യുഎസ് പലിശയ്ക്കു പിന്നാലെ ഇന്ത്യയിലും കുറയാം

Mail This Article
കൊച്ചി∙ പണപ്പെരുപ്പം വരുതിയിലായതോടെ അമേരിക്കൻ ഫെഡറൽ റിസർവ് പ്രഖ്യാപിച്ച ‘പലിശ കുറയ്ക്കൽ’ ഇന്ത്യയിലും റിസർവ് ബാങ്കിനെ പലിശ കുറയ്ക്കുന്നതിലേക്കു നയിക്കാം. അടുത്ത പണനയ സമിതി യോഗത്തിനു ശേഷം ഒക്ടോബർ 9ന് തീരുമാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ അര ശതമാനം കുറവാണു പ്രതീക്ഷിക്കപ്പെടുന്നത്.
പലിശ നിരക്ക് കുറയാൻ തുടങ്ങുന്നതോടെ യുഎസിലും ഇന്ത്യയിലും വൻ മൂലധനം വേണ്ട സംരംഭങ്ങളും തൊഴിലവസരങ്ങളും കൂടുതലായി വരും. ഭവനവായ്പയും വാഹന വായ്പയും ക്രെഡിറ്റ് കാർഡ് വായ്പകളുമെല്ലാം എടുത്തിട്ടുള്ളവർക്ക് ആശ്വാസമാണ് കുറയുന്ന നിരക്ക്.
ഇന്ത്യയിൽ ഇക്കൊല്ലം മഴ ധാരാളമായി ലഭിച്ചത് വിളവു വർധനയിലേക്കും ഗ്രാമങ്ങളിലെ അഭിവൃദ്ധിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. നിലവിൽ പണപ്പെരുപ്പ നിരക്ക് 3.65% മാത്രം. 4 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. സാമ്പത്തിക വർഷം അവസാനം ആകുമ്പോഴേക്കും 4.4% വരെ എത്താമെങ്കിലും ഇനിയും നീട്ടാതെ ആർബിഐ പലിശ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് അനുമാനം.
അമേരിക്കയിൽ ഇനി ഡിസംബറിലും ഇതുപോലെ അര ശതമാനം നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കുന്നു. അടുത്ത വർഷം ഒരു ശതമാനം കൂടി. 2026 ആകുമ്പോഴേക്കും പലിശ നിരക്ക് 2.75%–3% ആയേക്കും. അവിടെയും പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. 2.7% മാത്രം. പക്ഷേ, 2% ആക്കുകയാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ലക്ഷ്യം.