ADVERTISEMENT

ഫയലുകൾ ഇനിയും നോക്കിത്തീർന്നിട്ടില്ല. വല്ലാത്തൊരു മടുപ്പു വന്നു ചുറ്റിപ്പൊതിയുന്നപോലെ. ഓഫിസിൽനിന്നിറങ്ങിയോടി വീട്ടിലെ സോഫയിൽ ചുരുണ്ടുകൂടി കിടക്കാനാണ് ലക്ഷ്മിക്കു തോന്നിയത്. തലേന്നുരാത്രി ഏറെ വൈകിയുറങ്ങിയതിന്റെ ക്ഷീണം കൺതടങ്ങളിൽ കരുവാളിച്ചു കിടന്നിരുന്നു. അവൾ കസേരയിൽനിന്നെഴുന്നേറ്റു മുഖം കഴുകാനായി വാഷ് ബേസിന്റെ അടുത്തേക്കു നടന്നു.

- എന്തുപറ്റി ലക്ഷ്മീ?

അടുത്ത സീറ്റിലിരുന്ന ദിവാകരൻസാറ് ഉറക്കെവിളിച്ചുചോദിച്ചത് അവൾ കേട്ടില്ലെന്നു നടിച്ചു. ഒരു വാക്കെങ്ങാനും മറുപടി പറയാൻ നിന്നാൽ അടുത്ത ചോദ്യം വരും. ലക്ഷ്മിക്ക് ആരോടും ഒന്നുംതന്നെ മിണ്ടാൻപോലും വയ്യെന്നു തോന്നി. അത്രയും ക്ഷീണം. ചെന്നിക്കുത്തിന്റെ വേദനയിൽ കണ്ണ് പുളിക്കുന്നുണ്ടായിരുന്നു.

നന്ദൂട്ടന്റെ പത്താംക്ലാസ് പരീക്ഷ തുടങ്ങിയതിൽപിന്നെ ലക്ഷ്മിക്ക് മിക്കപ്പോഴും ഉറക്കമില്ലാത്ത രാത്രികൾ തന്നെ. രാത്രി രണ്ടുമണിവരെയിരുന്ന് പഠിക്കുന്ന നന്ദൂട്ടന് ഇടയ്ക്കു കട്ടൻകാപ്പിയിട്ടുകൊടുക്കാൻ ലക്ഷ്മി ഉറങ്ങാതെയിരിക്കുകയാണ് പതിവ്. ഇടയ്ക്കെങ്ങാനും ഒരു പോള കണ്ണടഞ്ഞുപോയാൽ കുറ്റബോധത്തോടെപോയി ഒരു ചുക്കുകാപ്പിയിട്ട് കുടിക്കും. രണ്ടരവയസ്സുകാരി അമ്മുക്കുട്ടി അരവിന്ദേട്ടന്റെ അടുത്തു കിടന്നാണുറങ്ങുക. അവൾക്ക് പാലുകുടിക്കാൻനേരംമാത്രംമതി അമ്മയെ. തനി അച്ഛൻകുട്ടിയാണ് അമ്മു. ആ നെഞ്ചത്തുകിടന്നേ ഉറങ്ങൂ. രാത്രിയെങ്ങാനും അവൾ എഴുന്നേറ്റുകരഞ്ഞാൽ അരവിന്ദേട്ടനെ ഉണർത്താൻ നിൽക്കാതെ ലക്ഷ്മി അവളെ കുറേനേരം തോളത്തെടുത്തുനടക്കും. പകൽമുഴുവൻ ഓഫിസ്ജോലികഴിഞ്ഞ് തളർന്നു കിടന്നുറങ്ങുന്ന അരവിന്ദേട്ടനെ കാണുമ്പോൾ പാവം തോന്നും. അമ്മുക്കുട്ടിയെ ഒന്നുരണ്ടുവട്ടം തോളത്തെടുത്തും ഇടയ്ക്കൊന്നു വീണ്ടും പാലുകൊടുത്തും നന്ദൂട്ടന് കട്ടൻകാപ്പിയനത്തിക്കൊടുത്തും നേരം പാതിരാത്രി കഴിഞ്ഞ് രണ്ടുമണിയാകുംവരെ ലക്ഷ്മി ആ ചെറിയ അപ്പാർട്മെന്റിൽ വെരുകിനെപ്പോലെ നടന്നുകൊണ്ടേയിരിക്കും. ക്ലോക്കിലെ സൂചികളേക്കാൾ വേഗമാണ് അപ്പോഴൊക്കെ അവളുടെ കാലുകൾക്ക്.

