ്ഞ് പത്താംമാസം മരുമകള് റോണിയുടെ കടിഞ്ഞൂലിനെപ്പെറ്റു. വെള്ളാരംകണ്ണുകളുള്ള ഒരു മാലാഖക്കുഞ്ഞ്. അതിനെയുംകൊണ്ട് റോണിയും മീനയും ആദ്യമായി കൊട്ടാരമുറ്റം തറവാട്ടിലേക്കു വന്നു കയറിയതൊക്കെ ഇന്നലെക്കഴിഞ്ഞപോലെ തോന്നി ക്ലാരമ്മയ്ക്ക്. എത്ര പെട്ടെന്നാണ് പത്തിരുപതു വർഷം കടന്നുപോയത്. ആൻമരിയയ്ക്ക് വെറും ഒരു വയസ്സുള്ളപ്പോഴായിരുന്നു റോണിയുടെ മരണം. ബാംഗ്ലൂരിൽവച്ച് ഒരു കാറപകടം. ആംബുലൻസിൽ ഒരു വെള്ളത്തുണിക്കെട്ടായി അവനെ ഇടവകപ്പള്ളിയിലേക്കു കൊണ്ടുവന്ന ആ കാഴ്ച ക്ലാരമ്മ മറന്നിട്ടില്ല. കണ്ട മാർവാഡിപ്പെണ്ണിനെയും കെട്ടി പള്ളിയും പട്ടക്കാരുമൊന്നുമില്ലാതെ അന്യനാട്ടിലെവിടെയോ പോയിക്കിടന്നതിന്റെ ശാപമാണ് പടുമരണമെന്ന് കുടുംബക്കാര് പിറുപിറുക്കുന്നുണ്ടായിരുന്നു.
ഒന്നേയുള്ളുവല്ലോ എന്നു കരുതി ക്ലാരമ്മ വളർത്തിയതാണ്. റോണിയുടെ ആ കിടപ്പുകണ്ട് ദെണ്ണം സഹിക്കവയ്യാതെ ഹൃദയംപൊട്ടി വീണതേ ക്ലാരമ്മയ്ക്ക് ഓർമയുള്ളൂ. രണ്ടുദിവസം ബോധമില്ലാതെ ഒറ്റക്കിടപ്പായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ബോധം തെളിഞ്ഞ് കൊട്ടാരമുറ്റത്തെ വീട്ടിലേക്കു തിരികെവന്നപ്പോഴേക്കും റോണിയുടെ അടക്കവും മറ്റും കഴിഞ്ഞിരുന്നു. ക്ലാരമ്മയ്ക്ക് ഒന്നും കാണേണ്ടിവന്നില്ല. അതുകൊണ്ടാണോ എന്തോ റോണി വിട്ടുപോയതായി ക്ലാരമ്മയ്ക്ക് മനസ്സുകൊണ്ട് തോന്നിയതേയില്ല. അവനിപ്പോഴും ബാംഗ്ലൂരിലെവിടെയോ ആ മാർവാഡിപ്പെണ്ണിന്റെ കൂടെ ജീവിക്കുന്നുണ്ടാകും എന്നേ കരുതിയുള്ളൂ ക്ലാരമ്മ. കള്ളമാണെന്നറിയാമെങ്കിലും ചില കള്ളത്തരങ്ങൾ തരുന്ന മനഃസമാധാനം എത്ര വലുതാണല്ലേ എന്ന് സ്വയം ആശ്വസിച്ചു ക്ലാരമ്മ.
