‘കെട്ടുതാലിവരെ പണയത്തിൽ’; അനന്തുവിന്റെ കെണിയിൽ ആദിവാസികളും ഇരകൾ; വയനാട്ടിലെ ദുരന്തബാധിതരെയും വെറുതേവിട്ടില്ല!

Mail This Article
പാതിജീവനുമായി രക്ഷപ്പെട്ട മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരെയും അനന്തു കൃഷ്ണന്റെ പാതിവില തട്ടിപ്പ് വെറുതേവിട്ടില്ല. ദുരന്തത്തിൽ ഒട്ടേറെപ്പേരുടെ വാഹനങ്ങളും ഒലിച്ചുപോയിരുന്നു. ഇൻഷുറൻസ് പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണു പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാരുടെ രംഗപ്രവേശം. ഇടപാടുകൾ അക്ഷയകേന്ദ്രങ്ങൾ വഴിയായതിനാൽ തുടക്കത്തിൽ സംശയം തോന്നിയില്ലെന്നു ദുരന്തബാധിതർ പറയുന്നു. ആർക്കും വാഹനം ലഭിച്ചില്ല. വയനാട് അമ്പലവയലിലെ അഭിഭാഷകൻ മുഖേന 200 രൂപ നൽകി തയാറാക്കിയ കരാറും പണം തിരികെ നൽകാം എന്ന ഉറപ്പിന് അനന്തു കൃഷ്ണന്റെ പേരിലുള്ള പ്രോമിസറി നോട്ടും കയ്യിലുണ്ട്. പക്ഷേ, ഒന്നും കിട്ടിയിട്ടില്ല. ഒരു പവന്റെ വളയടക്കം സമ്പാദ്യം പാതിവില തട്ടിപ്പിൽ കുരുങ്ങി നഷ്ടമാകുമെന്ന ആശങ്കയിലാണു പാലക്കാട് പന്നിയങ്കര കല്ലിങ്കൽപ്പാടം സ്വദേശികളായ പുളിക്കൽ ബി.ശ്രീജിത്തും (33) ഭാര്യ എ.എ.അനുപമയും (28). ആലത്തൂർ സീഡ് സൊസൈറ്റിയിലെ അംഗമായ അനുപമ ഇരുചക്രവാഹനം ലഭിക്കുന്നതിനാണ് 62,000 രൂപ നൽകിയത്. സ്വർണവളയും മറ്റു സമ്പാദ്യവും ചേർത്താണു തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകിയത്. എന്നാൽ, സാമ്പത്തിക തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇരുവരും ആശങ്കയിലാണ്. ആലത്തൂർ സീഡ് സൊസൈറ്റിയിൽ അംഗങ്ങളായ മറ്റുള്ളവരും മറ്റ് ഉൽപന്നങ്ങൾക്കായി പാതിവില നൽകിയിരുന്നു.