ആ വീട്ടിലെ നിഴലുകൾപോലും ഉറങ്ങിയെന്നുറപ്പാക്കിയശേഷമേ ലക്ഷ്മി കിടക്കൂ. ഒന്നു തിരിഞ്ഞുംമറിഞ്ഞും കിടന്ന് നല്ല ഉറക്കത്തിലേക്കു വീഴുമ്പോഴേക്കും നാലരമണിയുടെ അലാറം അലറിവിളിച്ചുതുടങ്ങും. അതിനിടയിൽ കഷ്ടി രണ്ടരമണിക്കൂർ മാത്രം ഉറക്കം. ലക്ഷ്മിക്കിപ്പോൾ അതു ശീലമായി. പുലർച്ചെയെഴുന്നേറ്റ് കുളിച്ച് അടുക്കളപ്പണികളുടെ തിരക്കിലേക്ക്. ഇഞ്ചിയും നാരങ്ങയും പിഴിഞ്ഞൊഴിച്ച് അരവിന്ദേട്ടനാണ് ആദ്യത്തെ കട്ടൻ. പിന്നെ അടുപ്പത്തെ കലത്തിൽ അരി കഴുകിക്കോരിയിട്ടുകഴിഞ്ഞാൽ തേങ്ങ ചിരകലും, പച്ചക്കറി അരിയലും കറിക്കരയ്ക്കലും കടുകുമൂപ്പിക്കലുമായി പണികളൊരുപാടുണ്ട്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ. അരവിന്ദേട്ടന് കടലാസുപോലെ കനംകുറച്ച ദോശയും മുളകു ചമ്മന്തിയുമാണെങ്കിൽ നന്ദൂട്ടന് തട്ടുദോശതന്നെ വേണം. ചമ്മന്തി പറ്റില്ല. സാമ്പാറാണ് പഥ്യം. അരവിന്ദേട്ടന്റെ അച്ഛന് ഉഴുന്നു പിടിക്കില്ല. അതുകൊണ്ട് ഗോതമ്പുമാവു കുഴച്ച് തേങ്ങചേർത്ത് ദോശയാക്കിവേണം കൊടുക്കാൻ. അതിനൊപ്പം കടലക്കറി അല്ലെങ്കിൽ ഉരുളക്കിഴങ്ങുകറി. അമ്മയ്ക്ക് നെഞ്ചെരിച്ചിലുള്ളതുകാരണം കടലയും ഉരുളക്കിഴങ്ങും കഴിക്കാൻ പാടില്ലെന്നു ഡോക്ടർ പറഞ്ഞതുകൊണ്ട് ദോശമാവിന്റെ ബാക്കിയെടുത്ത് ഇഡലിയാക്കും. അതിന്റെ കൂടെ സാമ്പാറാണ് ഇഷ്ടം. എങ്കിലും ചിലപ്പോൾ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി ചമ്മന്തി മതിയെന്നു പറയും.

ഈ പണികൾക്കിടയിൽ നന്ദൂട്ടനെ സ്കൂളിലയയ്ക്കാൻ ഒരുക്കണം, അവന് ഉച്ചയ്ക്കു കഴിക്കാനുള്ള പൊതിച്ചോറ് കെട്ടണം, അരവിന്ദേട്ടന് അടുത്തിടെ ഡോക്ടറെ കണ്ടപ്പോൾ പ്രമേഹത്തിന്റെ സാധ്യത പറഞ്ഞതിൽപിന്നെ ഉച്ചയ്ക്ക് ചപ്പാത്തിയാണ് കൊടുത്തുവിടുക. ചപ്പാത്തിക്കൊപ്പം ഇറച്ചിക്കറി നിർബന്ധം. ഈ ബഹളത്തിനിടയിലേക്കാണ് അമ്മുക്കുട്ടി എഴുന്നേറ്റു നിലവിളിക്കുക. അരവിന്ദേട്ടന്റെയും നന്ദൂട്ടന്റെയും ഷർട്ടുംകൂടി ഇസ്തിരിയിട്ടു കഴിഞ്ഞ് രണ്ടുപേരെയും ഗേറ്റ് വരെ കൊണ്ടുചെന്നാക്കി യാത്രയാക്കിക്കഴിഞ്ഞാൽ അമ്മുക്കുട്ടിക്കൊപ്പമുള്ള അടുത്ത അങ്കം തുടങ്ങുകയായി. അവളെ കുളിപ്പിച്ച് പാൽകൊടുക്കണം. ഡയപ്പർ കെട്ടിക്കൊടുക്കണം. ഈശ്വരാ, എപ്പോഴാണ് ഒന്നു നടു ചായ്ക്കുക എന്നു വെപ്രാളപ്പെട്ടിട്ടുണ്ട് ലക്ഷ്മി പലപ്പോഴും.

