സ്വപ്നമേ, നന്ദി... ഈ ജാലകക്കാഴ്ചയ്ക്ക്

Mail This Article
ലെഫ്റ്റ് സൈഡ് തേഡ് റോ, വിൻഡോ സീറ്റ്...
മുട്ടുവരെ ഇറക്കമുള്ള കുട്ടിപ്പാവാടയിട്ട സുന്ദരിയായ എയർഹോസ്റ്റസ് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഉമയ്ക്ക് അവളുടെ സീറ്റ് വിരൽചൂണ്ടി കാണിച്ചുകൊടുത്തു. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പങ്കപ്പാടിനും ആവലാതിക്കുമിടയിലും ഉമയുടെ നോട്ടം ആ എയർഹോസ്റ്റസിന്റെ പർപ്പിൾനിറമുള്ള ചുണ്ടുകളിലേക്കായിരുന്നു. പ്രവീൺ കളിയാക്കിത്തുടങ്ങിയതിൽപിന്നെയാണ് ഉമ ലിപ്സ്റ്റിക് ഉപയോഗിക്കാതെയായത്. സിംഗപ്പൂർ യാത്രയ്ക്കിടെ ഷോപ്പിങ്ങിനു സമയം കിട്ടിയാൽ പർപ്പിൾനിറമുള്ള ഒരു ലിപ്സ്റ്റിക് വാങ്ങണമെന്ന് അവൾ അപ്പോൾതന്നെ മനസ്സിലുറപ്പിച്ചു. ഹാൻഡ് ബാഗ് എയർഹോസ്റ്റസ് പറഞ്ഞിടത്ത് ഒതുക്കിവച്ച് സ്വന്തം സീറ്റിൽ ഇരിപ്പുപിടിച്ചപ്പോഴാണ് ഉമയ്ക്ക് സമാധാനമായത്.
വിൻഡോ സീറ്റായിരുന്നു കുട്ടിക്കാലംതൊട്ടേയുള്ള യാത്രകളിൽ ഉമയ്ക്ക് ഏറ്റവും ഇഷ്ടം. പാലായിലെ സെന്റ് മേരീസ് കോൺവന്റ് സ്കൂളിൽ പഠിക്കുന്ന കാലത്ത് രണ്ടാംശനിയാഴ്ചകളിൽ കൊച്ചിയിലെ വീട്ടിലേക്കുള്ള വരവുകളെ ഉമയ്ക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കിയത് പാലായിൽനിന്നു കൊച്ചിയിലേക്കുള്ള കെഎഎസ്ആർടിസി ട്രാൻസ്പോർട്ട് ബസിലെ സൈഡ്സീറ്റിലിരുന്നുള്ള യാത്രകളായിരുന്നു. കാറ്റും മഴച്ചാറ്റലും ഇളംവെയിലും കവിളിൽവന്നുതൊടുമ്പോൾ അറിയാതെ ഉറങ്ങിപ്പോകുമായിരുന്നു അവൾ. ഇടയ്ക്ക് ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ബസ് ആകെ ആടിയുലഞ്ഞ് തലയോ നെറ്റിയോ തൊട്ടുമുന്നിലെ സീറ്റിന്റെ കമ്പിയിൽപോയി മുട്ടനിടി ഇടിക്കുമ്പോഴാണ് ഉമ ആ ഉറക്കത്തിൽനിന്നു ഞെട്ടിയുണരുക. ചിലപ്പോഴൊക്കെ ബസ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുംവരെ അവൾ ഉറങ്ങിപ്പോകാറുമുണ്ട്. അത്രയും മനഃസമാധാനത്തോടെയും സ്വസ്ഥതയോടെയും അവൾക്കു സ്വന്തം വീട്ടിലെ മെത്തയിൽപോലും കിടന്നുറങ്ങാൻ കഴിയാറില്ല. ചുറ്റുമുള്ള കാഴ്ചകളൊക്കെ ഒരു പന്തയത്തിലെന്നപോലെ പിന്നോട്ടുപിന്നോട്ടു മാഞ്ഞുപോകുന്ന മാജിക്കില്ലേ ബസിലെ ജനലോര യാത്രകൾക്ക്. എത്രപെട്ടെന്നാണ് പുതിയ പുതിയ കാഴ്ചകളുടെ പച്ചപ്പും തുടിപ്പും തളിരിടുന്നത്, കണ്ടുതീരുംമുൻപേ അതൊക്കെയും മാഞ്ഞുപോകുന്നത്... എത്രനോക്കിയിരുന്നാലും അവൾക്കു കണ്ണ് കഴയ്ക്കില്ല. കാഴ്ചയുടെ കൊതി മനസ്സിൽനിന്നു മായുകയുമില്ല. ജീവിതത്തിന് എന്തൊരു വേഗമാണെന്ന് തോന്നിപ്പിച്ചു ഓരോ യാത്രയും.