റോണിയുടെ അടക്കവും ചടങ്ങുകളും കഴിഞ്ഞതോടെ മീന ബാംഗ്ലൂരിലേക്കു തന്നെ തിരിച്ചുപോയി. പിന്നീട് വല്ലപ്പോഴുമുള്ള ഒരു ഫോൺകോൾ... പ്രത്യേകിച്ചൊന്നും ചോദിക്കാനില്ലായിരുന്നു ക്ലാരമ്മയ്ക്ക്. മീനയ്ക്കൊന്നും പറയാനുമില്ലായിരുന്നു. അപൂർണമായ ചില മൂളലുകളിലൂടെയായിരുന്നു ക്ലാരമ്മയുടെ മറുപടികൾ. തന്റെ ഇഷ്ടം ധിക്കരിച്ച് മകൻ കെട്ടിക്കൊണ്ടുവന്ന മാർവാഡിപ്പെണ്ണിനോടുള്ള അതൃപ്തിയും അനിഷ്ടവും ക്ലാരമ്മയുടെ ഓരോ മൂളലിൽപോലും കയ്ച്ചുകിടന്നു. പതുക്കെപ്പതുക്കെ ആ വിളിയും ഇല്ലാതായി. റോണിയുടെ ആണ്ടുകുർബാനകൾ പലതും കഴിഞ്ഞുപോയി. ഒരിക്കലും മീന മരിയക്കൊച്ചിനെയുംകൊണ്ടു വന്നതേയില്ല. ക്ലാരമ്മ ക്ഷണിച്ചതുമില്ല. ഇത്തിരിയില്ലാത്തൊരു പെൺകൊച്ചിനെയുംകൊണ്ട് മീന എങ്ങനെ കഴിയുന്നുവെന്നൊന്നും ക്ലാരമ്മ തിരക്കാനും പോയില്ല. ചെറുപ്പമല്ലേ. അവൾ വേറെയാരെങ്കിലും കെട്ടി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്ന് ക്ലാരമ്മ കണക്കുകൂട്ടി. എങ്കിലും വെള്ളിടിവെട്ടുന്ന ശബ്ദം കേട്ട് ഉറക്കം ഞെട്ടിയുണരുന്ന തുലാമാസരാത്രികളിൽ ക്ലാരമ്മയുടെ സ്വപ്നങ്ങളിൽ രണ്ടു വെള്ളാരംകണ്ണുകൾ ഇടയ്ക്കിടെ വന്നു പുഞ്ചിരിച്ചുകൊണ്ടിരുന്നു. മരിയക്കൊച്ചേ... ഉറക്കത്തിൽ ക്ലാരമ്മയുടെ വിളിക്ക് ഒരു പിഞ്ചുമറുവിളി കേൾക്കാറുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച റോണിയുടെ ആണ്ടുകുർബാനയ്ക്ക് വികാരിയച്ചൻ സെമിത്തേരിയിൽ ധൂപപ്രാർഥനയ്ക്കു വന്നപ്പോഴാണ് വളരെ അപ്രതീക്ഷിതമായി ക്ലാരമ്മ വീണ്ടും മീനയെയും മരിയക്കൊച്ചിനെയും കാണാനിടയായത്. വർഷങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ച ക്ലാരമ്മയ്ക്ക് വീണ്ടും ഉന്മേഷമേകി. ആൻമരിയ ഇപ്പോൾ വലിയ പെണ്ണായിരിക്കുന്നു. അമ്മയെപ്പോലെ അവളും മലയാളം നല്ലവണ്ണം പറയും. മീൻ മുളകരച്ച കറിയും പോത്തിറച്ചി ഉലർത്തിയതുമൊക്കെ വിരലറ്റം വരെ നക്കിത്തോർത്തി ആസ്വദിച്ചു കഴിച്ചുകൊള്ളും. മീനയോടുണ്ടായിരുന്ന അനിഷ്ടം ക്ലാരമ്മ മരിയക്കൊച്ചിനോടു കാണിച്ചതേയില്ല. പാവം. അവളുടെ നക്ഷത്രക്കണ്ണുകളിലേക്കു നോക്കുമ്പോഴൊക്കെ ഓർമകൾ കൊളുത്തിവലിക്കുന്നതുപോലെ തോന്നി. ഇനി അവരെ തിരികെ പോകാൻ സമ്മതിക്കില്ലെന്നും തറവാട്ടിൽ തന്റെകൂടെത്തന്നെ താമസിപ്പിക്കുമെന്നും ക്ലാരമ്മ മനസ്സുകൊണ്ടുറപ്പിച്ചിരുന്നു. ഒസ്യത്ത് തിരുത്തിയെഴുതി ക്ലാരമ്മയുടെ സ്വത്തു മുഴുവൻ മീനയുടെയും മരിയക്കൊച്ചിന്റെയും പേർക്ക് എഴുതാനുള്ള ഏർപ്പാടും ചെയ്തു. എത്രയോ വർഷങ്ങൾക്കുശേഷം വീണ്ടും ജീവിക്കാൻ തുടങ്ങിയതിന്റെ സന്തോഷം ക്ലാരമ്മയുടെ മുഖത്തു കാണാമായിരുന്നു. തെങ്ങിൻതടം കിളച്ചൊരുക്കുന്നതിനിടയിൽ പലവട്ടം വറീത് അതു പറയുകയും ചെയ്തു. ‘‘ക്ലാരമ്മച്ചിയുടെ മുഖത്ത് എന്താ പുതിയൊരു വെട്ടം!’’