സഹായത്തിന് ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് അരവിന്ദേട്ടനോടു സൂചിപ്പിക്കാഞ്ഞിട്ടല്ല. അമ്മയും നീയും വിചാരിച്ചാൽ തീരുന്ന ജോലിയല്ലേ വീട്ടിലുള്ളൂ എന്നും പറഞ്ഞ് അരവിന്ദേട്ടൻ അപ്പോഴൊക്കെ മുഖംതിരിക്കും. അല്ലെങ്കിലും, വീട്ടുപണിക്കുവരുന്നവർക്ക് എണ്ണിക്കൊടുക്കുന്ന രൂപയുണ്ടെങ്കിൽ സൊസൈറ്റിയിലോ മറ്റോ ഒരു ചിട്ടി കൂടാമല്ലോ എന്ന് അച്ഛന്റെ വക ഉപദേശവും കൂടിയാകുമ്പോൾ ലക്ഷ്മിയും അതു ശരിവയ്ക്കും. ഉച്ചയൂണിനുള്ള തോരനും മെഴുക്കുവരട്ടിയും മോരൊഴിച്ചുകറിയുംകൂടി കാലമാക്കിക്കഴിഞ്ഞാൽ പിന്നെ ലക്ഷ്മി ഒറ്റയോട്ടമാണ്. കുളിച്ചെന്നു വരുത്തി ഒരു ഷിഫോൺസാരിയുംചുറ്റി ബാഗുംതൂക്കി ബസ് സ്റ്റോപ്പിലേക്കുള്ള ആ പാച്ചിലിനിടയിൽ കാര്യമായൊന്നും കഴിക്കാൻപോലും നേരം തരപ്പെടാറില്ല. അവളുടെ തേഞ്ഞുതുടങ്ങിയ ലെതർ ചെരുപ്പും ടൗണിലേക്കുള്ള ഒൻപതരമണിയുടെ സ്വപ്ന ബസും ഒരുമിച്ചാണ് ബസ് സ്റ്റോപ്പിലേക്ക് ഓടിക്കിതച്ചെത്തുക. ബസിൽ തൂങ്ങിപ്പിടിച്ചു യാത്ര ചെയ്ത് ടൗണിലെ ഓഫിസിലെത്തി കൃത്യം പത്തുമണിക്ക് സൂപ്രണ്ടിന്റെ മുറിയിൽപോയി റജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോഴേക്കും എങ്ങനെയെങ്കിലും ആണിയിളകി ആടിത്തുടങ്ങിയ അവളുടെ തടിക്കസേരയിൽ ഒന്നു ചെന്നിരുന്നാൽ മതിയെന്നായിക്കഴിഞ്ഞിരിക്കും ലക്ഷ്മിക്ക്.

ഓഫിസിലെത്തിയാൽ അവൾക്ക് പിന്നെ അൽപം മനഃസമാധാനം കൈവന്നപോലെയാണ്. പഞ്ചായത്താപ്പീസിലെ പതിവു തിരക്കുകളല്ലാതെ മറ്റു ബഹളങ്ങളൊന്നുമില്ലാതെ അഞ്ചുമണിവരെ സ്വസ്ഥമായിരിക്കാൻ ഒരിടം. അതാണ് ലക്ഷ്മിക്ക് ഓഫിസ്. ഈയിടെയായി ചെന്നിക്കുത്തിന്റെ വേദന കൂടിവരുന്നുണ്ട് പ്യൂൺ വാസുവിനോടു പറഞ്ഞ് ഒരു തണുത്ത സോഡാ സർവത്തു വാങ്ങിക്കണം. വാനിറ്റി ബാഗിനുള്ളിലെ മണിപഴ്സിൽ എപ്പോഴും ഒരു പാരസെറ്റാമോൾ കരുതാറുണ്ട് ലക്ഷ്മി. അതിനുവേണ്ടി ബാഗ് തുറന്നപ്പോഴാണ് മനസ്സിലായത്, ഉച്ചയൂണിന്റെ ചോറ്റുപാത്രം എടുത്തുവയ്ക്കാൻ വിട്ടുപോയിരിക്കുന്നു. രാവിലത്തെ ഓട്ടപ്പാച്ചിലിനിടയിൽ ചിലപ്പോഴൊക്കെ ഈ മറവി പതിവുള്ളതാണ്. അപ്പോഴൊക്കെ ഉച്ചപ്പട്ടിണി തന്നെ ശരണം. ലക്ഷ്മിക്കു ശരിക്കും സങ്കടംതോന്നി. വെളുപ്പാംകാലത്തെഴുന്നേറ്റു കഷ്ടപ്പെട്ടുണ്ടാക്കിയ മാമ്പഴക്കറിയും കൂർക്കമെഴുക്കുവരട്ടിയും കഴിക്കാൻ പറ്റാതെപോയതിന്റെ സങ്കടം ഉള്ളിലൊതുക്കുമ്പോൾ അവളുടെ മനസ്സു വെറുതെ പഴയൊരു പൊതിച്ചോറിന്റെ ഇലമണത്തിലേക്കു തിരികെപ്പറക്കുകയായിരുന്നു. പണ്ടൊരു ഉച്ചനേരത്ത് പള്ളിക്കൂടത്തിലെ വരാന്തയിൽ നേർക്കുനേരെ നോക്കിയിരുന്ന് ഒരേ പൊതിയിൽനിന്നു ചോറു വാരിയുണ്ടൊരു മുഖം ഓർമിക്കുകയായിരുന്നു. അവൾക്കായി പ്രത്യേകം കൊണ്ടുവന്ന ചുട്ടരച്ച ചമ്മന്തിയുടെ എരിവോർത്തു മനസ്സു നീറുന്നുണ്ടായിരുന്നു.