ശരിയാണ്, എത്ര വേഗമാണ് ജീവിതം മുന്നോട്ട് ഇരമ്പിക്കുതിച്ചു നീങ്ങുന്നത്. വിൻഡോ സീറ്റിനോടുള്ള പ്രേമം കൊണ്ടായിരിക്കണം, ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയിലും ജനാലയ്ക്കരികിലുള്ള സീറ്റ് തന്നെ വേണമെന്ന് അവൾ നിർബന്ധം പിടിച്ചത്. സത്യത്തിൽ സിംഗപ്പൂരിലേക്കുള്ള ആ യാത്രയുടെ കാര്യം ഉമ ഏതാണ്ട് മറന്നുകഴിഞ്ഞിരുന്നു. ഒരു വർഷം മുൻപേ ബുക്ക് ചെയ്ത ടിക്കറ്റാണ്. പ്രവീണാണ് ഏതോ ട്രാവൽ ഏജൻസിയുടെ ഓഫർ പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്തുകൊടുത്തത്. വളരെ നേരത്തെ ബുക്ക് ചെയ്താൽ ടിക്കറ്റ് വിലയിൽ ഡിസ്കൗണ്ട് കിട്ടുമത്രേ. ഉമ കണ്ണുംപൂട്ടി സമ്മതിച്ചു. ആദ്യത്തെ വിമാനയാത്ര, അവളുടെ ആദ്യ വിദേശയാത്ര... ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞെന്നു പറഞ്ഞപ്പോൾ ഉമയ്ക്ക് സന്തോഷംകൊണ്ടു തുള്ളിച്ചാടണമെന്നു തോന്നി. യാത്രകൾ അത്രയേറെ അവളെ മോഹിപ്പിച്ചിരുന്നു പണ്ടും.
പക്ഷേ പാലായിലെ കോൺവെന്റ് സ്കൂളിൽനിന്നു വീട്ടിലേക്കും തിരിച്ചുമുള്ള ട്രാൻസ്പോർട്ട് ബസ് യാത്രകളല്ലാതെ മറ്റൊരു യാത്രയും ഉമയ്ക്ക് അവളുടെ ഓർമയിലില്ല. പ്രായപൂർത്തിയായ നാലു പെൺമക്കളെയുംകൊണ്ട് ദൂരയാത്രപോകുന്നതൊന്നും അത്ര നല്ല ഏർപ്പാടല്ലെന്ന ചിന്താഗതിയായിരുന്നു അവളുടെ അപ്പന്. ‘‘നിങ്ങള് വലുതായി കെട്ട്യോന്റെകൂടെ എവിടെവേണമെങ്കിലും പൊയ്ക്കോ’’. സ്കൂളിലും കോളജിലും എസ്കർഷനു പോകുന്നവരുടെ പേര് കൊടുക്കാൻ നേരം അപ്പൻ പറയുന്ന പതിവായി പറയുന്ന മുട്ടുന്യായം അതായിരുന്നു. അങ്ങനെ ഉമയുടെയും മൂത്ത മൂന്നു ചേച്ചിമാരുടെയും യാത്രക്കൊതി അപ്പൻ അന്നേ മടക്കിക്കൂട്ടി പെട്ടിയിലടച്ചു. ചേച്ചിമാര് മൂന്നുപേരും വലുതായി കെട്ട്യോൻ കൊണ്ടുപോകുന്ന കാലംവരെ കാത്തിരുന്നു. ഉമയ്ക്കു പക്ഷേ അത്ര ക്ഷമയുണ്ടായിരുന്നില്ല. എൻജിനീയറിങ് കഴിഞ്ഞ് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ സിസ്റ്റം അനലിസ്റ്റായി ജോലി കിട്ടി ആദ്യ ശമ്പളം അക്കൗണ്ടിൽ വന്നപ്പോഴേ പണ്ട് അപ്പൻ കെട്ടിപ്പൂട്ടിവച്ച അവളുടെ യാത്രക്കൊതിയുടെ പൊതി തുറന്നു. അങ്ങനെയാണ് കൂടെ ജോലിചെയ്യുന്ന സുഹൃത്തുകൂടിയായ പ്രവീണിനോട് അവൾ ആ മോഹം പങ്കുവച്ചത്.
