പ്രതിസന്ധിക്കാലത്ത് അദാനിയുടെ 'രക്ഷകൻ'! ജിക്യുജിക്ക് അദാനി ഗ്രൂപ്പിൽ 80,000 കോടിയുടെ നിക്ഷേപം
Mail This Article
ഹിൻഡൻബർഗ് ഉൾപ്പെടെ തൊടുത്തുവിട്ട ആരോപണശരങ്ങളേറ്റ് തളർന്നവേളയിൽ അദാനി ഗ്രൂപ്പിന്റെ 'രക്ഷകരായി' രംഗത്തുവന്ന യുഎസ് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ്, വീണ്ടും അദാനിക്കമ്പനികളുടെ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നു. അദാനി ഗ്രൂപ്പ് ഉപകമ്പനിയായ അംബുജ സിമന്റ്സിന്റെ ഒരു ശതമാനം ഓഹരികൾ കൂടി വെള്ളിയാഴ്ച 1,679 കോടി രൂപയുടെ ബ്ലോക്ക് ഡീലിലൂടെ ജിക്യുജി പാർട്ണേഴ്സ് വാങ്ങി. ഇതോടെ, അദാനി ഗ്രൂപ്പിൽ ജിക്യുജിയുടെ മൊത്തം നിക്ഷേപമൂല്യം 80,000 കോടി രൂപയും കവിഞ്ഞു.
കഴിഞ്ഞവർഷം ആദ്യമാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ യുഎസ് ഷോർട്ട് സെല്ലർമാരായ ഹിൻഡൻബർഗ് ഉയർത്തിയത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വിൽപന സമ്മർദ്ദം ശക്തമാവുകയും 12.5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വൻ നിക്ഷേപവുമായി, ഇന്ത്യൻ വംശജനായ രാജീവ് ജെയ്ൻ നയിക്കുന്ന ജിക്യുജി പാർട്ണേഴ്സ് എത്തിയത്.
അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായ ഗൗതം അദാനിയും കുടുംബവും ബ്ലോക്ക് ഡീലിലൂടെ വിറ്റ 4,251 കോടി രൂപയുടെ അംബുജ സിമന്റ്സ് ഓഹരികളാണ് ജിക്യുജി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് തുടങ്ങിയവർ വാങ്ങിയത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ് 500 കോടി രൂപയുടെയും നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് 525 കോടി രൂപയുടെയും ഓഹരികൾ സ്വന്തമാക്കി. ഓരോ ഓഹരിക്കും 625 രൂപ വീതമായിരുന്നു ഇടപാട്.
അദാനി ഗ്രൂപ്പ് കമ്പനികളിൽ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വിൽപന. ഗ്രൂപ്പിലെ എല്ലാ കമ്പനികളിലും ഇതുവഴി ഓഹരി പങ്കാളിത്തം 64-68 ശതമാനമാക്കി ക്രമീകരിക്കും. ബ്ലോക്ക് ഡീലിന് പിന്നാലെ അംബുജ സിമന്റ്സിൽ അദാനി കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 67.3 ശതമാനമായിട്ടുണ്ട്. ഓഹരി പങ്കാളിത്തം കുറവുള്ള ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൊണ്ടുമാകും പുനഃക്രമീകരണം.
ജിക്യുജിയും അദാനിയും
പുതിയ നിക്ഷേപത്തോടെ അംബുജ സിമന്റ്സിൽ ജിക്യുജി പാർട്ണേഴ്സിന്റെ ഓഹരി പങ്കാളിത്തം 2.4 ശതമാനമായി ഉയർന്നു. അദാനി ഗ്രൂപ്പിൽ നിന്നുള്ള 10 ലിസ്റ്റഡ് കമ്പനികളിൽ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർട്സ്, അദാനി പവർ എന്നിവയിൽ ജിക്യുജിക്ക് നിക്ഷേപമുണ്ട്.
മൊത്തം നിക്ഷേപമൂല്യമായ 80,000 കോടി രൂപയിൽ പാതിയോളവും അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവയിലാണ്. ഇരു കമ്പനികളിലും 7 ശതമാനത്തിന് മുകളിലാണ് ജിക്യുജിയുടെ ഓഹരി പങ്കാളിത്തം. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ 60,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.
ഹിൻഡൻബർഗ് ആരോപണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 7 ലക്ഷം കോടി രൂപയ്ക്ക് താഴേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട്, കടങ്ങൾ നേരത്തേ വീട്ടിയും പുത്തൻ പദ്ധതികളിലേക്ക് ചുവടുവച്ചും അദാനി ഗ്രൂപ്പ് നിക്ഷേപക, ഉപയോക്തൃ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചു. ഇതിനിടെയാണ്, കൂടുതൽ കരുത്തുപകർന്ന് ജിക്യുജി പാർട്ണേഴ്സ് എത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ വിപണിമൂല്യം 19.4 ലക്ഷം കോടി രൂപയിലേക്ക് എത്തിയിരുന്നു. നിലവിൽ മൂല്യം 17.1 ലക്ഷം കോടി രൂപ.