ഓരോന്നിങ്ങനെ ഓർമിച്ചുപോകുന്നത് ചെന്നിക്കുത്തിന് അത്ര നന്നല്ലാത്തതുകൊണ്ട് ലക്ഷ്മി മുഖം കഴുകാനായി എഴുന്നേറ്റു വാഷ്ബേസിനിലേക്കു നടന്നു. അല്ലെങ്കിലും അവിടെയാണല്ലോ അവൾ പലപ്പോഴും ഓർമകൾ കഴുകിക്കളയാറുള്ളത്. വാഷ്ബേസിനോടു ചേർന്നുള്ള കണ്ണാടിയിൽ കുറച്ചുനേരം നിർവികാരമായി നോക്കിനിന്നു ലക്ഷ്മി. നീണ്ട പത്തുവർഷത്തിലേറെയായി ആ ഓഫിസ്ജീവിതം തുടങ്ങിയിട്ട്. അന്നു മുതൽ മുഖംനോക്കുന്ന അതേ കണ്ണാടി. അതു ചുമരിൽ തറച്ച ആണിയിൽ തുരുമ്പുകയറിക്കഴിഞ്ഞിരുന്നു. ചുമരിലെ കുമ്മായം പലയിടത്തും ഇളകിവീണിരുന്നു. ചിതലിഴഞ്ഞുകയറിയ മൺവഴിച്ചാലുകളും ചിലന്തിയുടെ നൂൽവലവട്ടവും ചുമരിൽ തെളിഞ്ഞുകിടന്നു. നാലഞ്ചുകൊല്ലം മുൻപ് പഞ്ചായത്ത് ഓഫിസർക്കെതിരെ മുദ്രാവാക്യം വിളിച്ചു മുഷ്ടി ചുരുട്ടിയെത്തിയ സമരക്കാരുടെ ഉന്തുംതള്ളിനുമിടയിൽ കണ്ണാടിയുടെ ഒത്ത നടുക്കൊരു വിള്ളൽ വീണിരുന്നു. വക്കുപൊടിഞ്ഞ കണ്ണാടിയിലെ ആ വിള്ളലിനിരുപുറം വിണ്ടുവേർപെട്ടുകിടന്നു ഓരോ കാഴ്ചയിലും അവളുടെ പാവം മുഖം.

എത്രനേരം ആ ചുമരിനടുത്തു നിന്നെന്നറിയില്ല. വിശപ്പും ചെന്നിക്കുത്തിന്റെ അസ്വസ്ഥതയും കാരണം അവൾക്കു തലചുറ്റുന്നപോലെ തോന്നി.

അപ്പോഴാണ് പ്യൂൺ വാസുവിന്റെ ശബ്ദം കേട്ടത്.

– ലക്ഷ്മിസാറിന് ഒരൂണ് പാഴ്സൽ വന്നിട്ടുണ്ട്.

അവൾക്കാരാണ് ഊണ് പാഴ്സൽ അയയ്ക്കാൻ? അരവിന്ദേട്ടനായിരിക്കുമോ? അതിന് ഓഫിസിലേക്കുള്ള ചോറ്റുപാത്രം വീട്ടിൽ മറന്നുവച്ച കാര്യം അദ്ദേഹത്തിനറിയുമോ? പ്യൂൺവാസു ഒരു പൊതിച്ചോറു മേശപ്പുറത്തുവച്ചിട്ടുപോയി. വിലാസം തെറ്റിവന്നതായിരിക്കുമോ? വിശപ്പോടെയും ആശ്ചര്യത്തോടെയും ലക്ഷ്മി ആ പൊതിച്ചോറു തുറന്നുനോക്കി. വഴറ്റിയ വാഴയിലയിലെ പൊതിച്ചോറിന് ചുട്ടരച്ച ചമ്മന്തിയുടെ എരിവുമണമുണ്ടായിരുന്നു. പൊതിക്കുപുറത്തെ മേൽവിലാസം അവൾ വായിച്ചുനോക്കിയില്ല. തെറ്റിവന്നതായിരിക്കട്ടെ...എങ്കിലും അപ്പോൾ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com