ഏതൊക്കെയോ ട്രാവൽ ഏജൻസികളിൽവിളിച്ച് നല്ലൊരു ടൂർപാക്കേജ് സെറ്റ് ചെയ്തതും അവൻ തന്നെ. തനിച്ചുപോകുന്നതിന്റെ ചെറിയ പേടി അപ്പോഴും ഉമയ്ക്കുണ്ടായിരുന്നു. അപ്പോഴാണ് പ്രവീൺ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തെന്നും അവനും കൂടെവരുന്നുണ്ടെന്നും അവളോട് പറഞ്ഞത്. പിന്നീടുള്ള ദിവസങ്ങൾ എങ്ങനെയെങ്കിലും ഒന്നു വേഗം തള്ളിനീക്കിയാൽ മതിയെന്നായിരുന്നു അവൾക്ക്. സിംഗപ്പൂർ യാത്രയുടെ പ്ലാനിങ്ങായിരുന്നു പിന്നീടുള്ള അവരുടെ കന്റീൻനേരങ്ങൾ. രണ്ടാമത്തെ മാസത്തെ ശമ്പളംകൂടി അക്കൗണ്ടിൽ ക്രെഡിറ്റായതോടെ അവളുടെ ടിക്കറ്റ് ചാർജ് മുഴുവൻ ഉമ പ്രവീണിന് ഗൂഗിൾപേ ചെയ്തുകൊടുത്തു. അതിന്റെപേരിൽ അവനെന്തിനാണ് രണ്ടുദിവസം മുഖംവീർപ്പിച്ച് നടന്നതെന്നൊന്നും അവൾ തിരക്കിയില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് സ്വന്തം ചെലവിലൊരു വിദേശയാത്ര.. ആ യാത്ര തരുന്ന പെൺസുഖമൊന്നും അവനു പറഞ്ഞാൽ മനസ്സിലാകില്ല. അവൾ വിശദീകരിക്കാനും പോയില്ല. അത്രയ്ക്കും ആവേശത്തിലായിരുന്നു ഉമ.
അങ്ങനെ ഓർമിക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു, എന്നിട്ടും ഉമ ആ സിഗപ്പൂർ യാത്രയെക്കുറിച്ച് മറന്നുകഴിഞ്ഞിരുന്നു. ഓഫിസിലെ ജോലിത്തിരക്കുകൾ കൂടിവരുന്നതുകൊണ്ടായിരിക്കണം. രാത്രി ഏറെ വൈകിത്തീരുന്ന ജോലിനേരങ്ങൾ... എങ്ങനെയെങ്കിലും ഓരോ ദിവസവും തള്ളിനീക്കിയാൽ മതിയെന്നായി. പ്രവീണിനെ അതിനിടെ വല്ലപ്പോഴും കന്റീനിലോ കഫ്റ്റീരിയയിലോ കണ്ടാൽപോലും കമ്പനിയിലെ പുതിയ സോഫ്റ്റ്‌വെയറിന്റെ ടെക്നിക്കൽ പ്രശ്നങ്ങളെക്കുറിച്ചും ഡെഡ്‌ലൈനുകളെക്കുറിച്ചും മാത്രമായി ചർച്ച. പതുക്കെപ്പതുക്കെ ആ കൂടിക്കാഴ്ചകൾപോലും ഇല്ലാതായി. ഓരേ ഓഫിസ് മേൽവിലാസത്തിൽ ജോലി ചെയ്തിട്ടും തമ്മിൽ കാണാനേ കിട്ടുന്നില്ലെന്ന പരിഭവവുമായി എപ്പോഴൊക്കെയോ പ്രവീൺ വന്നിരുന്നത് അവൾ ഓർമിക്കുന്നു.
മാറിമാറിയുള്ള ഷിഫ്റ്റുകൾ... ഓൺസൈറ്റ് ജോലിയുടെ തിരക്കുകൾ... കമ്പനിയുടെ ഫീൽഡ് വർക്കുമായി ബന്ധപ്പെട്ട യാത്രകൾ... അതിനിടെ ഏതൊക്കെയോ ചെറുക്കന്മാർ പെണ്ണു കാണാൻ വരുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നു വരുന്ന ഫോൺകോളുകൾ... അവരുടെ മുന്നിൽ അപ്പനെ സമാധാനിപ്പിക്കാൻ വേണ്ടി സാരിയുടുത്തു നല്ലകുട്ടിയായി പോയി ചിരിച്ചുനിന്ന എത്രയെത്ര സൺഡേ ഓഫുകൾ... അപ്പന്റെ വളർത്തുകൂട്ടിൽനിന്ന് കഷ്ടി രക്ഷപ്പെട്ടേയുള്ളൂ. ഉടൻതന്നെ മറ്റൊരു കൂട്ടിൽ തലവയ്ക്കാൻ ഉമ ഒരുക്കമല്ലായിരുന്നു. നല്ല കാറ്റുംവെളിച്ചവുമേറ്റ് കുറച്ചുകാലമെങ്കിലും സ്വതന്ത്രയായി ജീവിക്കണമെന്ന മോഹംകൊണ്ടായിരിക്കണം ഓരോ പെണ്ണുകാണലും ഉഴപ്പിയും ഉടക്കിപ്പിരിഞ്ഞും ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിലേക്കു തന്നെ അവൾ തിരികെ വന്നുകൊണ്ടിരുന്നത്.
