ADVERTISEMENT

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും 'ഓഹരി തിരിച്ചുവാങ്ങൽ' (share buyback) തരംഗം. ഈ മാസം ഇതിനകം 11 കമ്പനികൾ സംയോജിതമായി 5,388 കോടി രൂപയുടെ ഓഹരികൾ നിക്ഷേപകരിൽ നിന്ന് തിരികെവാങ്ങിയെന്ന് പ്രൈം ഡേറ്റാബേസിന്റെ കണക്കുകൾ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തേക്കായി (2024-25) ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശമാണ് ഓഹരി ബൈബാക്ക് വീണ്ടും സജീവമാകാൻ വഴിവച്ചതെന്നാണ് വിലയിരുത്തൽ.

നിലവിൽ ഓഹരി ബൈബാക്ക് നടത്തുമ്പോൾ കമ്പനികൾ അടയ്ക്കേണ്ട നികുതി 20 ശതമാനത്തിലധികമാണ്. ഈ വർഷം ഒക്ടോബർ ഒന്നുമുതലാകട്ടെ കമ്പനികൾ നികുതിബാധ്യതയിൽ നിന്ന് മുക്തരാകും. പകരം, ഷെയർ ബൈബാക്കിൽ ഓഹരി വിൽക്കുന്ന നിക്ഷേപകരിൽ നിന്നാണ് നികുതി ഈടാക്കുക. നിലവിൽ ബൈബാക്കിൽ ഓഹരി മടക്കിക്കൊടുക്കുന്ന നിക്ഷേപകർ നികുതി നൽകേണ്ടതില്ല. 

എന്നാൽ, ഒക്ടോബർ ഒന്നുമുതൽ ഇതുമാറും. ബൈബാക്ക് വഴി കിട്ടുന്ന മുഴുവൻ പണവും ലാഭവിഹിതമായി പരിഗണിച്ചായിരിക്കും ഇനി, ആദായ നികുതി സ്ലാബ് പ്രകാരം നികുതി ഈടാക്കുന്നത്. ഫലത്തിൽ, ഒക്ടോബർ മുതൽ ബൈബാക്കിൽ നിന്ന് നിക്ഷേപകർ അകന്നുനിന്നേക്കാമെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ ബൈബാക്കിനെ സജീവമാക്കുന്നത്.

ഈ മാസത്തെ സമാഹരണം കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്നതാണ്. ഒക്ടോബറിന് മുമ്പ് കൂടുതൽ കമ്പനികൾ കൂടി ബൈബാക്ക് നടത്തിയേക്കുമെന്നാണ് സൂചനകൾ. ഇൻഡസ് ടവേഴ്സ്, ഓറോബിന്ദോ ഫാർമ, വെൽസ്പൺ ലിവിങ്, ടിടികെ പ്രസ്റ്റീജ്, നവ്നീത് പബ്ലിക്കേഷൻ എന്നിവയാണ് ഈ മാസം ഇതിനകം ബൈബാക്ക് നടത്തിയ പ്രമുഖ കമ്പനികൾ. 

stock-market-down

ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആർതി ഡ്രഗ്സ്, ന്യൂക്ലിയസ് സോഫ്റ്റ്‍വെയർ എക്സ്പോർട്സ്, കെഡിഡിസി, ടെക്നോക്രാഫ്റ്റ് ഇൻഡസ്ട്രീസ്, മായുർ യുണീക്വോട്ടേഴ്സ് എന്നിങ്ങനെ പത്തോളം കമ്പനികൾ കൂടി വൈകാതെ ബൈബാക്ക് പ്രഖ്യാപിച്ചേക്കും. ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് എന്നിവയും ബൈബാക്ക് പരിഗണിച്ചേക്കാം. 

2023 ജൂണിൽ വിപ്രോ 12,000 കോടി രൂപയുടെ ബൈബാക്ക് നടത്തിയിരുന്നു. ആ വർഷം സെപ്റ്റംബറിൽ വിപ്രോയും എൽ ആൻഡ് ടിയും 10,000 കോടി രൂപയുടെയും ടിസിഎസ് കഴിഞ്ഞ രണ്ടുവർഷങ്ങളിലായി യഥാക്രമം 17,000 കോടി രൂപയുടെയും 18,000 കോടി രൂപയുടെയും ബൈബാക്കുകളും നടത്തിയിരുന്നു. 

English Summary:

Share Buyback Wave Returns to the Stock Market; Triggered by Tax Proposal in Union Budget. Currently, companies face a tax liability exceeding 20% on share buybacks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com