ഉച്ചവെയിലിന്റെ തിളക്കം കുറഞ്ഞുതുടങ്ങിയെന്നു തോന്നുന്നു. പുകച്ചിലിനു പക്ഷേ ഒരു കുറവുമില്ല. വിയർത്തൊലിച്ച ചട്ട ദേഹത്തൊട്ടി അസ്വസ്ഥത സഹിക്കവയ്യാതായപ്പോഴാണ് ക്ലാരമ്മ വരാന്തയിൽനിന്ന് അകത്തേക്കു കയറിയിരുന്നത്. മുറിക്കകത്ത് മീനയും മരിയക്കൊച്ചും പെട്ടികളൊക്കെ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. ക്ലാരമ്മ ആശങ്കപ്പെട്ട് ചോദ്യഭാവത്തിൽ ഒന്നിരുത്തി മൂളി.
– അതുപിന്നെ അമ്മച്ചീ, ഞങ്ങൾക്ക് നാളെ രാവിലത്തെ ഫ്ലൈറ്റിൽ തിരിച്ചുപോകണം.
ആ മറുപടി ക്ലാരമ്മ പ്രതീക്ഷിച്ചില്ല.
– മറ്റെന്നാൾ രാത്രിയിലെ ഫ്ലൈറ്റിന് ആൻമരിയയെ അമേരിക്കയിലേക്ക് അയയ്ക്കുകയാണ്. അവിടെ സെറ്റിൽ ചെയ്യാനാണ് അവളുടെ ഡിസിഷൻ. അതിനുമുൻപ് ഇവിടെ ഒന്നു കൊണ്ടുവരണമെന്നു തോന്നി. ചിലപ്പോൾ ഇനിയിങ്ങോട്ട്....
മീനയുടെ പാതിയിൽ മുറിഞ്ഞ ആ വാചകം വീണ്ടുമൊരു തിരിച്ചുവരവില്ലെന്നുപോലും തോന്നിപ്പിച്ചു.
ക്ലാരമ്മ നിർവികാരമായാണു കേട്ടത്. മരിയക്കൊച്ചിനു കൊടുക്കാൻവേണ്ടി വറീതിനെക്കൊണ്ടു കയറുകെട്ടിയിറക്കിയ തേൻവരിക്ക പഴുത്തുതുടങ്ങിയിരുന്നില്ല. ഉപ്പിലിടാൻ പറിച്ചെടുത്ത മൂവാണ്ടൻമാങ്ങ അരിഞ്ഞു തീർന്നിരുന്നില്ല. അവുലോസുണ്ടയ്ക്കും വട്ടയപ്പത്തിനുമുള്ള അരി വറുത്തുപൊടിച്ചു കഴിഞ്ഞിരുന്നില്ല. പാട്ടുകുർബാനയ്ക്കു പോകുമ്പോൾ മരിയക്കൊച്ചിനു പള്ളിയിലിടാൻ പാകത്തിനൊരു വെള്ളച്ചുരിദാർ കവലയ്ക്കലെ തയ്യൽക്കടയിൽ കൊടുത്തതു തയ്ച്ചു കിട്ടിയിരുന്നില്ല. നാളെത്തന്നെ പോകുകയാണത്രേ. കടലുംകടന്ന് അമേരിക്കയ്ക്ക്...പൊയ്ക്കോട്ടെ. എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോട്ട.. അതിന് ക്ലാരമ്മയ്ക്കെന്തുവേണം...
സോഫയിൽനിന്നെഴുന്നേറ്റ് മുണ്ട് മുട്ടറ്റം തെറുത്തുകേറ്റി തലയിലൊരു കച്ചത്തോർത്തും ചുറ്റിക്കെട്ടി ക്ലാരമ്മ വീണ്ടും മുറ്റത്തേക്കിറങ്ങി. എരിഞ്ഞുതീരാത്തൊരു വറുതിയിൽ ക്ലാരമ്മയുടെ മനസ്സിന് തീപിടിക്കുന്നുണ്ടായിരുന്നെന്നു തോന്നി.
എന്താ പുകച്ചില്.. എന്നാണിനി ഒരു മഴ പെയ്യുക എന്റെ കർത്താവേ...