സിംഗപ്പൂർയാത്ര ഏതാണ്ട് വിസ്മൃതമായിക്കഴിഞ്ഞിരുന്നു. യാത്രയുടെ കാര്യം ഓർമപ്പെടുത്താനും ട്രാവൽ കൺഫേംഡ് അല്ലേ എന്നു തിരക്കാനും കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസിയിൽനിന്നു വീണ്ടും വിളിച്ചപ്പോഴാണ് അങ്ങനെയൊരു യാത്രയെക്കുറിച്ച് വീണ്ടും ഓർമിച്ചത്. പിന്നൊന്നും ആലോചിച്ചില്ല. ഒരാഴ്ചത്തെ മെഡിക്കൽ ലീവെഴുതിക്കൊടുത്ത് ഒറ്റ മുങ്ങലായിരുന്നു ഓഫിസിൽനിന്ന്. പ്രവീണിനെയാണെങ്കിൽ വിളിച്ചിട്ടു ഫോണെടുക്കുന്നുമില്ല. അല്ലെങ്കിലും കുറച്ചുനാളായി അവൻ എപ്പോഴും മുഖംവീർപ്പിച്ചുതന്നെയാണ്. അതിനെന്ത്? സ്വന്തം ആകാശം തിരഞ്ഞുകണ്ടെത്താൻ അറിയാത്തവളല്ലല്ലോ, അവൾ.
യാത്രക്കാർ പലരും ബോർഡ് ചെയ്തു കഴിഞ്ഞിരുന്നു. ഉമയുടെ തൊട്ടരികെയുള്ള സീറ്റ് ഒഴിഞ്ഞുതന്നെകിടന്നു. പ്രവീൺ വരുന്നുണ്ടായിരിക്കുമോ? അതോ അവളോട് പറയാതെതന്നെ അവൻ അവന്റെ ടിക്കറ്റ് കാൻസൽ ചെയ്തിരിക്കുമോ? അവന്റെയൊരു സ്വഭാവംവച്ച് ചിലപ്പോൾ അവസാനനിമിഷം ഓടിക്കയറാനും വഴിയുണ്ട്. കൂക്കിവിളിച്ച് കയറാൻ ഇതെന്താ പാലാ എറണാകുളം കെഎസ്ആർടിസി ബസോ? അവൾക്കു ചിരിവരുന്നുണ്ടായിരുന്നു.
വിൻഡോയുടെ ഷട്ടർ പതുക്കെ മുകളിലേക്കുയർത്തി അവൾ ജനൽച്ചില്ലിലൂടെ പുറത്തേക്കു നോക്കി, ഒരു നിമിഷം കണ്ണടച്ചു. അധികം വൈകാതെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും പുറത്തെ കാഴ്ചകൾ താഴേക്കു താഴേക്കു മാഞ്ഞുപോകുന്നതും ഭാരമില്ലാത്തൊരു അപ്പൂപ്പൻതാടിപോലെ അവൾ ആകാശത്തേക്കുയരുന്നതും മനസ്സിൽ സ്വപ്നം കാണുകയായിരുന്നു. തൊട്ടരികെയുള്ള സീറ്റിൽ മറ്റാരോ വന്നിരുന്നിട്ടും അവൾ ആ സ്വപ്നത്തിൽനിന്നുണർന്നതേയില്ല. കാരണം വിമാനം പറന്നുയരുംമുൻപേതന്നെ അവൾ ആകാശപ്പൊക്കത്തേക്കു കുതിച്ചുകഴിഞ്ഞിരുന്നു. ഭൂഗുരുത്വത്തിന്റെ ഭാരങ്ങളഴിച്ചുവച്ച് ഉയരെമഴവില്ലിലേക്ക് ചിറകുതൊട്ടു പറന്നുകഴിഞ്ഞിരുന്നു. മൃദുവായൊരു സ്വരത്തിൽ പൈലറ്റ് അന്നേരം ടേക്ക് ഓഫ് എന്നു വിളിച്ചുപറയുന്നുമുണ്ടായിരുന്നു.