ADVERTISEMENT

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും 5,420 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. വെള്ളിക്കും വില മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് ഇന്നും വ്യാപാരം.

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,769 രൂപ കൊടുത്താൽ കേരളത്തിൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

രാജ്യാന്തര വിപണിക്ക് ചാഞ്ചാട്ടം
 

ഇന്നലെ പുറത്തുവന്ന യുഎസിലെ കഴിഞ്ഞമാസത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് രാജ്യാന്തര സ്വർണ വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചു. ഒരുവേള ഔൺസിന് 2,440 ഡോളറിലേക്ക് താഴ്ന്ന വില ഇപ്പോഴുള്ളത് 2,455 ഡോളറിൽ. ജൂലൈയിലെ യുഎസ് റീറ്റെയ്ൽ പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ ജൂണിലെ 3 ശതമാനത്തിൽ നിന്ന് 2.9 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും 0.1 ശതമാനത്തിൽ നിന്ന് 0.2 ശതമാനത്തിലേക്ക് ഉയർന്നതാണ് ആശങ്ക. 

Image : iStock/Muralinath
Image : iStock/Muralinath

പണപ്പെരുപ്പം കഴിഞ്ഞമാസങ്ങളിൽ കുറഞ്ഞത് കണക്കിലെടുത്ത് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നൽകിയിരുന്നു. ഇന്നലെ പണപ്പെരുപ്പക്കണക്ക് പുറത്തുവരുംമുമ്പ് പലിശ കുറയ്ക്കാനുള്ള സാധ്യത 50 ശതമാനമുണ്ടെന്നാണ് സർവേകൾ വിലയിരുത്തിയിരുന്നത്. പണപ്പെരുപ്പക്കണക്ക് പുറത്തുവന്നതിന് പിന്നാലെ ഇത് 36 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

പലിശയും സ്വർണവും തമ്മിലെന്ത്?
 

യുഎസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ അത് സ്വർണത്തിന് നേട്ടമാണ്. കാരണം, പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകർക്ക് കിട്ടുന്ന ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുറയും.

Image : iStock/Kira88
Image : iStock/Kira88

ഇതോടെ നിക്ഷേപകർ ബോണ്ടുകളെ കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും. ഇത് വില വർധന സൃഷ്ടിക്കും. സെപ്റ്റംബറിൽ പലിശ കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതാണ് നിലവിൽ വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്.

English Summary:

Gold prices remain steady on Independence Day in Kerala despite fluctuations in the international market triggered by US inflation data and uncertainty surrounding interest rate cuts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com